ന്യൂഡൽഹി: ചൈനീസ് അതിർത്തിയിൽ സംഘർഷാന്തരീക്ഷം അയവില്ലാതെ തുടരുന്നതിനിടെ ഇന്ത്യ യുദ്ധോപകരണങ്ങൾ സജ്ജമാക്കുന്നു.അടിയന്തരാവശ്യത്തിനുള്ള ആയുധങ്ങളും സാമഗ്രികളും വാങ്ങാൻ പ്രതിരോധ മന്ത്രാലയം 40,000 കോടി രൂപ അനുവദിച്ചു. കരസേനയുടെ വൈസ് ചീഫിന് അടിയന്തര വാങ്ങലുകൾക്കുള്ള അധികാരവും നൽകി.

സൈന്യത്തിന്റെ ആയുധശേഖരം ആവശ്യമായതിലും വളരെ കുറവാണെന്നു കഴിഞ്ഞവർഷം കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) ചൂണ്ടിക്കാട്ടിയിരുന്നു. ഉറി സൈനിക താവളത്തിലെ ഭീകരാക്രമണത്തിനു ശേഷം സൈന്യം നടത്തിയ വിലയിരുത്തലിലും ഇതുതന്നെ കണ്ടെത്തി.

46 ഇനം വെടിക്കോപ്പുകൾ, പത്ത് ഇനം പോർ വാഹനങ്ങൾക്കുവേണ്ട സ്‌പെയർ പാർട്‌സുകൾ, മൈനുകൾ തുടങ്ങിയവയിലെ കുറവ് വലുതായിരുന്നു. ഇതേത്തുടർന്നു മാസ്റ്റർ ജനറൽ ഓർഡ്‌നൻസി(എംജിഒ)നെ ഈ മാർച്ച് 31 വരെ അടിയന്തര വാങ്ങലുകൾക്കു ചുമതലപ്പെടുത്തി. ഈ അധികാരപ്പെടുത്തൽ നീട്ടിയിട്ടുണ്ട്.

പുതിയ അധികാരപ്പെടുത്തൽ ചുവപ്പുനാട മറികടന്നു സാമഗ്രികൾ സംഭരിക്കാൻ സഹായിക്കും. പ്രതിരോധമന്ത്രി അധ്യക്ഷനായ ഡിഫൻസ് അക്വിസിഷൻ കൗൺസിലിൽനിന്നുള്ള അനുമതിയും ആവശ്യമില്ല.

പത്തു മുതൽ പതിനഞ്ചു വരെ ദിവസം നീളുന്ന തീവ്രയുദ്ധത്തിൽ ഏർപ്പെടാൻ കഴിയുംവിധം യുദ്ധോപകരണങ്ങൾ സജ്ജമാക്കാനാണു നിർദ്ദേശം. നാല്പതു ദിവസത്തെ യുദ്ധത്തിനുവേണ്ടത്ര സാമഗ്രികൾ വേണമെന്നാണു പഴയ വ്യവസ്ഥയെങ്കിലും അതിന്റെ പത്തിലൊന്നു സാമഗ്രികളേ ഉള്ളൂ എന്നു സിഎജി കണ്ടെത്തിയിരുന്നു.

ഇന്ത്യയുടെ കൈവശം 200 അണുബോംബുകൾക്കു വേണ്ടത്ര പ്ലൂട്ടോണിയം ഉണ്ടെന്നാണു യുഎസ് വിദഗ്ദ്ധർ എഴുതിയത്. എങ്കിലും 120130 ബോംബുകളേ ഒരുക്കിയിട്ടുള്ളൂ എന്ന് അവർ പറയുന്നു. ഈ അണ്വായുധങ്ങൾ ചൈനയിലെവിടെയും എത്തിക്കാവുന്ന മിസൈലാണു നിർമ്മിക്കുന്നത്.

5000ലേറെ കിലോമീറ്റർ പോകാവുന്ന അഗ്‌നി5 മിസൈലാണ് ഇന്ത്യ ഇതിനായി സജ്ജമാക്കുന്നത്. മൂന്നുഘട്ടങ്ങൾ ഉള്ള, ഖര ഇന്ധനം ഉപയോഗിക്കുന്ന, ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണിത്. കഴിഞ്ഞ ഡിസം ബറിൽ ഇതു പരീക്ഷിച്ചിരുന്നു.

അഗ്‌നി2, അഗ്‌നി4 എന്നിവയും ചൈനയെ ലക്ഷ്യമിട്ടുള്ളവയാണ്. പക്ഷേ, ഇവയൊക്കെ ഉത്തരേന്ത്യയിൽനിന്നു മാത്രമേ ചൈനയിലെത്തൂ. കൂടുതൽ സുരക്ഷിതമായ ദക്ഷിണേന്ത്യൻ വിക്ഷേപണ കേന്ദ്രങ്ങളിൽനിന്നു ബെയ്ജിംഗിലും ഷാങ്ഹായിയിലും എത്തുന്ന വിധമാണ് അഗ്‌നി5 വരിക.