ന്യൂഡൽഹി: ഐക്യരാഷ്ട്ര മനുഷ്യാവകാശസമിതിയുടെ രൂക്ഷ വിമർശനത്തെയും മറികടന്ന് റോഹിങ്യൻ അഭയാർത്ഥികളെ നാടുകടത്താൻ ഉറച്ച് കേന്ദ്രം. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും രാജ്യതാത്പര്യം മുൻനിർത്തി അവരെ നാടുകടത്തണമെന്നും കേന്ദ്രം സുപ്രീംകോടതിയിൽ ആവശ്യപ്പെടും. ഇത് രാജ്യത്തിന്റെ നയപരമായ തീരുമാനമാണെന്നും ഇതിൽ കോടതി ഇടപെടരുതെന്നും കേന്ദ്രം ആവശ്യപ്പെടും. അഭയാർഥികളെ നാടുകടത്തുന്നതിനെതിരേയുള്ള ഹർജിയിൽ നൽകുന്ന സത്യവാങ്മൂലത്തിലാണ് ഈ നിലപാട് സ്വീകരിക്കുക.

വ്യാഴാഴ്ച സത്യവാങ്മൂലം സമർപ്പിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ചെന്ന വാർത്തകൾ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജുവും മന്ത്രാലയ വക്താവ് അശോക് കുമാറും നിഷേധിച്ചു. സത്യവാങ്മൂലം തയ്യാറായി വരുന്നതേയുള്ളൂവെന്നും കരട് രൂപമാണ് പ്രചരിച്ചതെന്നും മന്ത്രാലയം അറിയിച്ചു. ഹർജി തിങ്കളാഴ്ച പരിഗണിക്കും. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ സത്യവാങ്മൂലം സമർപ്പിച്ചേക്കും.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തിങ്കളാഴ്ചയാണ് ഹർജി പരിഗണിക്കുന്നത്. നാടുകടത്താനുള്ള നീക്കത്തിൽനിന്ന് കേന്ദ്രസർക്കാരിനെ വിലക്കണം എന്നാവശ്യപ്പെട്ട് അഭയാർഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്.

നാൽപ്പതിനായിരത്തോളം റോഹിങ്യൻ അഭയാർഥികളാണ് ഇന്ത്യയിലുള്ളത്. ഇതിൽ 16,000 പേർ മാത്രമാണ് ഐക്യരാഷ്ട്ര അഭയാർഥിക്കമ്മിഷന്റെ രേഖകളിലുള്ളത്. ഡൽഹി, ജമ്മു, ഹൈദരാബാദ്, ഹരിയാണ, യു.പി., രാജസ്ഥാൻ എന്നിവിടങ്ങളിലെ 147-ഓളം ക്യാമ്പുകളിലാണ് ഇവർ കഴിയുന്നത്.

റോഹിങ്യകളെ ഐ.എസ്. പോലുള്ള ഭീകരസംഘടനകൾ ഉപയോഗപ്പെടുത്താൻ സാധ്യതയുണ്ട്. ജമ്മു, ഡൽഹി, ഹൈദരാബാദ്, രാജസ്ഥാനിലെ മേവാത്ത് എന്നിവിടങ്ങളിൽ കഴിയുന്ന റോഹിങ്യകളിൽ ചിലർക്ക് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. നിയമവിരുദ്ധമായാണ് റോഹിങ്യകൾ ഇന്ത്യയിൽ കഴിയുന്നത്. നിയമവിരുദ്ധമായി കുടിയേറിയവർക്ക് തുടരാൻ അവകാശമില്ല -കരട് സത്യവാങ്മൂലത്തിൽ പറയുന്നു.