ബെയ്ജിങ്: ഇന്ത്യയുമായുള്ള അതിർത്തിത്തർക്കം വേണ്ട രീതിയിൽ പരിഹരിച്ചില്ലെങ്കിൽ അത് യുദ്ധത്തിലേക്ക് നീങ്ങിയേക്കാമെന്ന് ചൈനീസ് രാഷ്ടീയ നിരീക്ഷകർ. അതിർത്തി തർക്കം രൂക്ഷമായാൽ ചൈന യുദ്ധത്തിന് മടിക്കില്ലെന്നാണ് ചൈനീസ് നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നത്.ചൈനീസ് മാധ്യമമായ 'ഗ്‌ളോബൽ ടൈംസാ'ണ് നിരീക്ഷകരുടെ അഭിപ്രായങ്ങൾ പ്രസിദ്ധീകരിച്ചത്.

എന്നാൽ ഒരു യുദ്ധം ചൈന ആഗ്രഹിക്കുന്നില്ല എന്നതും നിരീക്ഷകരുടെ അഭിപ്രായങ്ങളിൽ വ്യക്തമാണ്.ഇരുരാജ്യങ്ങളും സംഘർഷത്തിനോ യുദ്ധത്തിനോ കോപ്പുകൂട്ടാതെ വികസനകാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് ഷാങ്ഹായ് ഇൻസ്റ്റിറ്റ്യൂട്ടിലെ സെന്റർ ഫോർ ഏഷ്യ-പസഫിക് സ്റ്റഡീസിലെ ഷാവോ ഗ്യാങ്ചെങ് പറയുന്നു.ഇതിനൊരു കാരണമായി അദ്ദേഹം പറയുന്നത് അമേരിക്കയുടെ നിലപാടാണ്. മേഖലയിൽ സ്വാധീനം വർദ്ധിപ്പിക്കാൻ അമേരിക്ക ശ്രമിക്കുന്നത് ചൈനക്ക് ഭീഷണിയാണ്.

ഇന്ത്യയും ചൈനയും തമ്മിൽ ഒരു സംഘർഷമുണ്ടായാൽ അതിൽ നിന്ന് നേട്ടം കൊയ്യാൻ അമേരിക്ക അടക്കമുള്ള മറ്റ് രാജ്യങ്ങൾ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശത്രുതാപരമായ നിലപാട് മാറ്റി ചൈനയുമായി മികച്ച ബന്ധം സൃഷ്ടിക്കുന്നത് രണ്ട് രാജ്യങ്ങൾക്കും നേട്ടമാകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സിക്കിമിലെ ഡോങ്ലോങ് മേഖലയിലെ ഇന്ത്യൻ ബങ്കറുകൾ ചൈന തകർത്തതിനെ തുടർന്ന് സംഘർഷഭരിതമായ സാഹചര്യത്തിൽ ഡോങ്ലാങ് മേഖലയിലേക്ക് ഇന്ത്യകഴ്ിഞ്ഞ ദിവസം കൂടുതൽ സൈനികരെ അയച്ചിരുന്നു. അതിർത്തിയിൽ ഇന്ത്യൻ ഭാഗത്തേക്ക് അതിക്രമിച്ചു കയറിയ ചൈനീസ് പട്ടാളം ഇന്ത്യയുടെ രണ്ടു ബങ്കറുകൾ തകർത്തതാണ് കേന്ദ്ര സർക്കാർ സുരക്ഷാ വിന്യാസം ശക്തമാക്കാൻ കാരണം.

ഇന്ത്യ ഭൂട്ടാൻ ചൈന രാജ്യങ്ങൾ സന്ധിക്കുന്ന ഡോങ്ലോങിൽ 2012ൽ ഇന്ത്യ നിർമ്മിച്ച രണ്ട് ബങ്കറുകൾ നീക്കം ചെയ്യണമെന്ന് ജൂൺ ഒന്നിന് ചൈന ആവശ്യപ്പെട്ടിരുന്നു. ഈ പ്രദേശം ചൈനയുടേതാണെന്നും ഇന്ത്യക്കും ഭൂട്ടാനും ഇതിൽ അവകാശമില്ലെന്നുമാണ് ചൈനയുടെ വാദം.ഇന്ത്യ ചരിത്രം മറക്കരുതെന്ന് മുന്നറിയിപ്പ് നൽകിയ ചൈനീസ് സൈനിക മേധാവിക്ക് '1962ലെ ഇന്ത്യയല്ല 2017ലെ ഇന്ത്യ' എന്ന് ഇന്ത്യൻ പ്രതിരോധമന്ത്രി അരുൺ ജെയ്റ്റ്‌ലി എന്ന് മറുപടി നൽകിയിരുന്നു.