റിയാദ്: കോവിഡ് വാക്‌സിനേഷൻ നടപടികൾ അടക്കം ഇന്ത്യയുടെ പ്രതിരോധ പ്രവർത്തനങ്ങളെ പ്രശംസിച്ച് സൗദി അറേബ്യൻ പത്രം. സൗദിയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന സൗദി ഗസറ്റാണ് ഇന്ത്യയുടെ കോവിഡ് പ്രതിരോധത്തെയും വാക്സിനേഷനെയും പ്രശംസിച്ചത് ലേഖനം എഴുതിയത്.

ഇന്ത്യ ലോകത്തെ ഏറ്റവും വലിയ വാക്സിനേഷൻ യജ്ഞത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ വളരെ വേഗത്തിൽ അർഹതപ്പെട്ടവർക്ക് വാക്സിനേഷൻ നൽകുന്നതിനാണ് ഇന്ത്യ പ്രാധാന്യം നൽകുന്നതെന്നും പത്രം പ്രശംസിക്കുന്നു.

കേന്ദ്രസർക്കാരും വിവിധ ഭരണകൂടങ്ങളും ആരോഗ്യപ്രവർത്തകരും ഒത്തുചേർന്ന് പ്രവർത്തിച്ചതിന്റെ ഫലം കണ്ടുവെന്നും പത്രം റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിൽ ഇതുവരെ 96 കോടിയിലധികം ഡോസ് വാക്സിനേഷൻ നൽകിയിട്ടുണ്ട്.

കോവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ, കേസുകൾ കുറഞ്ഞതോടെ പിൻവലിച്ചു തുടങ്ങിയിട്ടുണ്ട്. ഡൽറ്റ വകഭേദം കാരണം ഇന്ത്യയിൽ രണ്ടാം തരംഗമുണ്ടാകുകയും വലിയ തോതിലുള്ള മരണങ്ങളും സംഭവിച്ചു. എന്നാൽ എല്ലാ വിധത്തിലുള്ള പ്രതിസന്ധികളിൽ നിന്ന് കരകയറാൻ രാജ്യത്തിന് കഴിഞ്ഞു.

വ്യാപകമായി വാക്സിനേഷൻ നടത്തിയതിലൂടെ മരണവും രോഗവ്യാപനവും കുറച്ച് കൊണ്ടുവരാൻ ഇന്ത്യക്ക് സാധിച്ചു. നഗരങ്ങളിൽ മാത്രമല്ല ഉൽനാടൻ ഗ്രാമങ്ങളിൽ പോലും വാക്സിനേഷൻ യജ്ഞം സംഘടിപ്പിക്കാൻ കഴിഞ്ഞതിനെയും പത്രം പ്രശംസിക്കുന്നു.