ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസിൽ ഇന്ന് ഇന്ത്യ മൂന്ന് വെങ്കലമെഡൽ നേടി. തുഴച്ചിലിൽ രണ്ടും ഷൂട്ടിങ്ങിൽ ഒരു വെങ്കലവും ഇന്ത്യ നേടി.

പുരുഷന്മാരുടെ സിംഗിൾ സ്‌കൾസ് റോവിങ്ങിൽ സ്വരൺ സിങ്ങിന്റെ വകയായിരുന്നു ആദ്യ വെങ്കലം. പിന്നീട് എട്ട് പേരടങ്ങുന്ന ടീമിനത്തിലും ഇന്ത്യ മൂന്നാമത് എത്തി മെഡൽ നേടി. തുടർന്ന് ഷൂട്ടിങ്ങിലും ഇന്ത്യ മൂന്നാം സ്ഥാനത്ത് എത്തി. ഡബിൾ ട്രാപ്പ് ടീമിനത്തിൽ ഇന്ത്യൻ വനിതകളാണ് മെഡൽ സമ്മാനിച്ചത്

പുരുഷന്മാരുടെ സിംഗിൾ സ്‌കൾസ് റോവിങ്ങിൽ സ്വരൺ സിങ്ങിന്റെ വകയായിരുന്നു വെങ്കലം. പഞ്ചാബിലെ മാൻസ സ്വദേശിയാണ് 24 കാരനായ സ്വരൺ സിങ്. ലണ്ടൻ ഒളിംപിക്‌സിൽ എട്ടാം സ്ഥാനത്തെത്തിയിരുന്നു. ആദ്യ ആയിരം മീറ്ററിൽ ഒന്നാം സ്ഥാനത്തായിരുന്ന സ്വരൺ പിന്നീടുള്ള 500 മീറ്ററിൽ രണ്ടാം സ്ഥാനത്തേയ്ക്കും അവസാനം മൂന്നാം സ്ഥാനത്തേയ്ക്കും പിന്തള്ളപ്പെടുകയായിരുന്നു. ആദ്യ ആയിരം മീറ്ററിൽ സ്വരണിന് പിറകിൽ രണ്ടാം സ്ഥാനത്തായിരുന്ന ഇറാന്റെ മോഹസെൻ ഷാദരനാഗ്‌ദെയ്ക്കാണ് സ്വർണം. ദക്ഷിണ കൊറിയയുടെ ഡോങ്‌യോങ് പിന്നീട് മികച്ച കുതിപ്പ് നടത്തിയാണ് വെള്ളി പിടിച്ചെടുത്തത്.

തുഴച്ചിൽ ടീമിനത്തിൽ കപിൽ ശർമ്മ, രഞ്ജിത് സിങ്ങ്, ബജ് രംഗ് ലാൽ താക്ഹർ, ഉലഹന്നാൽ റോബിൻ, സ്വാൻ കുമാർ കൽകൽ, ആസാദ് മുഹമ്മദ്, മനീന്ദർ സിങ്ങ്, ദേവീന്ദർ സിങ്ങ്, അഹമ്മദ് മുഹമ്മദ് എന്നിവരാണ് വെങ്കലും നേടിയത്. ഈയിനത്തിൽ ചൈനയും ജപ്പാനുമാണ് ഒന്നും രണ്ടും സ്ഥാനത്ത് എത്തിയത്. ഇതിൽ റോബിൻ ഉലഹന്നാൻ മലയാളിയാണ്.

ഷൂട്ടിങ്ങ് വനിതാ ഡബിൾ ട്രാപ്പിൽ വർഷാ വർമ്മനും ശ്രേയസി സിങ്ങും ഷാഗൗൺ ചൗദരിയും അടങ്ങുന്ന ടീമാണ് ഇന്ത്യക്ക് വെങ്കലും നൽകിയത്. ചൈനയ്ക്കാണ് ഈയിനത്തിൽ സ്വർണം. ദക്ഷിണ കൊറിയ വെള്ളി നേടി. ഷൂട്ടിങ്ങിൽ പുരുഷവിഭാഗം 25 മീറ്റർ സ്റ്റാൻഡേർഡ് പിസ്റ്റൾ വിഭാഗത്തിൽ മെഡൽ പ്രതീക്ഷയുമായി മത്സരിച്ച ഇന്ത്യയുടെ ഗുർപ്രീത് സിങ്ങിന് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

ഇതോടെ ഇഞ്ചിയോണിൽ ഇന്ത്യയുടെ മെഡൽ നേട്ടം പതിനഞ്ചായി. ഇതിൽ പതിമൂന്നും വെങ്കലമാണ്. ഒരു സ്വർണ്ണവും ഒരു വെള്ളിയും മാത്രമേ ഇന്ത്യയ്ക്ക് നേടാനായിട്ടുള്ളൂ.