ബെയ്ജിങ്: മാലദ്വീപിൽ തുടരുന്ന രാഷ്ട്രീയ പ്രതിസന്ധിയിൽ ഇന്ത്യയുടെ സൈനിക ഇടപെടൽ ആവശ്യപ്പെട്ട് മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദ്. എന്നാൽ നിലവിലെ സാഹചര്യത്തെ കൂടുതൽ വഷളാക്കുന്നതായിരിക്കും സൈനിക ഇടപെടലെന്ന വിമർശനവുമായി ചൈന രംഗത്ത്. ഇതോടെ മാലദ്വീപിലെ അടിയന്തരാവസ്ഥയുടെ പേരിൽ ഇന്ത്യ ചൈന പോരിനു കളമൊരുങ്ങി.

മാലദ്വീപിൽനിന്നു പലായനം ചെയ്തു നിലവിൽ ശ്രീലങ്കയിൽ അഭയം തേടിയിരിക്കുകയാണു നഷീദ്. കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ സൈന്യത്തെ മാലദ്വീപിലേക്ക് അയയ്ക്കണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തത്. പ്രസിഡന്റ് അബ്ദുല്ല യമീൻ തടവിലാക്കി വച്ചിരിക്കുന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അബ്ദുല്ല സയീദിനെയും ജഡ്ജിമാരെയും മറ്റു രാഷ്ട്രീയ തടവുകാരെയും വിട്ടുകിട്ടാനായി അതുമാത്രമാണു പോംവഴിയെന്നും അദ്ദേഹം പറഞ്ഞു. ജഡ്ജിമാരിലൊരാളായ അലി ഹമീദിനെ ജയിലിൽ മോശം രീതിയിലാണു കൈകാര്യം ചെയ്യുന്നതെന്നും നഷീദ് ആരോപണമുന്നയിച്ചു.

എന്നാൽ മാലദ്വീപിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന രീതിയിൽ ഒരു രാജ്യത്തിനും ഇടപെടാൻ അനുവാദമില്ലെന്നും നിലവിലെ സാഹചര്യത്തെ വഷളാക്കുന്ന തരത്തിലുള്ള നടപടികൾ പാടില്ലെന്നുമാണ് ഇന്ത്യയുടെ ഇടപെടലിനെപ്പറ്റി ചൈനീസ് വിദേശകാര്യ വക്താവ് മറുപടിയായി പറഞ്ഞത്.

രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾ ആഭ്യന്തരതലത്തിൽ തന്നെ പ്രതിസന്ധിക്കു പരിഹാരം കാണണമെന്നാണു ചൈനയുടെ അഭിപ്രായമെന്നും വ്യക്തമാക്കി. യമീനിനെ ചൈന പിന്തുണയ്ക്കുകയാണെന്ന വിമർശനം നിലനിൽക്കെയാണു വക്താവിന്റെ പ്രതികരണം. സ്വതന്ത്ര വ്യാപാര കരാർ ഒപ്പിട്ടതും മാലദ്വീപിൽ ഒട്ടേറെ ചൈനീസ് പദ്ധതികൾ നടപ്പാക്കുന്നതുമാണു പ്രസിഡന്റിനുള്ള ചൈനയുടെ പിന്തുണയ്ക്കു കാരണമായി പറയുന്നത്.

അതേസമയം, മാലദ്വീപിലേക്കുള്ള യാത്ര റദ്ദാക്കണമെന്ന് ഒട്ടേറെ പൗരന്മാരോടു ചൈന ആവശ്യപ്പെട്ടു കഴിഞ്ഞു. ഫെബ്രുവരി 15ന് ആരംഭിക്കുന്ന ചൈനയുടെ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി വൻതോതിൽ സഞ്ചാരികൾ മാലദ്വീപിലേക്കൊഴുകുക പതിവാണ്. അതിനിടെ, ഭരണത്തിലെ ചില ആഭ്യന്തര പ്രശ്‌നങ്ങൾ ഒഴിവാക്കാനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്നാണു യമീൻ പറയുന്നത്.

നിലവിലെ മാലദ്വീപിലെ സാഹചര്യം വിലയിരുത്താൻ രാജ്യാന്തര സംഘടനകളെയും രാജ്യങ്ങളുടെ പ്രതിനിധികളെയും അദ്ദേഹം ക്ഷണിച്ചു. അടിയന്തരാവസ്ഥയുടെ പേരിൽ രാജ്യത്തു കർഫ്യൂ ഏർപ്പെടുത്തിയിട്ടില്ല. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെയും അവർക്കു നൽകേണ്ട സേവനങ്ങളെയും കച്ചവടക്കാരെയുമൊന്നും തടയുന്നില്ല. സ്‌കൂളുകളും വിമാനത്താവളങ്ങളും ഉൾപ്പെടെ പ്രവർത്തിക്കുന്നുണ്ട്. ടൂറിസത്തെയും യാതൊരു വിധത്തിലും അടിയന്തരാവസ്ഥ ബാധിക്കില്ലെന്നും യമീൻ ഉറപ്പു പറയുന്നു.

മാലദ്വീപിലെ ചീഫ് ജസ്റ്റിസ് ഉൾപ്പെടെ രണ്ടു ജഡ്ജിമാരെ അറസ്റ്റു ചെയ്തതിനു പിന്നാലെ രാഷ്ട്രീയ തടവുകാരെ വിട്ടയക്കാനുള്ള തീരുമാനം കഴിഞ്ഞ ദിവസം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. പ്രസിഡന്റ് അബ്ദുല്ല യമീൻ ആശങ്ക പ്രകടിപ്പിച്ചതിനെ തുടർന്നാണു തീരുമാനമെന്ന് സുപ്രീംകോടതിയിലെ അവശേഷിക്കുന്ന മൂന്നു ജഡ്ജിമാർ വ്യക്തമാക്കി. അറസ്റ്റിലായ ചീഫ് ജസ്റ്റിസും മറ്റൊരു ജഡ്ജിയും ഒഴികെയുള്ള മൂന്നു ജഡ്ജിമാർ കഴിഞ്ഞ ദിവസം രാത്രി പ്രത്യേക സിറ്റിങ് നടത്തിയാണു മുൻ ഉത്തരവു പിൻവലിച്ചത്.

മുൻ പ്രസിഡന്റും പ്രതിപക്ഷ േനതാവുമായ മുഹമ്മദ് നഷീദ് ഉൾപ്പെടെയുള്ള ഒൻപത് രാഷ്ട്രീയതടവുകാരെ വിട്ടയയ്ക്കാൻ സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനെതിരായ പ്രതിഷേധങ്ങളാണു മാലദ്വീപിൽ പ്രതിസന്ധി രൂക്ഷമാക്കിയത്. 2016ൽ ജയിലിലായിരിക്കെ ചികിൽസയ്ക്കായി ലണ്ടനിലേക്കു പോയ നഷീദ് പിന്നീട് അവിടെ രാഷ്ട്രീയ അഭയം തേടിയിരുന്നു. ഇവരെ മോചിപ്പിക്കണമെന്ന വിധി അംഗീകരിക്കാതിരുന്ന പ്രസിഡന്റ് യമീൻ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തുടർന്നാണ് ഇന്നലെ ചീഫ് ജസ്റ്റിസ് അബ്ദുല്ല സയീദും അലി ഹമീദ് എന്ന ജഡ്ജിയും അറസ്റ്റിലായത്. ഭരണം അട്ടിമറിക്കാൻ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തിയെന്നായിരുന്നു ആരോപണം.

അതേസമയം, പ്രശ്‌നത്തിൽ ഇന്ത്യ ഇടപെടണമെന്നാണു പ്രതിപക്ഷത്തിന്റെ ആവശ്യം. മാലദ്വീപിലെ പ്രതിസന്ധിയിൽ ആശങ്ക പ്രകടിപ്പിച്ച ഇന്ത്യ സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. പൗരന്മാരോട് മാലദ്വീപിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും ഇന്ത്യ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനിടെ, രാഷ്ട്രീയ പ്രതിസന്ധി വിദേശ ഇടപെടലില്ലാതെ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന നിലപാടിലാണ് ചൈന.