- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
60,000 സൈനികരെ വിന്യസിച്ചും ഫൈറ്റർ ജെറ്റുകളും അറ്റാക്ക് ചോപ്പറുകളും ജാഗരൂകമാക്കിയും അതിർത്തിയിൽ ഇന്ത്യ നൽകിയത് ശക്തമായ സന്ദേശം; ചൈന ഒടുവിൽ പത്തി മടക്കി; കിഴക്കൻ ലഡാക്കിലെ സുപ്രധാനമേഖലകളിൽ നിന്ന് പിന്മാറാൻ ഇന്ത്യയുമായി ധാരണ; സൈനികരെ പിൻവലിക്കുക മൂന്നുഘട്ടങ്ങളായി
ന്യൂഡൽഹി: ഇന്തോ-ചൈന അതിർത്തിയിൽ സംഘർഷത്തിന് അയവ് വരാൻ വഴിയൊരുങ്ങി. കിഴക്കൻ ലഡാക്കിലെ ഏതാനും ഭാഗങ്ങളിൽ നിന്ന് പിൻവാങ്ങാൻ ഇരുരാജ്യങ്ങളുടെയും സൈന്യങ്ങൾ പരസ്പര ധാരണയായി. ഈ വർഷം ഏപ്രിൽ-മെയിൽ ഇരുപക്ഷത്തെയും സൈനികർ ഉണ്ടായിരുന്ന സ്ഥാനങ്ങളിലേക്കാണ് പിന്മാറ്റം. നവംബർ ആറിന് ചുസുലിൽ എട്ടാമത് കോർപ്‌സ് കമാൻഡർ തല ചർച്ചയിലാണ് ധാരണ ഉരുത്തിരിഞ്ഞത്.
അടുത്ത ആഴ്ച മൂന്നുഘട്ടങ്ങളായിട്ടാണ് പിന്മാറ്റപദ്ധതി നടപ്പിലാക്കുക. ടാങ്കുകൾ അടക്കമുള്ള കവചിത വാഹനങ്ങളും, സൈനികരുടെ വാഹനങ്ങളും ഒരുദിവസത്തിനകം പിൻവലിക്കും. രണ്ടാമതായി പാങ്‌ഗോങ് തടാകത്തിന്റെ വടക്കേക്കരയിൽ നിന്ന് ഓരോദിവസവും 30 ശതമാനം സൈനികരെ ഇരുപക്ഷവും പിൻവലിക്കും. മൂന്നുദിവസം കൊണ്ട് ഇത് പൂർത്തിയാക്കും. ഭരണകാര്യങ്ങൾ നിർവഹിക്കാറുള്ള ധൻ സിങ് ഥാപ പോസ്റ്റിന് അടുത്തുവരെയായിരിക്കും ഇന്ത്യൻ സൈനികരുടെ പിന്മാറ്റം. ചൈന ഫിംഗർ 8 ന്റെ കിഴക്കൻ സ്ഥാനത്തേക്ക് മടങ്ങും.
മൂന്നാമത്തെയും അവസാനത്തെയും നടപടിയായി പാങ്‌ഗോങ്ങിന്റെ തെക്കൻതീരത്തെ മുന്നണി മേഖലയിൽ നിന്ന് ഇരുപക്ഷവും പിൻവാങ്ങും. ചുഷുൽ, റേസാങ് ലാ മേഖലയിലെ കുന്നുകളും മറ്റുപ്രദേശങ്ങളും ഇതിൽ ഉൾപ്പെടുന്നു.
നവംബർ ആറിന് നടന്ന ചർച്ചയിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി നവീൻ ശ്രീവാസ്തവ, മിലിറ്ററി ഓപ്പറേഷൻസ് ഡയറക്ടറേറ്റ് ജനറൽ ബ്രിഗേഡിയർ ഗായ് എന്നിവർ പങ്കെടുത്തു. സൈനിക പിന്മാറ്റത്തിന്റെ പുരോഗതി സംയുക്ത സംവിധാനത്തിലൂടെ നിരീക്ഷിക്കും. പ്രതിനിധിതല കൂടിക്കാഴ്ചകൾ കൂടാതെ, ആളില്ലാത്ത വ്യോമനിരീക്ഷണ വാഹനങ്ങളും ഇതിനായി നിയോഗിക്കും.
ഈ വർഷം ജൂണിലുണ്ടായ ഗാൽവൻ താഴ് വരയിലെ സംഘർഷത്തിന് ശേഷം ഇന്ത്യക്ക് ചൈനയിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ഓരോ ചുവടും ജാഗ്രതയോടെയാണ്് ഇന്ത്യ സ്വീകരിക്കുന്നത്. 20 ഇന്ത്യൻ സൈനികരെയാണ് അന്ന് രാജ്യത്തിന്് നഷ്ടമായത്.
പാങ്‌ഗോങ് തടാകത്തിന്റെ തെക്ക്-വടക്കകരകൾക്ക് ചുറ്റുമുള്ള കുന്നുകളിൽ ആധിപത്യം സ്ഥാപിച്ച് ഇന്ത്യയും ശക്തമായി തിരിച്ചടിച്ചിരുന്നു. പ്രധാനമന്ത്രിയുടെ വിശ്വസ്തനായ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത്, കരസേന മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ, വ്യോമസേനാ മേധാവി ആർകെഎസ് ഭദൂരിയ എന്നിവരാണ് ശക്തമായ സൈനിക നടപടിക്ക് നേതൃത്വം നൽകിയത്.
നിയന്ത്രണരേഖയിൽ വൻതോതിൽ സൈനികവിന്യാസവുമായി ചൈനയും ഇന്ത്യൻ മേഖലയിലേക്ക് പലയിടത്തും കടന്നുകയറിയിരുന്നു. അധിനിവേശം ചെറുക്കാൻ, 60,000 സൈനികരെയാണ് ഇന്ത്യ മുന്നണിയിലേക്ക് മാറ്റി വിന്യസിച്ചത്. പോർവിമാനങ്ങളും, ആക്രമണ ഹെലികോപ്കടറുകളും അതിർത്തിയിലേക്ക് മാറ്റി വ്യോമസേനയും സദാ സന്നദ്ധമായി നിന്നു. ഏതായാലും ഇന്ത്യയെ ചൊടിപ്പിക്കാനും തരം കിട്ടിയാൽ അതിർത്തി കടന്നുകയറാനും ഉള്ള ചൈനീസ് വ്യാമോഹത്തിന് ശക്തമായ മറുപടിയാണ് സേനകൾ നൽകിയത്.
മറുനാടന് ഡെസ്ക്