ന്യൂഡൽഹി:ഭീകരവാദവും മൗലികവാദവും നേരിടാൻ ഇന്ത്യയും കാനഡയും ഒന്നിച്ച് പ്രവർത്തിക്കേണ്ടത് സുപ്രധാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യസുരക്ഷയ്ക്കും പരമാധികാരത്തിനും ഭീഷണിയാവുന്നവരെ സഹിഷ്ണുതയോടെ കാണാനാവില്ല. മതത്തെ രാഷ്ട്രീയലക്ഷ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നവരെ ഒരു കാരണവശാലും വച്ചുപൊറുപ്പിക്കാനാവില്ലെന്നും മോദി പറഞ്ഞു.

രാഷ്ട്രീയ താൽപര്യങ്ങൾക്കു വേണ്ടി മതത്തെ ദുരപയോഗം ചെയ്യുന്നവർക്ക് ഇവിടെ സ്ഥാനമില്ലെന്നും മോദി വ്യക്തമാക്കി. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി കൂടിക്കാഴ്ച നടത്തിയശേഷം സംയുക്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യവസായരംഗത്തെ സഹകരണത്തിന് ഇന്ത്യ വിശ്വസിക്കാനാകുന്ന സുഹൃത്തും പങ്കാളിയുമാണെന്നു ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. ഇന്ത്യയും കാനഡയും തമ്മിൽ ആറു കരാറുകൾ ഒപ്പുവച്ചു. ഉന്നത വിദ്യാഭ്യാസം, ആണവോർജം, ഊർജം, കായിക മേഖലകളിലെ സഹകരണം എന്നിവ ഉറപ്പുനൽകിയാണു കരാറുകളിൽ ഒപ്പിട്ടിരിക്കുന്നത്.

വളരെക്കാലങ്ങളായി ട്രൂഡോയുടെ വരവിനായി ഇന്ത്യ കാത്തിരിക്കുകയാണെന്നും കുടുംബവുമൊത്ത് അദ്ദേഹം ഇന്ത്യയിലെത്തിയതിൽ സന്തോഷമുണ്ടെന്നും നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.ഇന്ത്യയും കാനഡയും സഹകരിച്ച് പ്രവർത്തിക്കുന്ന വിവിധ മേഖലകളെക്കുറിച്ചും മോദി സംസാരിച്ചു. ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾ ഉന്നതവിദ്യാഭ്യാസ്ത്തിനായി തെരഞ്ഞെടുക്കുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് കാനഡ. ഒരുലക്ഷത്തിഇരുപതിനായിരത്തോളം ഇന്ത്യൻ വിദ്യാർത്ഥികളാണ് അവിടെയുള്ളത്. ഊർജരംഗത്ത് അതിശക്തമാണ് കാനഡ. ഇന്ത്യയുടെ വർധിച്ചുവരുന്ന ഊർജാവശ്യങ്ങൾ പരിഹരിക്കാൻ കാനഡയുമായുള്ള സഖ്യം കൊണ്ട് കഴിയുമെന്നും മോദി പ്രത്യാശ പ്രകടിപ്പിച്ചു.

നേരത്തെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജും ജസ്റ്റിൻ ട്രൂഡോയുമായി കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. ഇരുരാജ്യങ്ങൾക്കുമിടയിലെ പൊതുതാല്പര്യങ്ങളെക്കുറിച്ച് ഇരുവരും ചർച്ച നടത്തി. രാഷ്ട്രപതി ഭവനിൽ ജസ്റ്റിൻ ട്രൂഡോയ്ക്കും കുടുംബത്തിനുമായി വിരുന്നുസൽക്കാരവും ഒരുക്കിയിരുന്നു.