- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് മികച്ച തുടക്കം; ആദ്യ സെഷനിൽ വിക്കറ്റ് പോകാതെ 46 റൺസ്; ആദ്യ ദിനത്തിൽ തന്നെ രസം കൊല്ലിയായി മഴ
ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ആദ്യ സെഷനിൽ തന്നെ രസം കൊല്ലിയായി മഴയെത്തിയപ്പോൾ ഇന്ത്യ മികച്ച നിലയിൽ. ഒന്നാം സെഷൻ പൂർത്തിയായപ്പോൾ ഇന്ത്യ 18.4 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 46 റൺസ് എന്ന നിലയിലാണ്.രോഹിത് ശർമ 35 റൺസോടെയും കെ.എൽ. രാഹുൽ 10 റൺസോടെയുമാണ് ക്രീസിൽ. ഇതുവരെ 66 പന്തുകൾ നേരിട്ട രോഹിത് ആറു ഫോറുകളോടെയാണ് 35 റൺസെടുത്തത്. രാഹുൽ 46 പന്തിൽ ഒരു ബൗണ്ടറി പോലും അടിക്കാതെയാണ് 10 റൺസെടുത്തത്.
നേരത്തെ, ടോസ് നേടിയ ഇംഗ്ലിഷ് നായകൻ ജോ റൂട്ട് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മഴമൂലം നേരത്തേ നിശ്ചയിച്ചിരുന്നതിലും അൽപം വൈകിയാണ് ടോസ് ഇട്ടത്. ഇന്ത്യൻ നിരയിൽ പരുക്കേറ്റ ഷാർദുൽ ഠാക്കൂറിനു പകരം ഇഷാന്ത് ശർമ ടീമിലെത്തി. ആദ്യ ടെസ്റ്റിൽ കളിച്ച ടീമിലുള്ള ഏക മാറ്റവും ഇതാണ്. ഇതോടെ, ഓപ്പണിങ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന മയാങ്ക് അഗർവാൾ പുറത്തായി. ആദ്യ ടെസ്റ്റിനു മുന്നോടിയായി പരുക്കേറ്റ മയാങ്കിനു പകരം കെ.എൽ. രാഹുലാണ് ഓപ്പണറായി കളിച്ചത്. അദ്ദേഹം തിളങ്ങിയ സാഹചര്യത്തിലാണ് അതേ കോംബിനേഷൻ തന്നെ പരീക്ഷിക്കാൻ ഇന്ത്യ തീരുമാനിച്ചത്.
പേസർമാർ പ്രതീക്ഷയ്ക്കൊത്തുയരുമ്പോഴും താളം കണ്ടെത്താത്ത ബാറ്റിങ് നിരയിലാണ് ഇംഗ്ലണ്ടിന്റെ ആശങ്ക. ബാറ്റിങ് നിര ശക്തിപ്പെടുത്തുന്നതിനായി പരിചയ സമ്പന്നനായ മൊയീൻ അലിയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരുക്കുമൂലം പേസർ സ്റ്റുവർട്ട് ബ്രോഡിന് ഇറങ്ങാൻ കഴിയില്ല. താരത്തിനു പരമ്പരയിലെ ബാക്കി മത്സരങ്ങളും നഷ്ടമാകുമെന്ന് അധികൃതർ അറിയിച്ചു. ഇംഗ്ലണ്ട് ടീമിൽ ആകെ മൂന്നു മാറ്റങ്ങളാണുള്ളത്. ക്രൗളിക്കു പകരം ഹസീബ് ഹമീദും ബ്രോഡിനു പരം മോാർക്ക് വുഡും ലോറൻസിനു പകരം മോയിൻ അലിയും കളിക്കും.
ഇന്ത്യൻ ടീം: രോഹിത് ശർമ, കെ.എൽ രാഹുൽ, ചേതേശ്വർ പൂജാര, വിരാട് കോലി (ക്യാപ്റ്റൻ), അജിൻക്യ രഹാനെ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഇഷാന്ത് ശർമ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്
ഇംഗ്ലണ്ട് ടീം: റോറി ബേൺസ്, ഡൊമിനിക് സിബ്ലി, ഹസീബ് ഹമീദ്, ജോ റൂട്ട് (ക്യാപ്റ്റൻ), ജോണി ബെയർസ്റ്റോ, ജോസ് ബട്ലർ (വിക്കറ്റ് കീപ്പർ), മോയിൻ അലി, സാം കറൻ, ഒലി റോബിൻസൻ, മാർക്ക് വുഡ്, ജയിംസ് ആൻഡേഴ്സൻ
മറുനാടന് മലയാളി ബ്യൂറോ