ഭുവനേശ്വർ: ഒടുവിൽ 17 വർഷത്തെ കാത്തിരിപ്പിന് വിരാമം. ചരിത്രത്തിൽ ആദ്യമായി സ്വന്തം മണ്ണിൽ ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് കിരീടം ഇന്ത്യ ഉറപ്പിച്ചു. ഇന്നലെ ഏഴുസ്വർണത്തിൽ നിന്ന മെഡൽക്കൊയ്ത്ത് ഇന്ന് പന്ത്രണ്ടാക്കി ഉയർത്തിയതോടെയാണ് ഇന്ത്യ ചൈനീസ് ആധിപത്യം തകർത്ത് കിരീടം നേടുന്നത്.

മുഹമ്മദ് അനസ്, അമോജ് ജേക്കബ്, കുഞ്ഞുമുഹമ്മദ്, ആരോക്യ രാജീവ് എന്നിവരുൾപ്പെട്ട 4x400 മീ റിലേ ടീമും വനിതകളുടെ റിലേ ടീമും ഇന്ത്യക്ക് വേണ്ടി സ്വർണം നേടി. മലയാളി താരം ജിസ്‌ന മാത്യുവിന്റെ മികച്ച പ്രകടനമാണ് ഇന്ത്യക്ക് വനിതാ റിലേ സ്വർണം സമ്മാനിച്ചത്. 10,000 മീറ്ററിൽ സ്വർണം നേടി ഇന്ത്യയുടെ ജി. ലക്ഷ്മണൻ മീറ്റിൽ ഡബിൾ തികച്ചിരുന്നു.

ഈ വിഭാഗത്തിൽ വയനാട്ടുകാരൻ ടി. ഗോപി വെള്ളി നേടി. ഇതോടെ ചാംപ്യൻഷിപ്പ് ഇന്ത്യ ഉറപ്പിച്ചു. പിന്നീട് റിലേയിൽ കരുത്തുറ്റപ്രകടനമാണ് ഇന്ത്യൻ ടീമുകൾ കാഴ്ചവച്ചത്. അവസാന ലാപ്പിൽ ജിസനയുടെ കുതിപ്പിൽ ഇന്ത്യ സ്വർണം നേടിയതോടെ ഇന്ത്യ സുവർണനേട്ടം കൂട്ടി.

അതേസമയം, വനിതകളുടെ എണ്ണൂറു മീറ്ററിൽ ഉറച്ച സ്വർണ മെഡൽ പ്രതീക്ഷയുമായി നിലകൊണ്ട മലയാളി താരം ടിന്റു ലൂക്കയ്ക്ക് മെഡൽ നഷ്ടമായി. മത്സരം പൂർത്തിയാക്കാൻ കഴിയാതെ ടിന്റു പിന്മാറിയതോടെ ഈ ഇനത്തിൽ ഇന്ത്യയുടെ തന്നെ അർച്ചന ആദവ് ആണ് സ്വർണം നേടിയത്. 500 മീറ്റർ കഴിഞ്ഞപ്പോഴാണു ടിന്റു പിന്മാറിയത്.

ചാമ്പ്യൻഷിപ്പ് ഇന്ന് അവസാനിക്കുഎം. ചൈനയുടെ ആധിപത്യം തകർക്കാനായത് ഇന്ത്യക്ക് നേട്ടമായി. എട്ടുസ്വർണവും ഏഴുവെള്ളിയും നാലു വെങ്കലവും നേടിയ ചൈന രണ്ടാം സ്ഥാനത്ത് ഇന്ത്യയേക്കാൾ ഏറെ പിന്നിലാണ്.

പുരുഷവിഭാഗം 800 മീറ്ററിൽ മലയാളി താരം ജിൻസൺ ജോൺസൻ വെങ്കലം നേടി. ഒരു മിനിട്ട് 50.07 സെക്കൻഡിൽ ഓടിയെത്തിയാണ് ജിൻസൺ വെങ്കലം സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം 5,000ൽ സ്വർണം നേടിയ ജി. ലക്ഷ്മൺ 10,000ലും സ്വർണം നേടി. ഹെപ്റ്റാത്തലണിലും ഇന്ത്യ സ്വർണവും വെങ്കലവും നേടി. സ്വപ്‌ന ബർമൻ, പൂർണിമ ഹെമ്പ്രാം എന്നിവരാണ് മെഡൽ ജേതാക്കൾ.

ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 29 ആയി. 12 സ്വർണവും അഞ്ചു വെള്ളിയും 12 വെങ്കലവും ഉൾപ്പെടെ നേടിയാണ് ഇന്ത്യ മുന്നിലെത്തിയത്. ചാമ്പ്യൻഷിപ്പിന്റെ മൂന്നാംദിനം വരെ ഏഴുസ്വർണം നേടിയ ഇന്ത്യ ഇന്നും സ്വർണക്കുതിപ്പ് തുടർന്നു. കഴിഞ്ഞ ദിവസം വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ സുധാ സിങ്ങാണ് സ്വർണം നേടിയത്. മീറ്റിന്റെ മൂന്നാം ദിനമായ ഇന്നലെ ഇന്ത്യയുടെ ആദ്യ സ്വർണ്ണമാണ് സുധ ചേസ് ചെയ്തത്. രണ്ടാം ദിനത്തിൽ 400 മീറ്ററിൽ മുഹമ്മദ് അനസും, 1500 മീറ്ററിൽ നിർമ്മലയും, 1500 മീറ്ററിൽ പിയു ചിത്ര, അജയ് കുമാർ എന്നിവർ ഇന്ത്യയ്ക്കായി സ്വർണം നേടിയിരുന്നു.

22-ാം ചാമ്പ്യൻഷിപ്പിന്റെ ആദ്യ ദിനം വനിതകളുടെ ഷോട്ട്പുട്ടിൽ മൻപ്രീത് കൗറാണ് ഇന്ത്യയ്ക്കായി ആദ്യ സ്വർണം എറിഞ്ഞിട്ടത്. കഴിഞ്ഞ 17 തവണയും മെഡൽ പട്ടികയിൽ ഒന്നാമതെത്തിയ ചൈനയെ അട്ടിമറിച്ചതിലൂടെ വൻ ആവേശത്തിലാണ് ഇന്ത്യൻ ക്യാമ്പ്. ആദ്യ നാലു തവണ ജപ്പാനായിരുന്നു ജേതാക്കൾ. ആറു തവണ രണ്ടാമതെത്തിയത് ഒഴികെ ഇന്ത്യ ഇതുവരെ വൻകരയിലെ രാജാക്കന്മാരായിട്ടില്ല. ഇന്നാകെ മീറ്റിൽ 12 ഫൈനലുകളാണ് നടക്കുന്നത്.