ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിൽ ടെലിഫോണിൽ സംസാരിച്ചു. കോവിഷീൽഡ് വാക്‌സിന് വേണ്ട അസംസ്‌കൃത വസ്തുക്കൾ അയയ്ക്കാമെന്ന് യുഎസ് പ്രഖ്യാപിച്ച് ഒരുദിവസം പിന്നിട്ടതിന് പിന്നാലെയാണ് ഫോൺ സംഭാഷണം. യൂറോപ്യൻ യൂണിയൻ, ജർമ്മനി, ഫ്രാൻസ് തുടങ്ങി നിരവധി രാജ്യങ്ങളും ഇന്ത്യയെ സഹായിക്കാൻ രംഗത്തെത്തിയിരുന്നു.

ഞായറാഴ്ച യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജാക് സള്ളിവനും ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും തമ്മിൽ നടത്തിയ ആശയവിനിമയത്തിലാണ് കോവിഷീൽഡിനുള്ള അസംസ്‌കൃത വസ്തുക്കൾ അടിയന്തരമായി എത്തിക്കാമെന്ന് സമ്മതിച്ചത്. ഇതുകൂടാതെ രോഗ നിർണയ കിറ്റുകൾ, വെന്റിലേറ്ററുകൾ, പിപിഇ സ്യൂട്ട് എന്നിവയും യുഎസ് ഇന്ത്യക്ക് നൽകും.

ജോ ബൈഡനുമായുള്ള സംഭാഷണം ഫലപ്രദമായിരുന്നുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഇരുരാജ്യങ്ങളിലെയും കോവിഡ് സ്ഥിതിഗതികൾ വിശദമായി ചർച്ച ചെയ്തു. അമേരിക്ക ഇന്ത്യയ്ക്ക് നൽകുന്ന പിന്തുണയ്ക്ക് ബൈഡനെ നന്ദി അറിയിച്ചു. വാക്‌സിന് വേണ്ട അസംസ്‌കൃത വസ്തുക്കളും, മരുന്നുകളും സുഗമമായി എത്തിക്കുന്നതിന്റെ പ്രാധാന്യവും സംസാരിച്ചു. ഇന്ത്യയും യുഎസും തമ്മിലുള്ള ആരോഗ്യമേഖലയിലെ സഹകരണം കോവിഡ് 19 ന്റെ ആഗോള വെല്ലുവിളിയെ നേരിടാൻ സഹായിക്കുമെന്നും മോദി ട്വീറ്റിൽ പറഞ്ഞു.

കോവിഡ് രണ്ടാംതരംഗ സമയത്ത് അമേരിക്ക ഇന്ത്യയോട് കാട്ടുന്ന തണുത്ത നയം കടുത്ത വിമർശനത്തിന് വഴിവച്ചിരുന്നു. ഞായറാഴ്ചയാണ് ബൈഡൻ-കമല ഹാരിസ് നേതൃത്വം ഇക്കാര്യത്തിൽ ഇടപെട്ടത്. മഹാമാരിയുടെ ആദ്യകാലത്ത് ഇന്ത്യ യുഎസിനെ സഹായിച്ചത് പോലെ ഇന്ത്യയെയും ഈ നിർണായക സമയത്ത് സഹായിക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് ബൈഡഡൻ ഞായറാഴ്ച ട്വീറ്റ് ചെയ്തിരുന്നു.

അതേസമയം, ഇന്ത്യയിലെ കോവിഡ് കേസുകളുടെ എണ്ണത്തിലെ റെക്കോഡ് കുതിപ്പിൽ ആശങ്ക അറിയിച്ച് ലോകാരോഗ്യ സംഘടന. രണ്ടാം കോവിഡ് തരംഗത്തിൽ ഇന്ത്യയിലെ സാഹചര്യം ഹൃദയഭേദകമെന്ന് ഡബ്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനം വിശേഷിപ്പിച്ചു. നിർണായകമായ ജീവൻരക്ഷാ ഉപകരണങ്ങൾ നൽകി ഡബ്ല്യുഎച്ച്ഒ കഴിയാവുന്നതെല്ലാം ചെയ്യുന്നുണ്ട്. ആയിരക്കണക്കിന് ഓക്‌സിജൻ കോൺസട്രേറ്റേഴ്‌സും, മൊബൈൽ ഫീൽഡ് ആശുപത്രികളും, ലാബ് ഉപകരണങ്ങളും അയച്ചിട്ടുണ്ട്. 2600 ജീവനക്കാരെ അധികമായി ഇന്ത്യയിൽ വിന്യസിച്ചെന്നും ടെഡ്രോസ് അദാനം ജനീവയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അതേസമയം, രാജ്യത്ത് പ്രതിദിന കോവിഡ് രോഗികൾ മൂന്നര ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 3,52,991 പേർക്ക് രോഗം കണ്ടെത്തിയപ്പോൾ 2812 പേരുടെ ജീവൻ നഷ്ടമായി. ഡൽഹിയിലെ ഓക്സിജൻ ക്ഷാമം പരിഹാരിക്കാത്തതിൽ കേന്ദ്രസർക്കാരിനെ ഡൽഹി ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. എന്നാൽ, രാജ്യത്ത് മതിയായ ഓക്‌സിജനുണ്ടെന്നും വിതരണത്തിലാണ് പ്രതിസന്ധിയെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.

കോവിഡ് വ്യാപനം പിടിവിട്ട് കുതിച്ചുയരുമ്പോൾ പ്രതിദിന രോഗികളുടെ എണ്ണത്തിൽ രാജ്യം അനുദിനം റെക്കോഡ് സൃഷ്ടിക്കുകയാണ്. തുടർച്ചയായി അഞ്ചാം ദിവസമാണ് മൂന്നു ലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ആകെ മരണം 1,95,123 ആയി ഉയർന്നെങ്കിലും മരണനിരക്ക് 1.13 ശതമാനമായി കുറഞ്ഞു. ചികിൽസയിലുള്ളവരുടെ എണ്ണം 28 ലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ 2,19,272 പേർ രോഗമുക്തി നേടിയത് മാത്രമാണ് ആശ്വാസക്കണക്ക്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 25 ശതമാനമായി ഉയർന്നു. എന്നാൽ, നിലവിലെ സ്ഥിതിയിൽ ആശങ്ക വേണ്ടെന്നും അനാവശ്യ ഭീതി കാര്യങ്ങൾ വഷളാക്കുന്നുവെന്നും കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടി. വീടുകളിൽ മാസ്‌ക് ധരിക്കുന്നത് ഉചിതമാണെന്നും ആർത്തവ സമയത്തും സ്ത്രീകൾക്കും വാക്‌സീൻ സ്വീകരിക്കാമെന്നും ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.