ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളും സൈനിക വിന്യാസവും ഇന്ത്യക്ക് ആശങ്കയുണ്ടാക്കുന്നതാണെന്ന് സേനാമേധാവി സ്റ്റാഫ് ജന. എം.എം. നരവനെ. ചൈനീസ് സൈന്യത്തിന്റെ എല്ലാ നീക്കങ്ങളും ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ചൈന ഇക്കാര്യങ്ങൾ തുടരുകയാണെങ്കിൽ ഇന്ത്യയും അത്തരത്തിൽ നീങ്ങും.

യഥാർഥ നിയന്ത്രണ രേഖയിൽ ഇരുസൈന്യങ്ങളും 17 മാസങ്ങളായി സൈനികവിന്യാസം നടത്തിയിരുന്നു. തുടർച്ചയായ ചർച്ചകൾക്കു ശേഷമാണ് പ്രശ്‌നങ്ങളുള്ളിടങ്ങളിൽനിന്ന് ഇരുവിഭാഗവും പിന്മാറിയത്. രണ്ടാം ശൈത്യകാലത്തും ചൈനീസ് സേന ഇതേ നിലപാടാണ് സ്വീകരിക്കുന്നതെങ്കിൽ ഇന്ത്യയും സമാനമായി പ്രവർത്തിക്കുമെന്നും സൈനിക മേധാവി പറഞ്ഞു.

അതേസമയം സൈനിക പിന്മാറ്റം സംബന്ധിച്ച ഇന്ത്യ-ചൈന ഉന്നതതല ചർച്ചയുടെ 13ാം ഘട്ടം ഞായറാഴ്ച നടക്കും. ഇന്ത്യൻ സംഘത്തെ ലേ ആസ്ഥാനമായുള്ള 14 കോർപ്‌സിന്റെ കമാൻഡർ ലെഫ്. ജനറൽ പി.ജി.കെ. മേനോൻ നയിക്കും. നിയന്ത്രണരേഖയിലെ ചൈനയുടെ ഭാഗമായ മോൾഡോ അതിർത്തി കേന്ദ്രത്തിൽ രാവിലെ 10.30നാണ് ചർച്ച. ഡെപ്‌സാങ്ങിലെയും ദെംചോക്കിലെയും പ്രശ്‌നങ്ങൾ പരിഹരിക്കുക എന്നതിനപ്പുറം നിലവിൽ പ്രശ്‌നങ്ങളുള്ള കേന്ദ്രങ്ങളിൽ നിന്നുള്ള സൈനിക പിന്മാറ്റം എന്ന ആവശ്യമാണ് ഇന്ത്യ ഉന്നയിക്കുക.