ന്യൂഡൽഹി: അതിർത്തിയിൽ സംഘർഷം രൂക്ഷമായിരിക്കെ, നിയന്ത്രണരേഖയിൽ ഏകപക്ഷീയമായി മാറ്റം വരുത്താൻ ശ്രമം നടത്തരുതെന്ന് ചൈനയ്ക്ക് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ മുന്നറിയിപ്പ്. ചൈനീസ് പ്രതിരോധ മന്ത്രി ജനറൽ വെയ് ഫെംഗെയോടാണ് രാജ്‌നാഥ് സിങ് ഇക്കാര്യം അർത്ഥശങ്കയില്ലാതെ വ്യക്തമാക്കിയത്.

അതിർത്തി പ്രശ്‌നവുമായി ബന്ധപ്പെട്ട് നടന്ന ആദ്യത്തെ ഉന്നതല കൂടിക്കാഴ്ചയിലാണ് ഇന്ത്യ തങ്ങളുടെ അതിർത്തിയും പരമാധികാരവും കാത്തുസൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണന്ന് തറപ്പിച്ച് പറഞ്ഞത്. കിഴക്കൻ ലഡാക്കിൽ സംഘർഷം ഉരുത്തിരിഞ്ഞ ശേഷം ഇതാദ്യമായാണ് രാജ്‌നാഥ് സിങ്ങും വെയും തമ്മിൽ കാണുന്നത്. വെള്ളിയാഴ്ച മോസ്‌കോയിൽ ഷാങ്ഗായി കോർപറേഷൻ ഓർഗനൈസേഷൻ സമ്മേളനത്തോട് അനുബന്ധിച്ച് രണ്ട് മണിക്കൂർ 20 മിനിറ്റാണ് ചർച്ച നടന്നത്.

ഔദ്യോഗിക തീരുമാനങ്ങൾ ഇന്നാണ് പ്രതിരോധ വകുപ്പ് പുറത്തുവിട്ടത്. നിലവിലുള്ള സാഹചര്യം തികഞ്ഞ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യണമെന്ന് രാജ്‌നാഥ് സിങ് യോഗത്തിൽ പറഞ്ഞു. ഇരുപക്ഷവും സംഘർഷം വർദ്ധിപ്പിക്കുന്ന തരത്തിൽ ഒന്നും ചെയ്തുകൂടാ. വലിയതോതിൽ സൈനികരെ വിന്യസിച്ച് പ്രകോപനപരമായ പെരുമാററത്തോടെ നിയന്ത്രണ രേഖയിൽ മാറ്റം വരുത്താൻ ശ്രമിക്കുന്നത് ഉഭയകക്ഷികരാറുകളുടെ ലംഘനമാണ്.

നിയന്ത്രണ രേഖയിൽ സംഘർഷം ലഘൂകരിക്കാനും സൈനിക പിന്മാറ്റത്തിനും നയതന്ത്ര-സൈനിക തലങ്ങളിൽ ചർച്ചകൾ തുടരണമെന്നും സിങ് പറഞ്ഞു. ലഡാക്ക് സംഘർഷത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും ഇന്ത്യക്കാണെന്നായിരുന്നു ചൈനയുടെ ആരോപണം. ഇരുരാജ്യങ്ങൾക്കിടയിൽ ഇന്ത്യ സംഘർഷം വർധിപ്പിക്കുന്നതായും ചൈന ആരോപിച്ചു. എന്നാൽ ഇന്ത്യ പക്വതയോടെയാണ് ഇതിനെതിരെ പ്രതികരിച്ചത്.

അഭിപ്രായ ഭിന്നതകളെ തർക്കങ്ങളായി വളർത്താതിരിക്കാനും, ഇരുരാജ്യങ്ങളുടെയും ബന്ധം കൂടുതൽ വികസിപ്പിക്കാനും അതിർത്തിയിൽ ശാന്തിയും സമാധാനവും നിലനിർത്തേണ്ടത് അത്യാവശ്യമാണെന്ന് രാജ്‌നാഥി സിങ് വെയിനോട് പറഞ്ഞു. ഇതിന് ഇരുരാഷ്ട്രനേതാക്കളും തമ്മിലെത്തിയ സമവായത്തിന്റെ അടിസ്ഥാനത്തിൽ മാർഗ്ഗനിർദ്ദേശം സ്വീകരിക്കണം.

കഴിഞ്ഞ ഏതാനും മാസങ്ങളായി കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ് വര അടക്കം നിയന്ത്രണരേഖയിലെ സംഭവവികാസങ്ങളിൽ ഇന്ത്യയുടെ നിലപാട് സിങ്് ക്യത്യമായി ബോധിപ്പിച്ചുവെന്ന് പ്രതിരോധ മന്ത്രാലയം ട്വീറ്റിൽ അറിയിച്ചു. അതിർത്തി കാവലിൽ ഇന്ത്യൻ സൈന്യം തികഞ്ഞ ഉത്തരവാദിത്ത ബോധത്തോടെയാണ് പ്രവർത്തിക്കുന്നത്. എന്നാൽ, ഇന്ത്യയുടെ അഖണ്ഡത സംരക്ഷിക്കാനും അതിർത്തി കടന്നുകയറ്റം തടയാനും സൈന്യം പ്രതിജ്ഞാബദ്ധമെന്നും രാജ്‌നാഥ് സിങ് യോഗത്തിൽ ്‌വ്യക്തമാക്കി.

കൂടിക്കാഴ്ച ചൈനയുടെ ആവശ്യപ്രകാരം

ചൈനയുടെ അഭ്യർത്ഥന പ്രകാരമായിരുന്നു കൂടിക്കാഴ്ച. നേരത്തേയുള്ള സ്ഥിതി പുനഃസ്ഥാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യം രാജ്നാഥ് സിങ് ആവർത്തിച്ചു. രാജ്നാഥ് സിംഗിനൊപ്പം ഡിഫൻസ് സെക്രട്ടറി അജയ് കുമാർ, ജോയിന്റ് സെക്രട്ടറി നവീൻ ശ്രീവാസ്തവ, റഷ്യയിലെ ഇന്ത്യൻ അംബാസഡർഎന്നിവരും ചർച്ചയിൽ പങ്കെടുത്തു. അതിനിടെ പ്രശ്ന പരിഹാരത്തിനായി ഇടപെടാൻ അമേരിക്ക തയ്യാറാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. അമേരിക്കയ്ക്ക് ആവുന്നത് ചെയ്യാൻ സന്തോഷമാണുള്ളത്. ഇക്കാര്യവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളുമായും ചർച്ച നടത്തുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സുഹൃത്താണെന്നും ട്രംപ് വ്യക്തമാക്കി.

പരസ്പര വിശ്വാസത്തോടെയും സംയമനത്തോടെയും രാജ്യാന്തര നിയമങ്ങൾ മാനിച്ച്, അഭിപ്രായവ്യത്യാസങ്ങൾക്ക് സമാധാനപരമായ പരിഹാരം കാണാനായാലേ മേഖലയിൽ ശാന്തിയും സുരക്ഷയും ഉണ്ടാകൂ എന്ന് രാജ്നാഥ് സിങ് വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണമെന്ന അബദ്ധം സർവനാശത്തിനു വഴിതെളിക്കുമെന്ന രണ്ടാം ലോകയുദ്ധ പാഠം മറക്കരുതെന്നും ചൈന ആസ്ഥാനമായുള്ള രാജ്യാന്തര കൂട്ടായ്മയായ ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്സിഒ) മന്ത്രിതല സമ്മേളനത്തിൽ, ലഡാക്ക് അതിർത്തിയിലെ സംഘർഷം പരാമർശിച്ച് അദ്ദേഹം പറഞ്ഞു. ചൈനയുടെ പ്രതിരോധമന്ത്രി ജനറൽ വീ ഫെങ്കെയുടെ സാന്നിധ്യത്തിലായിരുന്നു രാജ്നാഥിന്റെ പരാമർശം. ഭീകരത എല്ലാ രാജ്യങ്ങൾക്കും ഭീഷണിയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. ആഗോള സുരക്ഷാ സംവിധാനം കെട്ടിപ്പടുക്കുന്നതിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. പരസ്പര വിശ്വാസത്തോടെ, ചർച്ചകളിലൂടെ മേഖലയിലെ പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് ശേഷമായിരുന്നു കൂടിക്കാഴ്ച.

ഇതിനിടെയാണ് കിഴക്കൻ ലഡാക്കിലെ അതിർത്തിയിൽ തെക്കൻ പാംഗോങ് മേഖലയിൽ സൈനിക ശക്തി വർധിപ്പിച്ച് ചൈന മുന്നൊരുക്കങ്ങൾ നടത്തുന്നത്. ടാങ്കുകളും കാലാൾപ്പടയും വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച ചൈനീസ് സൈന്യം നടത്തിയ അധിനിവേശം ചെറുക്കുകയും പ്രധാനപ്പെട്ട പല പ്രദേശങ്ങളും ഇന്ത്യൻ സൈന്യം കൈപ്പിടിയിലാക്കുകയും ചെയ്തിരുന്നു. യഥാർഥ നിയന്ത്രണരേഖയിൽനിന്ന് (എൽഎസി) 20ൽ അധികം കിലോമീറ്റർ അകലെയാണ് സേനയെ വിന്യസിച്ചിരിക്കുന്നത്. തെക്കൻ പാംഗോങ്ങിലെ മോൾഡോയിലിൽ നിലവിൽ ചൈനീസ് സൈന്യം നിൽക്കുന്നിടത്തുനിന്നു വളരെ അകലെയല്ലാതെയാണ് പുതിയ സേനാ വിന്യാസം.

വൻ ആയുധശേഖരവുമായി ചൈനീസ് സൈന്യം നടത്തുന്ന വിന്യാസം പുതിയ പ്രദേശങ്ങളിൽനിന്ന് ഇന്ത്യൻ സൈന്യത്തിനു വീക്ഷിക്കാനാകുന്നുണ്ട്. സ്പാൻഗുർ ഗ്യാപ്പിന്റെ ഇരുഭാഗങ്ങളിലും ഇപ്പോൾ ഇന്ത്യയ്ക്കാണ് മേൽക്കൈ. ഇന്ത്യൻ സൈന്യവും സുസജ്ജമാണ്. ടാങ്കുകളുൾപ്പെടെ വിന്യസിച്ചിട്ടുണ്ട്. മാത്രമല്ല, മറ്റൊരു സംഘം ഏതുനിമിഷവും ഉയർന്ന പ്രദേശമായ ഇങ്ങോട്ടേക്ക് എത്താൻ തയാറായി നിൽക്കുകയാണ്. ഉയർന്ന പ്രദേശങ്ങൾ കൈപ്പിടിയിലായതിനാൽ ഇന്ത്യൻ കാലാൾപ്പടയ്ക്ക് മുൻതൂക്കമുണ്ട്. ടാങ്ക് വേധ മിസൈലുകൾ, റോക്കറ്റുകൾ മറ്റ് ആയുധങ്ങൾ തുടങ്ങിയവ ഉപയോഗിച്ച് ചൈനീസ് സേനയെ നേരിടാനാകും. നിലവിൽ മിസൈൽശേഷിയുള്ള ടി90 ബാറ്റിൽ ടാങ്കും ടി72എം1 ടാങ്കുകളും കിഴക്കൻ ലഡാക്കിൽ ഇന്ത്യ ഉപയോഗിക്കുന്നുണ്ട്.

എൽഎസിയുടെ ചൈനീസ് വശത്തുള്ള ബ്ലാക്ക് ടോപ്പ്, ഹെൽമറ്റ് എന്നിവിടങ്ങളിലെ ആധിപത്യം ചൈനീസ് സേനയ്ക്കു തന്നെയാണ്. ഇന്ത്യൻ സൈന്യത്തിന് വേണമെങ്കിൽ കീഴടക്കാൻപറ്റുന്ന റേഞ്ചിനുള്ളിലാണ് ഈ രണ്ടു മേഖലകളുമെന്ന് പ്രതിരോധവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. എൽഎസിക്കു സമീപം ചൈനീസ് വ്യോമസേനയെയും വിന്യസിച്ചിട്ടുണ്ട്. ടിബറ്റിലെ എൻഗാരിഗുൻസ, ഹോട്ടൻ വ്യോമ താവളങ്ങളിൽനിന്ന് പറന്നുയർന്ന യുദ്ധവിമാനങ്ങൾ അതിർത്തിക്കടുത്ത് നിരീക്ഷണം നടത്തുന്നുണ്ട്.

അതിർത്തിയിലെ സംഘർഷ സ്ഥിതി തുടരുകയാണെന്ന് സൈനിക മേധാവി എം.എം.നരവനെ വെള്ളിയാഴ്ച രാവിലെ വ്യക്തമാക്കി. 'നമ്മുടെ സുരക്ഷയ്ക്കായി ചില മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. യഥാർഥ നിയന്ത്രണരേഖയോട് അടുത്താണ് നമ്മുടെ വിന്യാസം. ചർച്ചയിലൂടെ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ' അദ്ദേഹം കൂട്ടിച്ചേർത്തു.