ന്യൂഡൽഹി: ഇന്ത്യ - ചൈന ബന്ധം ദോക്ലാം സംഘർഷത്തിന് മുമ്പുള്ള നിലയിലേക്ക് തിരിച്ചെത്തിയതായി കരസേനാ മേധാവി ബിപിൻ റാവത്ത്. എന്നാൽ, ഏത് സാഹചര്യവും നേരിടാൻ നാം ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് ഒബ്സർവർ റിസർച്ച് ഫൗണ്ടേഷൻ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവെ ബിപിൻ റാവത്ത് പറഞ്ഞു. ദോക്ലാമിനടുത്ത് ചൈനീസ് സൈനിക സാന്നിധ്യം ഇപ്പോഴുമുണ്ട്. എന്നാൽ, നേരത്തെ ഉണ്ടായിരുന്നത്ര സൈനികർ ഇപ്പോഴില്ല.

അവർ താത്കാലിക സ്വഭാവമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. സൈനികർ തിരിച്ചുപോയെങ്കിലും അവർ നടത്തിയ നിർമ്മിതികൾ നീക്കം ചെയ്തിട്ടില്ല. ശൈത്യകാലം കഴിഞ്ഞ് അവർ മടങ്ങിയെത്തിയേക്കുമെന്ന് പലരും അനുമാനിക്കുന്നു. എന്നാൽ ഇന്ത്യൻ സൈനികരും അവിടെയുണ്ട്. അവർ വീണ്ടും വന്നാൽ നേരിടാൻ നമുക്ക് കഴിയും.

എന്നാൽ ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലുള്ള ആശയവിനിമയം മികച്ച രീതിയിൽ ഇപ്പോൾ നടക്കുന്നുണ്ട്. അതിർത്തിയിൽ സൈനിക തലവന്മാരുടെ യോഗങ്ങൾ നടക്കുന്നു. കമാൻഡർമാർ തമ്മിൽ ആശയ വിനിമയവും നടക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ബിപിൻ റാവത്ത് നേരത്തെ നടത്തിയ പരാമർശങ്ങൾക്കെതിരെ ചൈന രംഗത്തെത്തിയിരുന്നു. ദോക്ലാം തർക്ക മേഖലയാണെന്നും പാക്കിസ്ഥാൻ അതിർത്തിയിൽനിന്ന് ഇന്ത്യ ചൈന അതിർത്തിയിലേക്ക് ശ്രദ്ധ മാറ്റണമെന്നും അദ്ദേഹം പറഞ്ഞതാണ് ചൈനയെ പ്രകോപിപ്പിച്ചത്.

ഇത്തരം പ്രസ്താവനകൾ അതിർത്തിയിൽ സമാധാനം നിലനിർത്താൻ ഉതകുന്നതല്ലെന്ന് ചൈന അഭിപ്രായപ്പെട്ടിരുന്നു. ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലുണ്ടാക്കിയ ധാരണകൾക്ക് വിരുദ്ധമാണ് ഇത്തരം പ്രസ്താവനകളെന്നും ചൈനീസ് വിദേശ മന്ത്രാലയ വക്താവ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥിതിഗതികൾ സാധാരണ നിലയിലായെങ്കിലും ഇന്ത്യ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കരസേനാ മേധാവി രംഗത്തെത്തിയിട്ടുള്ളത്.