ന്യൂഡൽഹി: 'അയൽക്കാർ തമ്മിലെ പോരൊരു പോരല്ല... പ്രശ്‌നങ്ങളെല്ലൊം നമുക്ക് ചർച്ച് ചെയ്ത് തീർക്കാം'. കഴിഞ്ഞ ദിവസം ചൈനീസ് പ്രസിഡന്റ് ഷി ജിങ് പിങ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചപ്പോൾ പറയാതെ പറഞ്ഞത് ഇതൊക്കെയാണ്. പ്രധാനമന്ത്രി ഈയാഴ്ച ചൈന സന്ദർശിക്കാമെന്ന് സമ്മതിക്കുകയും ചെയ്തു.കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും, അയൽക്കാർ നിഷ്‌ക്കളങ്കരാണെന്ന് ഇന്ത്യ കരുതുന്നില്ല. അതിർത്തിയിൽ യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ പാക്കിസ്ഥാൻ മാത്രമല്ല, ചൈനയും മുമ്പിലാണ്. ദോക്ലാം സംഘർഷം മറക്കാറായില്ലല്ലോ?

ഇന്ത്യ യുദ്ധം തെല്ലും ആഗ്രഹിക്കുന്ന രാജ്യമല്ല. എന്നാൽ തലയിൽ കയറി നിരങ്ങാൻ വന്നാലോ? പേടിച്ചോടുകയൊന്നുമില്ലെന്ന് മാത്രമല്ല, നേർക്കുനേരേ നിന്ന് പോരാടാനും ശേഷി ആർജ്ജിച്ചുകഴിഞ്ഞിരിക്കുന്നു. ഇക്കാര്യം ചൈനയ്ക്കും അറിയാം.വെറുതെ തള്ളിക്കളയാവുന്ന രാജ്യമല്ല ഇന്ത്യയെന്ന് ചൈന തിരിച്ചറിഞ്ഞിരിക്കുന്നു.1962 ലെ യുദ്ധകാലത്തെ ആ പഴയ ദുർബലയല്ല ഇന്ത്യ. സൈനികശേഷിയിൽ ബഹുദൂരം സഞ്ചരിച്ചിരിക്കുന്നു.

സൈനികശേഷിയിൽ, ചൈന മഹാമേരുക്കളായി നിൽക്കുന്നുവെന്ന സത്യം ഇന്ത്യൻ പ്രതിരോധ കേന്ദ്രങ്ങൾ തള്ളിക്കളയുന്നില്ല.ആണവമിസൈൽ ശേഖരം തന്നെയെടുത്താൽ അവർക്ക് മുമ്പിൽ നമ്മൾ ഒന്നുമല്ല. സബ്മറൈനുകളായാലും, ടാങ്കുകളായാലും വെടിക്കോപ്പുകളായാലും ഇന്ത്യൻ സേനയേക്കാൾ കാതങ്ങൾ മുമ്പിലാണ് പീപ്പിൾസ് ലിബറേഷൻ ആർമി. സൈബർ യുദ്ധത്തിലും അവർ മുമ്പന്മാരായി നിൽക്കുന്നു.ഇതൊക്കെയെങ്കിലും 1962 ലെ യുദ്ധം ഓർമിച്ച് അയൽക്കാരുമായി ചൈന ഒരു യുദ്ധത്തിന് വീണ്ടും മുതിർന്നാൽ അത് ഈസി വാക്കോവർ ആയിരിക്കില്ല എന്ന് ഏറ്റവും നന്നായി അറിയാവുന്നതും അവർക്കാണ്.

തെക്കൻ ചൈനാകടലിലും, തായ്‌വാൻ കടലിടുക്കിലും അമേരിക്കയുടെയും മറ്റുരാജ്യങ്ങളുടെയും ഇടപെടൽ തടയുന്നതിനാണ് തങ്ങളുടെ സൈനിക തന്ത്രത്തിൽ ചൈന ഏറെക്കുറെ ശ്രദ്ധയൂന്നുന്നത്. ലഡാക്ക് മുതൽ അരുണാചൽ പ്രദേശ് വരെ നീണ്ടുപരന്നുകിടക്കുന്ന 4057 കിലോമീറ്റർ നിയന്ത്രണരേഖയിലാണ് ചൈനയ്ക്ക് ഇന്ത്യയുമായി ബലാബലം നോക്കാവുന്നത്. എന്നാൽ, അതിർത്തിയിലെ ഈ ബലാബലത്തിൽ ചൈനയ്ക്ക് ശക്തമായ തിരിച്ചടി കൊടുക്കാനുള്ള ശേഷി ഇന്ത്യ ആർജ്ജിച്ചിരിക്കുന്നുവെന്നതാണ് യാഥാർഥ്യം.

പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിക്കാൻ ഇന്ത്യക്ക് കഴിയും. 12000 സൈനികരടങ്ങുന്ന 15 കാലാൾ ഡിവിഷനുകൾ ചൈനയുമായുള്ള വടക്കൻ അതിർത്തി കാക്കുന്നു.ഇതിനൊപ്പം മിസൈൽ,ടാങ്ക് വ്യോമ പ്രതിരോധ സംവിധാനവും സജ്ജമാണ്. പുതിയതായി രൂപീകരിച്ച 17 മൗണ്ടൻ സ്‌ട്രൈക്ക് കോർപ്‌സും അനുബന്ധ യൂണിറ്റുകൾക്കുമായി 90,274 സൈനുകരുണ്ട്. കരയിലൂടെ ദ്രുതവേഗത്തിൽ തിരിച്ചടിക്കാൻ ശേഷിയുള്ള ഈ ദളം നാലുവർഷത്തിനകം പൂർണസജ്ജമാകും.

സമുദ്രമേഖലയിലും ഇന്ത്യ പിന്നിലല്ല. മലാക്ക കടലിടുക്ക് വഴിയുള്ള ഏത് അധിനിവേശവും ചെറുക്കാൻ ഇന്ത്യൻ കപ്പലുകൾക്ക് കഴിയും. എണ്ണത്തിൽ പിഎൽഎ നാവികവിഭാഗം മുന്നിലാണെങ്കിലും, ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ പ്രവർത്തന പരിചയത്തിൽ ഇന്ത്യൻ നാവിക സേനയ്ക്ക് മേൽക്കൈയുണ്ട് എന്നതാണ് സത്യം.

വ്യോമപ്രതിരോധ രംഗത്ത് ചൈന 14 മുഖ്യ എയർഫീൽഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും, ഇന്ത്യൻ വ്യോമസേന അവരോട് കിട പിടിക്കാൻ ശേഷി കൈവരിച്ചുകഴിഞ്ഞു. ഏതെങ്കിലും തരത്തിലുള്ള സാഹസത്തിന് മുതിരുന്നതിന് മുമ്പ് ചൈന രണ്ടുവട്ടം ആലോചിക്കണം. ഈ തന്ത്രത്തിൽ അധിഷ്ഠിതമായാണ് ഇന്ത്യ തങ്ങളുടെ പ്രതിരോധ സംവിധാനം വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്.