ദക്ഷിണ ചൈനാ കടലിന്റെ മറുഭാഗത്ത് വിന്യസിച്ചിരിക്കുന്ന അമേരിക്കൻ സേനകളുമായി ഇന്ത്യൻ യുദ്ധക്കപ്പൽ നിരന്തരം ബന്ധം പുലർത്തുന്നു; കിഴക്കൻ ലഡാക്കിലെ ശത്രുത കണക്കിലെടുത്ത് ചൈനയ്ക്ക് കർശന സന്ദേശം നൽകി നാവിക സേന; ചൈനക്കാർ ഇന്ത്യൻ മഹാസമുദ്ര മേഖലയിലേക്ക് പ്രവേശിച്ച് മറ്റ് ഭൂഖണ്ഡങ്ങളിലേക്ക് പോകുന്ന മലാക്ക കടലിടുക്കിലും നേവിയുടെ കരുതൽ; എല്ലാം അമേരിക്കയെ സഹായിക്കാനെന്ന തിരിച്ചറിവിൽ ചൈനയും; കരയിലും കടലിലും വ്യോമ തലത്തിലും കരുതലുമായി ഇന്ത്യ
- Share
- Tweet
- Telegram
- LinkedIniiiii
ന്യൂഡൽഹി: ചൈനയ്‌ക്കെതിരെ പടനീക്കവുമായി ഇന്ത്യ. ഏത് സാഹചര്യത്തേയും നേരിടാനുള്ള പ്രതിരോധ നീക്കമാണ് ഇന്ത്യ നടത്തുന്നത്. ഇതിന്റെ ഭാഗമായി ചൈനയ്‌ക്കെതിരെ കരയിലും കടലിലും വ്യോമ തലത്തിലും കരുതലുകൾ ശക്തമാക്കി. അമേരിക്കയും ചൈനയും തമ്മിലെ സംഘർഷ സാധ്യതയ്ക്കിടെയാണ് ഇതും. ഇന്ത്യൻ നാവികസേന തങ്ങളുടെ യുദ്ധക്കപ്പലുകൾ ഇന്ത്യൻ മഹാസമുദ്ര മേഖലയിലുടനീളം വിന്യസിച്ചിട്ടുണ്ട്. ചൈനക്കാർ ഇന്ത്യൻ മഹാസമുദ്ര മേഖലയിലേക്ക് പ്രവേശിച്ച് മറ്റ് ഭൂഖണ്ഡങ്ങളിലേക്ക് പോകുന്ന മലാക്ക കടലിടുക്കിലും നിരീക്ഷണം സജീവമാക്കി.
ഗാൽവാൻ ഏറ്റുമുട്ടൽ കഴിഞ്ഞ് രണ്ടു മാസത്തിന് ശേഷം ഇന്ത്യൻ നാവികസേന ദക്ഷിണ ചൈനാക്കടലിൽ യുദ്ധക്കപ്പൽ വിന്യസിച്ചുവെന്നാണ് റിപ്പോർട്ട്. ഇത് ചൈനയെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ യുദ്ധക്കപ്പലുകളുടെ സാന്നിധ്യത്തിനെതിരെ ചൈന എതിർക്കുന്നു. തെക്കൻ ചൈനാ കടൽ പ്രദേശത്താണ് ഇന്ത്യ യുദ്ധക്കപ്പലിനെ വിന്യിസിച്ചത്. ഇക്കാര്യം സർക്കാർ ഉന്നത വൃത്തങ്ങൾ ദേശീയ മാധ്യമത്തോട് പറഞ്ഞു. ഇന്ത്യയ്ക്ക് പുറമെ അമേരിക്കയുടെ വിമാനവാഹിനി കപ്പലുകളും യുദ്ധക്കപ്പലുകളും പോർവിമാനങ്ങളും ചൈനയ്ക്ക് വെല്ലുവിളിയായി നിലയുറപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ യുദ്ധ സമാനമായ സാഹചര്യമാണ് ഇവിടെയുള്ളത്.
ദക്ഷിണ ചൈനാ കടലിന്റെ മറുഭാഗത്ത് വിന്യസിച്ചിരിക്കുന്ന അമേരിക്കൻ സേനകളുമായി ഇന്ത്യൻ യുദ്ധക്കപ്പൽ നിരന്തരം ബന്ധം പുലർത്തുന്നുണ്ട്. ഇന്ത്യൻ നാവികസേനയുടെ വിന്യാസം അമേരിക്കയെ സഹായിക്കാനാണെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഇന്ത്യയുടെ നീക്കം ചൈനീസ് സർക്കാരിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര ചർച്ചയിൽ തർക്ക പ്രദേശത്ത് യുദ്ധക്കപ്പലിന്റെ സാന്നിധ്യത്തെക്കുറിച്ച് ചൈന പരാതിപ്പെട്ടിരുന്നു.
ചൈനീസ് സർക്കാരിനെ സംബന്ധിച്ചിടത്തോളം ദക്ഷിണ ചൈനാ കടൽ അവരുടേതാണ്, തർക്ക പ്രദേശത്ത് മറ്റേതൊരു രാജ്യത്തിന്റെയും യുദ്ധക്കപ്പലുകളുടെ സാന്നിധ്യം അവർ ഇഷ്ടപ്പെടുന്നില്ല. കിഴക്കൻ ലഡാക്ക് മേഖലയിൽ വർധിച്ചുവരുന്ന ശത്രുത കണക്കിലെടുത്ത് ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ ദക്ഷിണ ചൈനാക്കടൽ മേഖലയിൽ വിന്യസിച്ച് ശക്തമായ സന്ദേശം നൽകുകയാണ് ഇന്ത്യ. അമേരിക്കൻ നാവികസേനയുടെ ഡിസ്‌ട്രോയറുകളും ഫ്രിഗേറ്റുകളും ദക്ഷിണ ചൈനാക്കടൽ പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
ഇന്ത്യൻ യുദ്ധക്കപ്പൽ മറ്റ് രാജ്യങ്ങളിലെ സൈനിക കപ്പലുകളുടെ നീക്കത്തെക്കുറിച്ച് നിരന്തരം അപ്ഡേറ്റ് ചെയ്യുന്നുണ്ട്. ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് സമീപമുള്ള മലാക്ക കടലിടുക്കിലും ചൈനീസ് നാവികസേന ഇന്ത്യൻ മഹാസമുദ്ര മേഖലയിലേക്ക് പ്രവേശിക്കുന്ന വഴിയിലും ചൈനീസ് നാവികസേനയുടെ ഏതെങ്കിലും പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോ എന്ന് ഇന്ത്യൻ നാവികസേന പരിശോധിക്കുന്നുണ്ട്.
ലഡാക്കിൽ വീണ്ടും ഇന്ത്യ ചൈന സംഘർഷം ഉണ്ടായെന്നും റിപ്പോർട്ടുണ്ട്. ശനിയാഴ്ച രാത്രി ചൈന യഥാർത്ഥ നിയന്ത്രണരേഖ ലംഘിക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷത്തിന് തുടക്കമായത്. പാംഗോങ് തടാകതീരത്ത് ചൈനീസ് നീക്കം ഇന്ത്യ തടഞ്ഞെന്ന് കരസേന വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയുടെ അഖണ്ഡത സംരക്ഷിക്കാൻ സേന പ്രതിജ്ഞാബദ്ധം എന്നും കരസേന അറിയിച്ചു. പിന്നീട് സംഘർഷത്തിന് അയവു വന്നു. ഇതിന് കാരണം നാവിക സേനയുടെ നീക്കത്തിലുള്ള ചൈനയുടെ പ്രതിഷേധമാണെന്നാണ് സൂചന.
ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) സൈനികർ കിഴക്കൻ ലഡാക്കിൽ സൈനിക, നയതന്ത്ര ഇടപെടലുകളിൽ ഉണ്ടായ മുൻ സമവായം ലംഘിക്കുകയും സ്ഥിതിഗതികൾ മാറ്റുന്നതിനായി പ്രകോപനപരമായ സൈനിക നീക്കങ്ങൾ നടത്തുകയും ചെയ്തു,'' പ്രസ്താവനയിൽ പറയുന്നു. ''ഇന്ത്യൻ സൈനികർ ഈ പിഎൽഎ പ്രവർത്തനത്തെ തെക്കൻ തീരത്തുള്ള പാങ്കോംഗ് തടാകത്തിൽ തടഞ്ഞു. ഞങ്ങളുടെ നിലപാടുകൾ ശക്തിപ്പെടുത്തുന്നതിനും ചൈനീസ് സൈനിക നീക്കത്തെ തടയുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചു,'' അതിൽ പറയുന്നു. ചർച്ചകളിലൂടെ സമാധാനം കാത്തുസൂക്ഷിക്കാൻ സൈന്യം പ്രതിജ്ഞാബദ്ധമാണെന്നും എന്നാൽ രാജ്യത്തിന്റെ മണ്ണ് സംരക്ഷിക്കാൻ സേന പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
അതിർത്തി പ്രശ്‌നത്തിൽ ചർച്ച നടക്കുന്നതിനിടെ തങ്ങൾ നിർണായകമായി കരുതുന്ന ദക്ഷിണ ചൈന കടലിൽ ഇന്ത്യയുടെ യുദ്ധക്കപ്പൽ കണ്ടതിൽ ചൈന അസംതൃപ്തി അറിയിച്ചെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 2009 മുതൽ കൃത്രിമ ദ്വീപ് നിർമ്മിച്ചും സൈന്യത്തെ വിന്യസിച്ചും ദക്ഷിണ ചൈന കടലിൽ ചൈന അപ്രമാദിത്തത്തിന് ശ്രമിക്കുന്നുണ്ട്. അമേരിക്കൻ നാവിക സേനയും ദക്ഷിണ ചൈന കടയിൽ സാന്നിധ്യമുറപ്പിച്ചിരുന്നു. അമേരിക്കൻ നാവിക സേനയുമായി ഇന്ത്യൻ നാവിക സേന ആശയ വിനിമയം നടത്തിയിരുന്നതായും എഎൻഐ റിപ്പോർട്ടിൽ പറയുന്നു. ചൈനീസ് നാവിക സേന ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് കടക്കുന്നത് നിരീക്ഷിക്കാൻ ഇന്ത്യൻ നേവി ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ മലാക്ക മേഖലയിൽ കപ്പലുകൾ വിന്യസിച്ചിരുന്നു. ഇന്ത്യൻ മഹാസമുദ്ര മേഖലയിലേക്ക് ചൈനീസ് കടന്നുകയറ്റം തടയാൻ അന്തർ സമുദ്ര വാഹിനികളെയും ഇന്ത്യ സജ്ജീകരിച്ചു. ജിബൂട്ടി മേഖലയിൽ ചൈനീസ് കപ്പലുകളുടെ സാമീപ്യവും ഇന്ത്യ വീക്ഷിച്ചിരുന്നു.
ചൈനയുമായി നേരിട്ടുള്ള പോരാട്ടം തന്നെയാണ് അമേരിക്കയുടെ ലക്ഷ്യം. ഇക്വഡോറിന്റെ ഭാഗമായ ഗാലപ്പഗോസ് ദ്വീപിനു സമീപം നൂറുകണക്കിനു ചൈനീസ് കപ്പലുകളുടെ സാന്നിധ്യമുണ്ടെന്ന റിപ്പോർട്ടുകൾ ആശങ്കാജനകമെന്നു യുഎസ് പറയുമ്പോൾ അത് യുദ്ധ സമാനമായ സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തിക്കുമെന്ന ആശങ്കയും ശക്തമാണ്.. ട്രാക്കിങ് സംവിധാനങ്ങൾ പ്രവർത്തനരഹിതമാക്കിയും പേരു മാറ്റിയും സമുദ്രാവശിഷ്ടങ്ങൾ ഉപേക്ഷിച്ചും മുന്നൂറിലേറെ ചൈനീസ് ജലയാനങ്ങളാണ് ദ്വീപിന് അടുത്ത് നിലയുറപ്പിച്ചിട്ടുള്ളതെന്ന് അമേരിക്ക പറയുന്നു. കൃത്യമായ മുന്നറിയിപ്പും ചൈനയ്ക്ക് അമേരിക്ക നൽകിയിട്ടുണ്ട്. അമേരിക്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ആവേശം എത്തുമ്പോഴാണ് ചൈനയിലെ യുഎസ് ഇടപെടൽ. ഇതിന് പിന്തുണ ഇന്ത്യ നൽകുന്നുവെന്ന വിലയിരുത്തലാണ് ചൈനയ്ക്കുള്ളത്.
തർക്ക മേഖലയിൽ ഔട്ട്പോസ്റ്റുകൾ നിർമ്മിക്കാൻ സഹായിച്ച ചൈനീസ് കമ്പനികൾക്കെതിരെ ട്രംപ് ഭരണകൂടം നടപടി സ്വീകരിച്ചിരുന്നു. ചൈന അവരുടേതെന്ന് അവകാശപ്പെടുന്ന സ്പ്രാറ്റി ദ്വീപിനു മുകളിലൂടെ ചൈനീസ് യുദ്ധവിമാനങ്ങൾ വട്ടമിട്ടു പറന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പീപ്പിൾസ് ലിബറേഷൻ ആർമി പാരസെൽ ദ്വീപിൽ സൈനിക പരിശീലനം നടത്തുന്നുവെന്നും ഈ പരിശീലനം മേഖലയിലെ മറ്റു രാജ്യങ്ങൾക്ക് ഭീഷണിയാണെന്നും ആരോപിച്ചാണ് മേഖലയിൽ യുഎസ് സൈനിക നീക്കം ശക്തമാക്കിയത്. അമേരിക്കയുടെ പടക്കപ്പലുകൾ വെല്ലുവിളിയുമായി എത്തിയതോടെയാണു ശക്തമായ മുന്നറിയിപ്പുമായി ചൈന രംഗത്തെത്തിയത്. ദക്ഷിണ ചൈന കടലിന്റെ ഭൂരിഭാഗവും തങ്ങളുടെ അധീനതയിലാണെന്നും ഇവിടത്തെ ദ്വീപുകൾ തങ്ങളുടേതാണെന്നുമുള്ള ചൈനയുടെ അവകാശവാദത്തെ ബ്രൂണെയ്, മലേഷ്യ, ഫിലിപ്പീൻസ്, തയ്വാൻ, വിയറ്റ്‌നാം എന്നീ രാജ്യങ്ങൾ എതിർക്കുന്നതാണ് ഇവിടെ സംഘർഷം മുറുകാൻ കാരണം. വൻതോതിൽ എണ്ണ, വാതക നിക്ഷേപമുള്ളതാണ് ഈ മേഖല. വിലപിടിച്ച വ്യാപാരപാത കൂടിയാണ് ഇവിടം
ചൈന മേഖലയിൽ യുഎസ് നടത്തുന്ന ഇടപെടലുകളിൽ അസ്വസ്ഥരാണ്. ദക്ഷിണ ചൈന കടൽ ചൈനയുടെ സമുദ്ര സാമ്രാജ്യമല്ലെന്നും രാജ്യാന്തര നിയമം ലംഘിക്കുകയാണെന്നുമുള്ള യുഎസ് മുന്നറിയിപ്പ് അവഗണിച്ചാണ് മേഖലയിൽ ചൈന ചുവടുറപ്പിക്കുന്നത്. ദക്ഷിണ ചൈന കടലിലെ സമുദ്രാതിർത്തികളിൽ മിക്കതിലും ചൈനീസ് അവകാശവാദത്തെ നിരസിക്കുന്ന നിലപാടാണ് യുഎസ് ഇതുവരെ സ്വീകരിച്ചിരുന്നത്.
ദക്ഷിണ ചൈനാ കടലിൽ ചൈന സ്ഥാപിച്ച കൃത്രിമ ദ്വീപുകൾ പിടിച്ചെടുക്കുമെന്ന് നേരത്തേ അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യാന്തര പാതകൾ കടന്നു പോകുന്ന ഇടമായതിനാലും ധാരാളം മത്സ്യസമ്പത്തുള്ളതിനാലുമാണ് ചൈന ഈ പ്രദേശം നോട്ടമിടുന്നതെന്നും മറ്റു രാജ്യങ്ങളുടെ മത്സ്യബന്ധനം അടക്കമുള്ള പ്രവർത്തനങ്ങളെ ബാധിക്കുന്ന ചൈനയുടെ ഇത്തരം പ്രവൃത്തികൾ അംഗീകരിക്കാൻ സാധിക്കില്ലെന്നും യുഎസ് മുൻപു വ്യക്തമാക്കിയിരുന്നു. ദക്ഷിണ ചൈനാ കടലിനെ തങ്ങളുടെ സമുദ്രസാമ്രാജ്യമാക്കാൻ ചൈനയെ അനുവദിക്കില്ലെന്നും യുഎസ് പറയുന്നു.
ദക്ഷിണ ചൈനാ കടലിൽ ചൈനീസ് അവകാശവാദം ഒരു തരത്തിലും അംഗീകരിക്കില്ലെന്ന നിലപാടിലാണ് അമേരിക്ക. കഴിഞ്ഞ മാസം ആദ്യമായി ചൈനയുടെ അവകാശവാദം തള്ളിയ ട്രംപ് ഭരണകൂടം മേഖലയിലേക്ക് വിമാനവാഹിനി കപ്പലുകൾ അയയ്ക്കുകയും ചെയ്തിരുന്നു.
മറുനാടന് ഡെസ്ക്