ന്യൂഡൽഹി: രാജ്യം രണ്ടാം കോവിഡ് തരംഗത്തിന്റെ അരികിലോ എന്ന് ആരോഗ്യവിദഗ്ദ്ധർ സംശയം പ്രകടിപ്പിച്ചു. നാല് സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്നതാണ് ആശങ്ക ഉയർത്തുന്നത്. പഞ്ചാബ്, മഹാരാഷ്ട്ര, കേരളം, മധ്യപ്രദേശ്, എന്നീ സംസ്ഥാനങ്ങളിലാണ് ജാഗ്രത വേണ്ടത്. മഹാരാഷ്ട്രയിൽ കൊറോണ വൈറസിന്റെ നിരവധി പുതിയ വകഭേദങ്ങൾ കണ്ടെത്തിയെന്ന റിപ്പോർട്ടുകൾക്കിടയാണ് കേസുകളുടെ എണ്ണത്തിലെ വർദ്ധന. മഹാരാഷ്ട്രയിലെ വിദർഭ മേഖലയിലും, മുംബൈയിലും പുതിയ വകഭേദങ്ങൾ കണ്ടെത്തിയോടെ അധികൃതർ കൂടുതൽ ജാഗരൂകരായി.

മുംബൈയിൽ വീണ്ടും ലോക് ഡൗൺ?

മുംബൈയ്ക്കു മുന്നറിയിപ്പുമായി മേയർ രംഗത്തെത്തി. കോവിഡ് മാർഗനിർദ്ദേശങ്ങൾ പാലിക്കാൻ തയാറല്ലെങ്കിൽ അടുത്ത ലോക്ക്ഡൗണിനു ഒരുങ്ങാൻ മേയർ കിഷോരി പെദ്നേക്കർ മുന്നറിയിപ്പ് നൽകി. ലോക്ക്ഡൗൺ ഒഴിവാക്കണമെങ്കിൽ കോവിഡ് മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അവർ പറഞ്ഞു.

നിങ്ങൾ ലാഘവത്തോടെയാണ് പെരുമാറുന്നതെങ്കിൽ കോവിഡ് വർധിക്കുകയാണെങ്കിൽ ലോക്ക്ഡൗൺ ചുമത്തേണ്ടിവരും. ഇത് ഒഴിവാക്കാൻ ആഗ്രഹിക്കുന്നെങ്കിൽ നിയമങ്ങൾ കർശനമായി പാലിക്കണമെന്നും കിഷോരി പെദ്നേക്കർ ആവശ്യപ്പെട്ടു. മുംബൈയിലെ കോവിഡ് സ്ഥിതി രൂക്ഷമാണ്. ഇതിനെ നിയന്ത്രിക്കാൻ ആവശ്യമായതെല്ലാം മുംബൈ കോർപ്പറേഷൻ സ്വീകരിക്കുന്നുണ്ടെന്നും മേയർ ചൂണ്ടിക്കാട്ടി.

കഴിഞ്ഞകുറെ മാസങ്ങളായി ദിനംപ്രതിയുള്ള കേസുകൾ കുറഞ്ഞുവരികയായിരുന്നു.വെള്ളിയാഴ്ച 13,993 കേസുകൾ റിപ്പോർട്ട് ചെയ്തു. ജനുവരി 29 ന് ശേഷം റിപ്പോർട്ട് ചെയ്ത ഏറ്റവും കൂടിയ നിരക്ക്. കഴിഞ്ഞ അഞ്ചുദിവസങ്ങളിലായി കേസുകൾ കൂടി വരികയാണ്.9,121 (ഫെബ്രുവരി 16), 11,610(ഫെബ്ര 17), 12,881 (ഫെബ്ര 18), 13,193(ഫെബ്ര 19), 13993(ഫെബ്ര 20)

2020 സെപ്റ്റംബർ 17 ന് ശേഷം(97,894) ഒരുസന്ദർഭത്തിൽ മാത്രമേ തുടർച്ചയായ അഞ്ചുദിവസം കേസുകൾ ഉയർന്നിട്ടുള്ളു, നവംബർ 17 മുതൽ 21 വരെ.ലക്ഷണമില്ലാത്ത രോഗികളുടെ എണ്ണം കൂടുതലാണെന്നതിനാലും ഇവരിലൂടെയാണ് രോഗം ഏറെയും പടരുന്നത് എന്നതിനാൽ ആളുകൾ കൂട്ടം കൂടുന്നത് കർശനമായും ഒഴിവാക്കണമെന്നാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്. ഇപ്പോഴുള്ള അശ്രദ്ധ വരുംദിവസങ്ങളിൽ സാഹചര്യം മോശമാക്കിയേക്കുമെന്നും ഇവർ സൂചിപ്പിക്കുന്നു

കേരളത്തിൽ രോഗവ്യാപനം കുറയുന്നോ?

കേരളമുൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളുടെ കാര്യത്തിലാണ് കേന്ദ്രം ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്. കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്‌ഗഡ്, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പ്രതിദിനമുള്ള കോവിഡ് കേസുകളുടെ എണ്ണത്തിൽ പതിവായ വർധന രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. ഈ കണക്കുകളുടെ അടിസ്ഥാനത്തിൽ അഞ്ച് സംസ്ഥാനങ്ങളിലെയും കോവിഡ് പ്രതിരോധ നടപടികൾ കർശനമാക്കാൻ കേന്ദ്രം നിർദ്ദേശം നൽകിയതായും സൂചനയുണ്ട്.

കേരളത്തിൽ സമീപകാലത്ത് കേസുകളുടെ എണ്ണത്തിൽ വർദ്ധന ഉണ്ടായി എന്നുള്ളത് യാഥാർത്ഥ്യമാണ്. ഫെബ്രുവരി മൂന്നിന് കേരളം കർണാടകത്തെ മൊത്തെ കോവിഡ് കേസുകളിൽ മറികടക്കുകയും മഹാരാഷ്ട്രയ്ക്ക് പിന്നിൽ രണ്ടാമത് എത്തുകയും ചെയ്തു. സംസ്ഥാനത്ത് ആക്ടീവ് കേസുകൾ 60,087 ആണ്. ഇത് രാജ്യത്തെ ആകെ ആക്ടീവ് കേസുകളുടെ 42% മാണ്. അതേസമയം, രാജ്യത്ത് ഏറ്റവും കുറവ് കോവിഡ് രോഗികൾ കേരളത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഐസിഎംആർ പഠനം ഇത് വ്യക്തമാക്കുന്നതാണ്. സംസ്ഥാനത്ത് രോഗവ്യാപനം കുറയുന്നുണ്ട്. ഏകദേശം 5.8 ശതമാനം കുറവ് ഒരാഴ്ചക്കിടെ ഉണ്ടായെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മഹാരാഷ്ട്രയ്ക്ക് സമാനമായി പഞ്ചാബിലും മധ്യപ്രദേശിലും കേസുകൾ കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ. പഞ്ചാബിൽ 383 പുതിയ കേസുകൾ. ഫെബ്രുവരി 13 ന്് ശേഷം മധ്യപ്രദേശിലും സമാനസാഹചര്യം. കഴിഞ്ഞ 24 മണിക്കൂറിൽ 297 പുതിയ കേസുകൾ.

മാസ്‌ക് ധരിക്കൽ, സാമൂഹികാകലം പാലിക്കൽ, ആളുകൾ കൂടിച്ചേരുന്ന സാഹചര്യങ്ങൾ ഒഴിവാക്കൽ എന്നീ കാര്യങ്ങളാണ് പ്രധാനമായും ശ്രദ്ധിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ നിയമനടപടിയെടുക്കുന്ന കാര്യങ്ങളിൽ വിട്ടുവീഴ്ചയുണ്ടാകരുതെന്ന നിർദ്ദേശവും കേന്ദ്രം മുന്നോട്ടുവച്ചതായാണ് സൂചന.

മഹാരാഷ്ട്രയിൽ മുംബൈ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കോവിഡ് നിർദ്ദേശങ്ങൾ പാലിക്കാത്തവരെ പിടികൂടുന്നതിനായി പൊലീസിൽ നിന്ന് പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ മാസ്‌ക് ധരിക്കൽ നിർബന്ധമായും നടപ്പിലാക്കാൻ സാധിച്ചിട്ടുണ്ടെങ്കിലും നിയന്ത്രണങ്ങളിൽ അയവ് വന്നതോടെ സാമൂഹികാകലം പാലിക്കാത്ത സാഹചര്യമാണ് ഏറെയും കണ്ടുവരുന്നത്.

ലക്ഷണമില്ലാത്ത രോഗികളുടെ എണ്ണം കൂടുതലാണെന്നതിനാലും ഇവരിലൂടെയാണ് രോഗം ഏറെയും പടരുന്നത് എന്നതിനാൽ ആളുകൾ കൂട്ടം കൂടുന്നത് കർശനമായും ഒഴിവാക്കണെമന്നാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്. ഇപ്പോഴുള്ള അശ്രദ്ധ വരുംദിവസങ്ങളിൽ സാഹചര്യം മോശമാക്കിയേക്കുമെന്നും ഇവർ സൂചിപ്പിക്കുന്നു. വാക്‌സിനേഷൻ നടപടികൾ ആരംഭിച്ചതിനു ശേഷമാണ് ഈ വളർച്ച. ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുൻനിര പ്രവർത്തകർക്കും ഇതുവരെ 1.07 കോടിയിലധികം വാക്‌സിൻ ഡോസുകൾ നൽകിയിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചു