കോവിഡ് ; കോവിഡ് വ്യാപനത്തിന്റെ ഭീതിയിലാണ് ഇപ്പോഴും ലോകരാജ്യങ്ങൾ. കടുത്ത നിയന്ത്രണങ്ങൾ എങ്ങും തുടരുന്നു. ജനിതക വ്യതിയാനം സംഭവിച്ച വൈറസുകളുടെ വ്യാപനം ഏറിയതോടെ ആശങ്ക ഇരട്ടിക്കുകയാണ്. രോഗപ്രതിരോധത്തിനായുള്ള പ്രതിരോധ വാക്‌സിനായുള്ള കാത്തിരിപ്പിലായിരുന്നു ഇതുവരെ.

പ്രമുഖ രാജ്യങ്ങൾ വികസിപ്പിച്ചെടുത്ത വാക്‌സിനുകൾ പരീക്ഷണ ഘട്ടങ്ങൾ പൂർത്തിയാക്കി പൊതുജനങ്ങൾക്ക് പ്രാമുഖ്യം അനുസരിച്ച് നൽകി തുടങ്ങിയതോടെ പ്രതീക്ഷയിലാണ് ഒട്ടുമിക്ക രാജ്യങ്ങളും. രാജ്യാതിർത്തികൾ കടന്ന് വാക്‌സിനുകൾ എത്തുമെന്ന പ്രതീക്ഷയിൽ. എന്നാൽ വൻതോതിൽ വാക്‌സിൻ ഉൽപാദിപ്പിക്കപ്പെടുകയും വിതരണം ചെയ്യുകയും ചെയ്യേണ്ടതുണ്ട്.

രാജ്യത്തെ കോവിഡ് വ്യാപന പ്രതിസന്ധി പരിഹരിക്കുന്നതിനൊപ്പം കൊറോണ വൈറസ് വാക്സിനുകളുടെ ഏറ്റവും വലിയ വിതരണക്കാരാകാനൊരുങ്ങുകയാണ് ഇന്ത്യ ഇപ്പോൾ വാക്സിൻ വികസിപ്പിക്കൽ, നിർമ്മാണം, വിതരണം തുടങ്ങിയ മേഖലകളിൽ മുന്നിട്ടു നിൽക്കുന്ന ഇന്ത്യക്ക് ആഗോളതലത്തിൽ നടക്കുന്ന കൊറോണ വൈറസ് പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിൽ നിർണായക പങ്കാണ് വഹിക്കാനുള്ളത്.

നിരവധി രാജ്യങ്ങളാണ് ഇതിനോടകം തന്നെ ഇന്ത്യയുടെ വാക്സിനുകൾ ആവശ്യപ്പെട്ടിട്ടുള്ളത്. രാജ്യഭരണകർത്താക്കൾ നേരിട്ടും കോവിഡ് വാക്സിൻ വികസിപ്പിക്കുന്ന കമ്പനികൾക്ക് നേരിട്ടും ഓർഡർ നൽകുന്ന വിധത്തിലുമാണ് മറ്റു രാജ്യങ്ങൾ ഇന്ത്യയെ സമീപിച്ചിട്ടുള്ളത്.

പാക്കിസ്ഥാൻ ഒഴികെയുള്ള അയൽരാജ്യങ്ങൾ, ബ്രസീൽ, മൊറോക്കോ, സൗദി അറേബ്യ, മ്യാന്മർ, ബംഗ്ലാദേശ്, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യയിൽനിന്ന് വാക്സിൻ ഇറക്കുമതി ചെയ്യുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കോവിഡ് വാക്സിൻ നൽകുന്നതിന് അയൽരാജ്യങ്ങൾക്ക് ആദ്യം എന്ന രീതിയാവും ഇന്ത്യ പിന്തുടരുകയെന്നാണ് റിപ്പോർട്ടുകൾ.

ജനുവരി 16നാണ് ഇന്ത്യയിൽ കോവിഡ് വാക്സിൻ വിതരണം ആരംഭിക്കുന്നത്. സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ് വാക്സിനും ഭാരത് ബയോടെക്കിന്റെ കോവാക്സിനുമാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിട്ടുള്ളത്. വാക്സിൻ വിതരണത്തിന് മുന്നോടിയായുള്ള ഡ്രൈ റണ്ണുകൾ രാജ്യത്ത് വിജയകരമായി പൂർത്തിയാക്കിക്കഴിഞ്ഞു. രാജ്യത്തെ പ്രതിരോധ യജ്ഞം സുഖമമായി മുന്നോട്ടു കൊണ്ടുപോകുന്നതിനൊപ്പം മറ്റ് രാഷ്ട്രങ്ങൾക്ക് വാക്‌സിൻ എത്തിച്ചു നൽകുക എന്ന ഉത്തരവാദിത്തം ഇന്ത്യ വൈകാതെ ഏറ്റെടുക്കുമെന്നാണ് സൂചന.

നേപ്പാൾ 12 ലക്ഷം കോവിഡ് വാക്സിൻ ഡോസുകളാണ് ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഭൂട്ടാൻ പത്തുലക്ഷം കോവിഷീൽഡ് വാക്സിനുകളും ആവശ്യപ്പെട്ടിട്ടുണ്ട്. ബംഗ്ലാദേശ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി കരാറിൽ ഏർപ്പെട്ടു കഴിഞ്ഞു. മൂന്നുകോടി കോവിഷീൽഡ് വാക്സിനാണ് മറ്റൊരു അയൽരാജ്യമായ ബംഗ്ലാദേശ് ഇന്ത്യയിൽനിന്ന് വാങ്ങാനൊരുങ്ങുന്നത്.

ശ്രീലങ്കയും വാക്സിനു വേണ്ടി അഭ്യർത്ഥന നടത്തിയിട്ടുണ്ട്. മാലദ്വീപും ഇന്ത്യയിൽനിന്ന് വാക്സിൻ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ട്. കൂടാതെ കോവിഡ് വാക്സിൻ നൽകാനുള്ള സന്നദ്ധത ഇന്ത്യ അഫ്ഗാനിസ്താനെ അറിയിച്ചിട്ടുമുണ്ട്. ബ്രിക്സ് കൂട്ടായ്മയിലെ അംഗങ്ങളായ ബ്രസീലും സൗത്ത് ആഫ്രിക്കയും ഇന്ത്യയിൽനിന്ന് വാക്സിൻ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ട്.