രാത്രിയുടെ മറവിൽ ലഡാക്കിൽ നിയന്ത്രണരേഖ ലംഘിക്കാൻ വീണ്ടും ചൈനീസ് ശ്രമം; പാംഗോങ് തടാകതീരത്ത് ചൈനീസ് നീക്കം ഇന്ത്യ തടഞ്ഞതോടെ സംഘർഷവും; സൈനിക, നയതന്ത്ര ഇടപെടലുകളിലൂടെ ഉണ്ടായ മുൻ സമവായം ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി ലംഘിച്ചെന്ന് ഇന്ത്യ; ചർച്ചകളിലൂടെ സമാധാനവും രാജ്യത്തിന്റെ അഖണ്ഡതയും കാത്തുസൂക്ഷിക്കാൻ സൈന്യം പ്രതിജ്ഞാബദ്ധമാണെന്നും വിശദീകരണം; ചൈനീസ് പ്രകോപനം ദക്ഷിണ ചൈന കടലിലേക്ക് ഇന്ത്യ യുദ്ധക്കപ്പൽ അയച്ചതായ റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെ
- Share
- Tweet
- Telegram
- LinkedIniiiii
ന്യൂഡൽഹി: ലഡാക്കിൽ വീണ്ടും ഇന്ത്യ ചൈന സംഘർഷം. ശനിയാഴ്ച രാത്രി ചൈന യഥാർത്ഥ നിയന്ത്രണരേഖ ലംഘിക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷത്തിന് തുടക്കമായത്. പാംഗോങ് തടാകതീരത്ത് ചൈനീസ് നീക്കം ഇന്ത്യ തടഞ്ഞെന്ന് കരസേന വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയുടെ അഖണ്ഡത സംരക്ഷിക്കാൻ സേന പ്രതിജ്ഞാബദ്ധം എന്നും കരസേന അറിയിച്ചു. ഇന്ത്യ ചൈന ഫ്ളാഗ് മീറ്റിങ് തുടരുകയാണ്.
ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) സൈനികർ കിഴക്കൻ ലഡാക്കിൽ സൈനിക, നയതന്ത്ര ഇടപെടലുകളിൽ ഉണ്ടായ മുൻ സമവായം ലംഘിക്കുകയും സ്ഥിതിഗതികൾ മാറ്റുന്നതിനായി പ്രകോപനപരമായ സൈനിക നീക്കങ്ങൾ നടത്തുകയും ചെയ്തു," പ്രസ്താവനയിൽ പറയുന്നു. "ഇന്ത്യൻ സൈനികർ ഈ പിഎൽഎ പ്രവർത്തനത്തെ തെക്കൻ തീരത്തുള്ള പാങ്കോംഗ് തടാകത്തിൽ തടഞ്ഞു. ഞങ്ങളുടെ നിലപാടുകൾ ശക്തിപ്പെടുത്തുന്നതിനും ചൈനീസ് സൈനിക നീക്കത്തെ തടയുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചു," അതിൽ പറയുന്നു. ചർച്ചകളിലൂടെ സമാധാനം കാത്തുസൂക്ഷിക്കാൻ സൈന്യം പ്രതിജ്ഞാബദ്ധമാണെന്നും എന്നാൽ രാജ്യത്തിന്റെ മണ്ണ് സംരക്ഷിക്കാൻ സേന പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
ദക്ഷിണ ചൈന കടലിലേക്ക് ഇന്ത്യ യുദ്ധക്കപ്പൽ അയച്ചതായി റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ലഡാക്ക് സംഘർഷത്തിന് പിന്നാലെയാണ് ഇന്ത്യയുടെ നടപടിയെന്ന് വാർത്താ ഏജൻസിയായ എഎൻഐയാണ് റിപ്പോർട്ട് ചെയ്തത്. ചർച്ച നടക്കുന്നതിനിടെ തങ്ങൾ നിർണായകമായി കരുതുന്ന ദക്ഷിണ ചൈന കടലിൽ ഇന്ത്യയുടെ യുദ്ധക്കപ്പൽ കണ്ടതിൽ ചൈന അസംതൃപ്തി അറിയിച്ചെന്നും റിപ്പോർട്ട് വ്യക്തമാക്കി.
2009 മുതൽ കൃത്രിമ ദ്വീപ് നിർമ്മിച്ചും സൈന്യത്തെ വിന്യസിച്ചും ദക്ഷിണ ചൈന കടലിൽ ചൈന അപ്രമാദിത്തത്തിന് ശ്രമിക്കുന്നുണ്ട്. അമേരിക്കൻ നാവിക സേനയും ദക്ഷിണ ചൈന കടയിൽ സാന്നിധ്യമുറപ്പിച്ചിരുന്നു. അമേരിക്കൻ നാവിക സേനയുമായി ഇന്ത്യൻ നാവിക സേന ആശയ വിനിമയം നടത്തിയിരുന്നതായും എഎൻഐ റിപ്പോർട്ടിൽ പറയുന്നു.
ചൈനീസ് നാവിക സേന ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് കടക്കുന്നത് നിരീക്ഷിക്കാൻ ഇന്ത്യൻ നേവി ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ മലാക്ക മേഖലയിൽ കപ്പലുകൾ വിന്യസിച്ചിരുന്നു. ഇന്ത്യൻ മഹാസമുദ്ര മേഖലയിലേക്ക് ചൈനീസ് കടന്നുകയറ്റം തടയാൻ അന്തർ സമുദ്ര വാഹിനികളെയും ഇന്ത്യ സജ്ജീകരിച്ചു. ജിബൂട്ടി മേഖലയിൽ ചൈനീസ് കപ്പലുകളുടെ സാമീപ്യവും ഇന്ത്യ വീക്ഷിച്ചിരുന്നു.
മറുനാടന് ഡെസ്ക്