ന്യൂഡൽഹി: മോസ്‌കോയിൽ വെച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയും തമ്മിൽ ചർച്ചകൾ നടത്തുന്നതിന് മുമ്പ് ഇന്ത്യ-ചൈന അതിർത്തിയിൽ വെടിവെയ്പുണ്ടായെന്ന് റിപ്പോർട്ട്. അതിർത്തിയിൽ പല തവണ വെടിവയ്‌പ്പ് നടന്നതായാണ് റിപ്പോർട്ടുകൾ.

സേനകൾ 200 റൗണ്ട് വരെ ആകാശത്തേക്ക് വെടിവയ്‌പ്പ് നടത്തിയതായും റിപ്പോർട്ടുകൾ പറയുന്നു. സെപ്റ്റംബർ 10നായിരുന്നു മോസ്‌കോയിൽ വെച്ചുള്ള ചർച്ചകൾ നടന്നത്.

ജൂൺ 15ന് ഗാൽവൻ താഴ് വരയിലാണ് സംഘർഷം ഉണ്ടായത്. അതിന് ശേഷം ചർച്ചകൾ പുരോഗമിക്കുന്നതിനിടെ 29,30 തിയതികളിലായി പാംഗോങ് തടാകത്തിന്റെ കരയിൽ രണ്ട് സ്ഥലങ്ങളിൽ വെടിവയ്‌പ്പുണ്ടായി എന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ഇന്ത്യൻ സൈന്യം ആകാശത്തേക്ക് വെടിയുതിർത്തുവെന്നായിരുന്നു ചൈനീസ് ആരോപണം. പിന്നീട് ചൈനയാണ് വെടിവയ്‌പ്പ് നടത്തുകയും പ്രകോപനം ഉണ്ടാക്കുകയും ചെയ്തതെന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് 200 തവണ വെടിവയ്‌പ്പുണ്ടായതായി റിപ്പോർട്ടുകൾ പുറത്തുവരുന്നത്. പ്രധാനമായും പാംഗോങ് തടാകത്തിന് വടക്ക് ഫിംഗർ മൂന്ന് നാല് മേഖലകളിലാണ് വെടിവെയ്പ്
ഉണ്ടായത്.

ഈ മേഖലകളിലേക്ക് ചൈനീസ് സൈന്യം അതിക്രമിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ ഇവരെ തുരത്തുന്നതിന്റെ ഭാഗമായി ആകാശത്തേക്ക് വെടിവച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചൈനയും പ്രകോപനം സൃഷ്ടിച്ചുകൊണ്ട് ആകാശത്തേക്ക് വെടിയുതിർത്താണ് അതിക്രമിച്ച് കയറാൻ ശ്രമിച്ചത്.