ന്യൂഡൽഹി: ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിക്കിടെ പാക് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്താമെന്ന നിലപാടിൽ നിന്ന് ഇന്ത്യ പിന്മാറി. തുടർച്ചയായി നടക്കുന്ന ഭീകരാക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യ നിലപാട് മാറ്റിയത്. ഇന്ന് കാശ്മീരിലെ ഷോപ്പിയാനിൽ മൂന്ന് പൊലീസുകാരെ ഭീകരർ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയിരുന്നു. ഈ സംഭവത്തോടെയാണ് ചർച്ചയിൽ നിന്നും പിന്മാറാൻ ഇന്ത്യ തീരുമാനിച്ചത്.

ഭീകരതയും ചർച്ചയും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ചർച്ചകൾ നടക്കണമെങ്കിൽ അതിന് വേണ്ടത് സമാധാന അന്തരീക്ഷമാണ്. പാക്കിസ്ഥാൻ ഭീകരത അവസാനിപ്പിക്കാൻ തയ്യാറാകാതെ ഇരു രാജ്യങ്ങളും തമ്മിൽ സുഗമമായ ബന്ധം സാദ്ധ്യമല്ലെന്നും മന്ത്രാലയം പറഞ്ഞു. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര അതിർത്തിയിൽ ജവാനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വികൃതമാക്കിയിരുന്നു. ഈ സംഭവങ്ങളിലൂടെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ യഥാർത്ഥ മുഖം വെളിവായതായി ഇന്ത്യ വ്യക്തമാക്കി.

ഇന്ത്യ- പാക് ഉഭയകക്ഷി ചർച്ചകൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇമ്രാൻ ഖാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇരു രാഷ്ട്രങ്ങൾക്കും അനുയോജ്യമായ തീയതിയിൽ യുണൈറ്റഡ് നേഷൻസ് ജനറൽ അസംബ്ലി സമ്മേളനത്തിനിടെ വിദേശകാര്യ മന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചത്.