- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിലെ കോവിഡ് മരണങ്ങൾ: കണക്കുകൾ യഥാർഥമല്ലെന്ന ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് തള്ളി കേന്ദ്ര സർക്കാർ; അഞ്ചുപേർ പരസ്പരം ഫോണിൽ സംസാരിച്ച് തയ്യാറാക്കിയ റിപ്പോർട്ട്; അഭ്യൂഹങ്ങൾ മാത്രമെന്നും കോവിഡ് ടാസ്ക് ഫോഴ്സ് തലവൻ
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് മരണം സംബന്ധിച്ച കണക്കുകൾ യഥാർഥമല്ലെന്ന ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് തള്ളി കേന്ദ്ര സർക്കാർ. റിപ്പോർട്ട് തെളിവുകളുടെ അടിസ്ഥാനത്തിൽ ഉള്ളതല്ലെന്നും അഭ്യൂഹങ്ങൾ മാത്രമാണെന്നും രാജ്യത്തെ കോവിഡ് ടാസ്ക് ഫോഴ്സിന്റെ തലവനും നീതി ആയോഗ് അംഗവുമായ ഡോ. വി.കെ പോൾ പറഞ്ഞു.
ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് അടിസ്ഥാന രഹിതമാണ്. അഞ്ചുപേർ പരസ്പരം ഫോണിൽ സംസാരിച്ച് തയ്യാറാക്കിയ റിപ്പോർട്ടാണ് അതെന്നും ഡോ. വി.കെ പോൾ ആരോപിച്ചു. മരണക്കണക്കുകൾ ശേഖരിക്കാൻ ശക്തമായ സംവിധാനമാണ് നിലവിലുള്ളത്. പ്രശസ്ത മാധ്യമം അത്തരത്തിൽ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ കോവിഡ് മരണങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട മൂന്ന് ലക്ഷത്തെക്കാൾ മൂന്നിരട്ടിയോളം അധികമാണെന്ന് ആരോപിക്കുന്ന ലേഖനം ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ചിരുന്നു. സിറോ സർവെ ഫലങ്ങളുടെയും ആന്റീബോഡി ടെസ്റ്റ് ഫലങ്ങളെയും അടിസ്ഥാനപ്പെടുത്തി ആയിരുന്നു ലേഖനം.
42 ലക്ഷം വരെ മരണങ്ങൾ രാജ്യത്ത് നടത്തിട്ടുണ്ടാകാം എന്ന് ലേഖനത്തിൽ വലിയിരുത്തിയിരുന്നു. രാജ്യത്തെ ബാധിച്ച മഹാമാരിയുടെ വ്യാപ്തി കുറച്ചുകാട്ടുന്ന തരത്തിലുള്ളതാണ് ഔദ്യോഗിക കണക്കുകളെന്നും ലേഖനം കുറ്റപ്പെടുത്തിയിരുന്നു. ഈ വിഷയത്തിലാണ് നീതി ആയോഗ് അംഗം വിശദീകരണവുമായി രംഗത്തെത്തിയത്.
കോവിഡ് ബാധിച്ചവരുടെ എണ്ണം പരിശോധനയിൽ പോസിറ്റീവ് ആയവരെക്കാൾ വളരെ കൂടുതലാവാം എന്ന് അദ്ദേഹം സമ്മതിച്ചു. എന്നാൽ മരണങ്ങളുടെ കാര്യം അങ്ങനെയല്ല. മരണങ്ങൾ റിപ്പോർട്ടു ചെയ്യപ്പെടാൻ വൈകിയിട്ടുണ്ടാകാം. എന്നാൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ബോധപൂർവം വൈകിച്ചതല്ല അതൊന്നും
അതിനിടെ, കഴിഞ്ഞ 20 ദിവസമായി രാജ്യത്ത് കോവിഡ് കേസുകൾ കുറഞ്ഞ് വരികയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. 20 സംസ്ഥാനങ്ങളിൽ ആക്ടീവ് കേസുകളുടെ എണ്ണം കുറഞ്ഞു. രാജ്യത്ത് കോവിഡ് രണ്ടാം തരംഗം കുറഞ്ഞു വരുന്നുവെന്നാണ് സൂചനകൾ ലഭ്യമാകുന്നത്. നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയാലും കേസുകൾ കുറയുമെന്നാണ് കരുതുന്നതെന്നും ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.