- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സൈനികതല ചർച്ച തുടരാനും സംഘർഷം ഒഴിവാക്കാനും അകലം പാലിക്കാനും ധാരണ; സേന പിന്മാറ്റം വേഗത്തിൽ വേണമെന്ന് വിദേശകാര്യ മന്ത്രിമാരുടെ ചർച്ചയിൽ തീരുമാനം; സ്ഥിതി സങ്കീർണ്ണമാക്കുന്ന നടപടി പരസ്പരം ഒഴിവാക്കും; സേനകൾ തമ്മിൽ ചർച്ച തുടരും; പോരാത്തതിന് പ്രത്യേക പ്രതിനിധി ചർച്ചയും; ജയശങ്കറും വാങ് യിയുമായുള്ള കൂടിക്കാഴ്ചയിൽ നിറയുന്നത് ഒത്തുതീർപ്പിന്റെ ഭാഷ; ഇന്ത്യാ-ചൈന അതിർത്തി സംഘർഷത്തിൽ പുതു പ്രതീക്ഷയായി മോസ്‌കോ ചർച്ച
മോസ്‌കോ : ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും അതിർത്തി സംഘർഷത്തിന് അയവില്ല. അതിർത്തിയിൽ അതിസങ്കീർണ സാഹചര്യം നിലനിൽക്കുന്നതിനിടയിലാണു ഇന്ത്യ ചൈന കൂടിക്കാഴ്ച. മോസ്‌കോയിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയതാണ് ഇരുവരും. നേരത്തെ റഷ്യൻ വിദേശകാര്യ മന്ത്രിയുമായും ജയ്ശങ്കർ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി സംഘർഷങ്ങളിലും ഉഭയകക്ഷി ബന്ധങ്ങളിലും ഗുണപരമായ മാറ്റങ്ങൾക്ക് വേണ്ട നടപടി സ്വീകരിക്കുമെന്ന് ഇന്ത്യാ-ചൈന വിദേശകാര്യമന്ത്രിമാർ ധാരണയായി എന്നാണഅ സൂചന. ഇരു നേതാക്കളും ഇന്ത്യാ-ചൈന അതിർത്തി സംഘർഷത്തെ കുറിച്ചും ഉഭയകക്ഷി ബന്ധങ്ങളെ കുറിച്ചും തുറന്ന് സംസാരിച്ചുവെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം പുറത്തുവിട്ട സംയുക്ത പ്രസ്താവനയിൽ പറയുന്നു. അഭിപ്രായവ്യത്യാസങ്ങൾ തർക്കങ്ങളായി മാറ്റാതെ പരിഹാരം കാണാൻ ഇരു രാജ്യങ്ങളിലെയും നേതാക്കളുടെ അഭിപ്രായമാരായും. സംഘർഷം ഇരു രാജ്യങ്ങളുടെയും വിശാല തൽപര്യങ്ങൾക്ക് എതിരാണ്. നിലവിലുള്ള എല്ലാ കീഴ്‌വഴക്കങ്ങളും പ്രോട്ടോകോളുകളും ഒപ്പുവച്ച കരാറുകളും ഇരു രാജ്യങ്ങളും അനുസരിക്കും-പ്രസ്താവനയിൽ പറയുന്നു. ഒരിക്കൽ സംഘർഷം അയഞ്ഞാൽ പരസ്പര സഹകരണത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാനും ധാരണയായിട്ടുണ്ട്.
സൈനികതല ചർച്ച തുടരും, സംഘർഷം ഒഴിവാക്കും, അകലം പാലിക്കും തുടങ്ങിയവയാണ് ധാരണകളെന്ന് ചൈനീസ് വിദശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. സമാധാനം ഉറപ്പാക്കുാനുള്ള ശ്രമങ്ങൾ സജീവമാക്കുമെന്നും അറിയിക്കുന്നു. അതിർത്തിയിൽ ചൈനയുടെ ഭാഗത്തു നിന്നുണ്ടായ പ്രകോപനങ്ങളിൽ കടുത്ത ആശങ്കയറിയിച്ച് ഇന്ത്യ. ഇന്ത്യൻ സൈന്യം നിയന്ത്രണ രേഖ മറികടന്നുവെന്ന വാദം തെറ്റാണെന്നും വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയോട് പറഞ്ഞു. സേനാ പിന്മാറ്റത്തിനുള്ള ധാരണകൾ ലംഘിക്കരുതെന്നും ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടു. ജയ്ശങ്കർ, വാങ് യി കൂടിക്കാഴ്‌ച്ച രണ്ടു മണിക്കൂറിലധികം നീണ്ടു. അതിനിടെ ഇരു രാജ്യങ്ങളുടെയും കോർ കമാൻഡർമാർ ഉടൻ ചർച്ച നടത്താൻ ധാരണയായി. ചൈനയുടെ ഭാഗത്തു നിന്നും പുതിയ പ്രകോപനങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു.
സേന പിന്മാറ്റം വേഗത്തിൽ വേണമെന്ന് വിദേശകാര്യ മന്ത്രിമാരുടെ ചർച്ചയിൽ ധാരണയായിട്ടുണ്ട്. സ്ഥിതി സങ്കീർണ്ണമാക്കുന്ന നടപടി പരസ്പരം ഒഴിവാക്കുകയും ഒപ്പം സേനകൾ തമ്മിൽ ചർച്ച തുടരാനും ധാരണയായി. രണ്ടു സേനകൾക്കുമിടയിൽ ഉചിതമായ അകലം നിലനിർത്തണമെന്നും സംഘർഷത്തിന് അയവ് വരുത്തണമെന്നും ഇരു രാജ്യങ്ങളും സമ്മതിച്ചു. മോസ്‌കോയിൽ ഷാങ്ഹായ് സഹകരണ സംഘടനയുടെ സമ്മേളനത്തിനിടെയാണ് ഇരു വിദേശകാര്യ മന്ത്രിമാരും ഇന്നലെ ചർച്ച നടത്തിയത്. അതിർത്തിയിൽ സംഘർഷം ഉടലെടുത്ത ശേഷം ഇരുവരും മുമ്പ് ഫോണിലൂടെ സംസാരിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ചൈനീസ് പ്രതിരോധ മന്ത്രി ജനറൽ വീ ഫെങ്കെയും മോസ്‌കോയിൽ ചർച്ച നടത്തിയിരുന്നുവെങ്കിലും കാര്യമായ ഫലമുണ്ടായില്ല.
റഷ്യ മുൻ കൈയെടുത്ത് ഇന്ത്യ-റഷ്യ-ചൈന സംയുക്ത യോഗവും നടത്തിയിരുന്നു. നിശ്ചയിച്ചതിലും വൈകിയാണ് ഇന്നലെ ഇന്ത്യ-ചൈന ചർച്ച തുടങ്ങിയത്. തിങ്കളാഴ്‌ച്ച പാങ്കോംഗ് തടാകത്തിന് സമീപമുണ്ടായ പുതിയ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഇന്ത്യ-ചൈന ചർച്ച നടക്കുന്നത്. ചർച്ച നിർണായകമാണെന്ന സൂചന തന്നെയാണ് ചൈനീസ് മാധ്യമങ്ങളും നൽകിയത്. അവസാന അവസരമെന്നാണ് വ്യാഴാഴ്‌ച്ച മോസ്‌കോവിൽ വെച്ച് നടന്ന ചർച്ചയെ ചൈനീസ് സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഗ്ലോബൽ ടൈംസ് വിശേഷിപ്പിച്ചത്. പാക്കിസ്ഥാൻ വിദേശകാര്യമന്ത്രിയെ കണ്ട ശേഷമാണ് ചൈനീസ് വിദേശകാര്യമന്ത്രി ചർച്ചയ്ക്ക് എത്തിയത്. ഇന്ത്യ ചൈന അതിർത്തിയിലെ സംഘർഷസ്ഥിതി മാറ്റമില്ലാതെ തുടരുമ്പോഴാണ് മോസ്‌കോവിൽ നിർണ്ണായക ചർച്ചകൾ നടന്നത്.
അതിനിടെ ലഡാക്കിൽ പാംഗോങ് തടാകത്തിലൂടെ സൈനിക നീക്കം നടത്താനുള്ള ചൈനയുടെ ശ്രമം ഇന്ത്യ തടഞ്ഞു. 2 ബോട്ടുകളിലായി നാൽപതോളം ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി അംഗങ്ങളാണ് തടാകത്തിലൂടെ എത്തിയത്. ഇന്ത്യൻ സൈനികർ ഈ നീക്കം തടയുകയും ബോട്ടുകൾ മടക്കി അയയ്ക്കുകയും ചെയ്തു. ചുഷുൽഖു ഖേർപാരിയിൽ ഉയർന്ന സ്ഥലത്ത് ഇന്ത്യൻ സൈനികർ നിലയുറപ്പിച്ചിരിക്കുന്ന ഭാഗം കയ്യടക്കാനാണ് ചൈനീസ് ശ്രമം. ഇതിനിടെ, ഇന്ത്യ- ചൈന ബ്രിഗേഡ് തലത്തിലുള്ള സൈനിക കമാൻഡർമാർ വ്യാഴാഴ്ചയും ചർച്ച നടത്തി. അടുത്ത ഘട്ടമായി കോർ കമാൻഡർമാരുടെ യോഗം ചേരുമെന്നു കരസേന വ്യക്തമാക്കി. തീയതിയും സമയവും നിശ്ചയിച്ചിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ