- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്ത് പുതിയ കേസുകൾ മൂന്നരലക്ഷത്തിനടുത്ത്; രോഗവ്യാപനം തീവ്രമായ സ്ഥലങ്ങളിൽ 14 ദിവസത്തേക്ക് നിയന്ത്രണങ്ങൾ കർക്കശമാക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം; എല്ലാ കൂട്ടംകൂടലുകളും ആഘോഷങ്ങളും നിയന്ത്രിക്കണമെന്നും കേന്ദ്ര സർക്കാർ
ന്യൂഡൽഹി:രാജ്യത്ത് ഇന്നും 3,40, 465 കോവിഡ് കേസുകളും, 2706 മരണങ്ങളും റിപ്പോർട്ട് ചെയ്തതോടെ രോഗവ്യാപനം ശക്തമായ സ്ഥലങ്ങളിൽ നിയന്ത്രണം കർക്കശമാക്കാൻ കേന്ദ്രസർക്കാരിന്റെ നിർദ്ദേശം. ടെസ്റ്റ് പൊസിറ്റിവിറ്റി 10ന് മുകളിൽ ഉള്ളതും, ഐ സി.യു/ഓക്‌സിജൻ കിടക്കകൾ 60% നിറഞ്ഞതുമായ സ്ഥലങ്ങളിൽ നിയന്ത്രണം ശക്തമാക്കണം. ജനങ്ങൾ ഇടപഴകുന്നത് നിയന്ത്രിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
എല്ലാ കൂട്ടംകൂടലുകളും ആഘോഷങ്ങളും നിയന്ത്രിക്കണം. രോഗവ്യാപനം കൂടിയ ഇടങ്ങളിൽ ഷോപ്പിങ് കോംപ്ലെക്സ്, സിനിമ തിയേറ്റർ, ഹോട്ടലുകൾ, ആരാധനാലയങ്ങൾ എന്നിവ അടച്ചിടണം. പൊതുഗതാഗത സംവിധാനങ്ങളിൽ പകുതി ആളുകൾ മാത്രമേ പാടുള്ളു. എല്ലാ ഓഫീസുകളിലും 50% ജീവനക്കാർ മാത്രം ജോലിക്ക് നേരിട്ട് ഹാജരായാൽ മതിയെന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. 14 ദിവസത്തേക്കാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. രാത്രി കർഫ്യു അടക്കമുള്ള മറ്റു നിയന്ത്രണങ്ങൾക്ക് പുറമേയാണിത്.
അതേസമയം, മഹാരാഷ്ട്രയിൽ ഇന്നും 60,000ലധികം കോവിഡ് രോഗികൾ. പുതുതായി 66,159 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു. ഈസമയത്ത് 771 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ഏഴുലക്ഷത്തിലേക്ക് അടുക്കുകയാണ്. 6,70,301 പേരാണ് ചികിത്സയിൽ കഴിയുന്നതെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
തമിഴ്‌നാട്ടിലും കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. 17,897 പേർക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. 107 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 13,933 ആയി ഉയർന്നു. ഗുജറാത്തിൽ 14,327 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രാജസ്ഥാനിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. പുതുതായി 17,269 പേർക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. 24മണിക്കൂറിനിടെ 158 പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ബിഹാറിൽ 24 മണിക്കൂറിനിടെ 13,089 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ഒരു ലക്ഷം കടന്നു. ആന്ധ്രാപ്രദേശിൽ 14,792 പേർക്ക് കൂടി കോവിഡ് പിടിപെട്ടു. ആന്ധ്രയിലും ചികിത്സയിലുള്ളവർ ഒരു ലക്ഷത്തിന് മുകളിലാണ്.
ഉത്തർപ്രദേശിൽ 35,156 പേർക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 298 പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്. കർണാടകയിൽ ഇന്ന് 35,024 പേർക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇതിൽ 19,637 പേരും ബംഗളൂരു നിവാസികളാണ്. ബംഗളൂരുവിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. 24 മണിക്കൂറിനിടെ 270 പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ