- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തർക്ക മേഖലകളിൽ നിന്നും ചൈനീസ് സൈന്യം പിൻവാങ്ങണമെന്ന് ആവർത്തിച്ച് ഇന്ത്യ; ഒരു മാറ്റത്തിനും തയ്യാറല്ലെന്ന് ചൈന; സൈനികതല ചർച്ചയിൽ ലഡാക്ക് അതിർത്തി തർക്കത്തിന് പരിഹാരമായില്ല; യുദ്ധമുണ്ടായാൽ ഇന്ത്യ തോൽക്കുമെന്ന പ്രകോപനവുമായി ഗ്ലോബൽ ടൈംസ്
ന്യൂഡൽഹി: ലഡാക്ക് അതിർത്തിയിൽ സമാധാനം നിലനിർത്താൻ തർക്ക മേഖലകളിൽ നിന്നും ചൈനീസ് സൈന്യം പിൻവാങ്ങണമെന്ന നിലപാട് ആവർത്തിച്ച് ഇന്ത്യ. കോർ കമാൻഡർ തല ചർച്ചയിലാണ് ചൈനയുടെ സൈനികർ പിന്മാറണമെന്ന ആവശ്യം ഇന്ത്യ ആവർത്തിച്ചത്. എന്നാൽ നിലനിൽക്കുന്ന സ്ഥിതിവിശേഷത്തിൽ നിന്ന് ഒരു മാറ്റത്തിനും തയ്യാറല്ലെന്ന നിലപാടിൽ ചൈനയും ഉറച്ചുനിന്നതോടെ ലഡാക്ക് അതിർത്തിതർക്കത്തിന് തൽക്കാലം പരിഹാരമായില്ല.
അതേ സമയം ചർച്ചകൾ തുടരാൻ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയുമായിട്ടുണ്ട്. ചർച്ചയിൽ ലഫ്. ജനറൽ പിജികെ മേനോൻ ഇന്ത്യൻ സംഘത്തെ നയിച്ചു. അതിർത്തിയിൽ ചൈനീസ് ഭാഗത്തുള്ള മോൾഡോയിൽ വച്ചാണ് ചർച്ച നടന്നത്. ചർച്ച ഒൻപത് മണിക്കൂർ നേരം നീണ്ടു നിന്നു.
അതേ സമയം യുദ്ധം ആരംഭിച്ചാൽ ഇന്ത്യ തോൽക്കുമെന്ന പ്രകോപനപരമായ പരാമർശവുമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി മുഖപത്രം ഗ്ലോബൽ ടൈംസ് രംഗത്തെത്തി. അതിർത്തിവിഷയത്തിൽ സൈനികതല ചർച്ചകൾ പരാജയപ്പെടാൻ കാരണം ചൈനയാണെന്ന ഇന്ത്യയുടെ കുറ്റപ്പെടുത്തലിന് പിന്നാലെ പ്രകോപനവുമായി ഗ്ലോബൽ ടൈംസ് രംഗത്ത് എത്തുകയായിരുന്നു.
പതിമൂന്നാംവട്ട സൈനികതല ചർച്ചകൾ പൂർത്തിയായതിനു പിന്നാലെ ചൈനയെ കുറ്റപ്പെടുത്തി ഇന്ത്യ പ്രസ്താവന ഇറക്കിയിരുന്നു. ഇന്ത്യ മുന്നോട്ടുവെച്ച നിർദേശങ്ങളൊന്നും ചൈന അംഗീകരിക്കാൻ തയ്യാറായിട്ടില്ല, ചർച്ച പരാജയപ്പെടാൻ ചൈനയാണ് കാരണമെന്നായിരുന്നു ഇന്ത്യ ആരോപിച്ചത്.
ഹോട്ട് സ്പ്രിങ്സ് പട്രോൾ പോയിന്റ് 5ലെ (പിപി 15) അതിർത്തിത്തർക്കമാണ് മുഖ്യ ചർച്ചാവിഷയമായതെന്ന് സേനയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. അതിക്രമിച്ച് കയറിയ സ്ഥലത്ത് നിന്നും പൂർണമായും പിന്മാറണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടത്. എന്നാൽ ഇപ്പോഴത്തെ നിലയിൽ നിന്ന് ഒരു മാറ്റത്തിനും തയ്യാറല്ലെന്ന് ചൈന വാശിപിടിച്ചതോടെ പരിഹാരം സാധ്യമല്ലെന്ന് വന്നു. ഈയിടെ ഡുഷാൻബേയിൽ ഇന്ത്യയുടെയും ചൈനയുടെയും വിദേശകാര്യമന്ത്രിമാർ തമ്മിൽ നടന്ന ചർച്ചയിൽ എത്രയും വേഗം തർക്കം പരിഹരിക്കും വരെ തങ്ങൾ അവിടെ നിലയുറപ്പിക്കുമെന്നാണ് ഇന്ത്യൻ സേനയുടെ നിലപാട്.
ഇന്ത്യൻ ഭാഗത്തേയ്ക്ക് അതിക്രമിച്ച് കയറിയ അൻപതോളം ചൈനീസ് സൈനികരാണ് ഹോട്ട് സ്പ്രിങ്സിലുള്ളത്. ഇവരെ നിരീക്ഷിച്ച് ഇന്ത്യൻ സൈന്യവും പ്രദേശത്തുണ്ട്. ചർച്ചയിൽ പ്രശ്ന പരിഹാരത്തിനുള്ള ഒരു നിർദ്ദേശവും ചൈന മുന്നോട്ട് വെച്ചിട്ടില്ലെന്ന് ഇന്ത്യൻ കരസേന വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. എന്നാൽ ഇരുരാജ്യങ്ങൾക്കുമിടയിലെ നല്ല ബന്ധത്തിന് തർക്ക പരിഹാരം അനിവാര്യമാണെന്ന് ഇന്ത്യയും അറിയിച്ചു.
അതിർത്തിയിൽ നിന്നും പിന്മാറണമെന്ന് ഇന്ത്യ ചൈനയ്ക്ക് മേൽ കടുത്ത സമ്മർദ്ദവും ചെലുത്തിയിട്ടുണ്ട്. എന്നാൽ ചൈന വഴങ്ങുന്നില്ല. ചൈനീസ് അതിർത്തിയിൽ ഒരിഞ്ച് പോലും വിട്ടുവീഴ്ച്ച ചെയ്യില്ലെന്ന് നേരത്തെ കരസേന മേധാവി എംഎം നരവാനെ വ്യക്തമാക്കിയിരുന്നു. അതിർത്തിയിൽ ചൈനീസ് സേന എത്ര നാൾ തുടരുന്നുവോ അത്രയും നാൾ ഇന്ത്യയും തുടരുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
ഇതുവരെ രണ്ട് സ്ഥലങ്ങളിൽ നിന്നാണ് സേനാപിന്മാറ്റം ഉണ്ടായിരിക്കുന്നത്. പാഗോംഗ് തടാകത്തിന്റെ വടക്ക്, തെക്ക് ഭാഗത്ത് നിന്നാണ് ഇരു രാജ്യങ്ങളുടെയും സൈനികർ ഇതുവരെ പിൻവാങ്ങിയത്. സാഹചര്യം തെറ്റായി വിലയിരുത്തുന്നതിന് പകരം ഇന്ത്യ അതിർത്തിപ്രശ്ന പരിഹാരത്തെ അംഗീകരിക്കുകയാണ് വേണ്ടതെന്ന് ചൈനയുടെ വെസ്റ്റേൺ കമാന്റ് വക്താവും സീനിയർ കേണലുമായ ലോംഗ് ഷവോഹുവ പറഞ്ഞു. അതിർത്തിപ്രശ്നങ്ങൾ ലഘൂകരിക്കാൻ ചൈന നന്നായി പരിശ്രമിച്ചതായും അദ്ദേഹം പറഞ്ഞു. അതേ സമയം ഇന്ത്യ വസ്തുതകൾക്കും യുക്തിക്കും നിരക്കാത്ത അവകാശവാദങ്ങളുന്നയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യയുടെ ആവശ്യങ്ങളെല്ലാം യുക്തിരഹിതവും യാഥാർഥ്യങ്ങൾക്ക് നിരക്കാത്തതുമാണെന്നാണ് ചർച്ചയ്ക്ക് ശേഷം ചൈന വിശദീകരിച്ചത്. ചർച്ചകളിൽ സമവായമുണ്ടാക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കുന്നവയായിരുന്നു ഇന്ത്യയുടെ ആവശ്യങ്ങളെല്ലാം. അതിർത്തി പ്രശ്നം പരിഹരിക്കാൻ ചൈന അക്ഷീണം പ്രയത്നിക്കുന്നുണ്ടെന്നും ഗ്ലോബൽ ടൈംസ് റിപ്പോർട്ടിൽ അവകാശപ്പെടുന്നു.
അതിർത്തിയിലെ സ്ഥിതിഗതികൾ ഇപ്പോൾ സമാധാനപരമാണ്. ഗാൽവാൻവാലി സംഘർഷത്തിന് ശേഷം രക്തച്ചൊരിച്ചിൽ ഉണ്ടായിട്ടില്ല. നിയന്ത്രണരേഖയിലും അതിർത്തിയിലും സമാധാനം സ്ഥാപിക്കാനും അങ്ങനെ തുടരാനും തന്നെയാണ് ഇരുരാജ്യങ്ങളും ആഗ്രഹിക്കുന്നത്. എന്നാൽ അനുനയ ചർച്ചകൾ മുന്നോട്ടുപോവുന്നില്ല. ഇന്ത്യ യുക്തിയില്ലാത്ത ആവശ്യങ്ങളാണ് മുന്നോട്ടുവെയ്ക്കുന്നതെന്നും മാധ്യമം പറയുന്നു.
ചർച്ചകളിലെ ഇന്ത്യയുടെ സമീപനം അവസരവാദപരമാണെന്നും ചൈന-യുഎസ് ബന്ധത്തിലെ തകർച്ചയെ തന്ത്രപരമായി ഉപയോഗിക്കാനുള്ള അവസരമായി ഇന്ത്യ ഇതിനെ കാണുന്നെന്നുമാണ് മാധ്യമം ആരോപിക്കുന്നത്. ചൈനയ്ക്കെതിരേ അമേരിക്കയുമായി സഖ്യമുണ്ടാക്കുന്നത് തടയുന്നതിനായി അതിർത്തി പ്രശ്നങ്ങളിൽ ചൈന നിലപാട് മയപ്പെടുത്തി തങ്ങളുടെ ആവശ്യങ്ങൾക്ക് വഴങ്ങുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു. എന്നാൽ ഇന്ത്യയുടെ അവസരവാദ മനോഭാവം അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ വില കുറയ്ക്കുകയാണ് ചെയ്യുന്നതെന്നും ഗ്ലോബൽ ടൈംസ് പറയുന്നു.
ന്യൂഡൽഹി ചൈനയും ഇന്ത്യയും തമ്മിലുള്ള നിലവിലെ സാഹചര്യത്തെ തെറ്റായി വ്യാഖ്യാനിച്ച് സൈനിക നടപടികളിലേക്ക് നീങ്ങിയാൽ അത് ഇന്ത്യയെ കൂടുതൽ നഷ്ടത്തിലേക്ക് നയിക്കും. സമവായമില്ലാതെ വളരെക്കാലം അതിർത്തിയിലെ സംഘർഷം നിലനിർത്താൻ പര്യാപ്തമായ വലിയ ശക്തികളാണ് ഇന്ത്യയും ചൈനയുമെന്ന് ലോകത്തിനറിയാം. ഇത്തരത്തിലുള്ള നീക്കം ഖേദകരമാണ്. എന്നിരുന്നാലും ഇന്ത്യ അതിന് മുതിർന്നാൽ ചൈനയ്ക്കും മറ്റൊരു തീരുമാനമുണ്ടാവില്ല. ഏത് രാഷ്ട്രീയ കുതന്ത്രവും സമ്മർദ്ദവും ചൈന നേരിടും, ഒരു യുദ്ധം തുടങ്ങിയാൽ ഇന്ത്യ തീർച്ചയായും തോൽക്കും, ഗ്ലോബൽ ടൈംസ് റിപ്പോർട്ടിൽ പറയുന്നു.
ന്യൂസ് ഡെസ്ക്