ന്യൂഡൽഹി: 1965ലെ യുദ്ധ വിജയം ആർക്കായിരുന്നുവെന്നതിൽ ഇന്ത്യയും പാക്കിസ്ഥാനും തർക്കത്തിലാണ്. എന്നാൽ യുദ്ധത്തിൽ പാക്കിസ്ഥാനുണ്ടായ നഷ്ടങ്ങൾ അവിടുത്ത ചരിത്രകാരന്മാർ തന്നെ അക്കമിട്ട് നിരത്തുന്നു. ഇന്ത്യയുടെ വ്യോമാക്രമണങ്ങളിൽ പാക്കിസ്ഥാൻ എത്രത്തോളം കഷ്ടപ്പെട്ടുവെന്ന വിവരണം പുറത്തായിട്ട് രണ്ട് ദിവസമേ ആയിട്ടുള്ളൂ. ഇന്ത്യയുമായി ഒരു യുദ്ധത്തിലും പാക്കിസ്ഥാന് ജയിക്കാൻ കഴിഞ്ഞിട്ടില്ല. എങ്കിലും വെല്ലുവിളിക്ക് ഒരു കുറവുമില്ല. ഇതിന് ഇനിയൊരു യുദ്ധമുണ്ടായാൽ എന്താകും സംഭവിക്കുകയെന്ന് അർത്ഥ ശങ്കയ്ക്ക് വകയില്ലാതെ വിശദീകരിക്കുകയാണ് ഇന്ത്യ

പാക്കിസ്ഥാൻ സൈനിക മേധാവി ജനറൽ റഹീൽ ഷരീഫിന്റെ മുന്നറിയിപ്പിനും പ്രതികരണങ്ങൾക്കും ശക്തമായ മറുപടിയുമായി ഇന്ത്യ. വെറുതെ വിടുവായത്തം പറയുന്നവർ പറയട്ടെയെന്ന് കേന്ദ്ര മന്ത്രിയും മുൻ സൈനിക മേധാവിയുമായ വി.കെ. സിങ് പറഞ്ഞു. കശ്മീർ എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരുന്നുവെന്നും അത് എന്നും അങ്ങിനെ തന്നെ തുടരുമെന്നും കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങും വ്യക്തമാക്കി. ഇനിയൊരു യുദ്ധമുണ്ടായാൽ പാക് അധിനിവേശ കാശ്മീർ മുഴുവനായി പിടിച്ചെടുക്കുമെന്നാണ് ഇന്ത്യ നൽകുന്ന സൂചന.

ആക്രമിക്കുമ്പോൾ എങ്ങനെ തിരിച്ചടിക്കണമെന്ന് ഇന്ത്യക്ക് അറിയാമെന്നും അതിന് നമ്മൾ പൂർണ സജ്ജരാണെന്നും വി.കെ സിങ് വ്യക്തമാക്കി. പാക്കിസ്ഥാനും ജമ്മു കശ്മീരും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടെങ്കിൽ അത് പാക്കിസ്ഥാന്റെ നിയമവിരുദ്ധമായ ഇടപെടലിൽ നിന്നും പാക്ക് അധീന കശ്മീരിനെ മോചിപ്പിച്ച് ഇന്ത്യയുടെ ഭാഗമാക്കാം എന്നതുമാത്രമാണെന്നും ജിതേന്ദ്ര സിങും വ്യക്തമാക്കി. മുൻ യുദ്ധങ്ങളിൽ പാക്കിസ്ഥാനുണ്ടായ നഷ്ടങ്ങളും ഇന്ത്യ പരോക്ഷമായി സൂചിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യാ-പാക് അതിർത്തിയിൽ എന്തും സംഭവിക്കാമെന്ന അവസ്ഥയാണുള്ളത്. വാക് പോരുകൾ യുദ്ധമുണ്ടാക്കുമോ എന്ന ആശങ്ക സജീവവുമാണ്.

കശ്മീരെന്നത് വിഭജനത്തിന്റെ പൂർത്തിയാക്കാത്ത അജൻഡയാണെന്നും ഇനിയൊരു യുദ്ധമുണ്ടായാൽ ഇന്ത്യയ്ക്കു താങ്ങാനാകില്ല, അങ്ങനെയൊരു അബദ്ധം ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടായാൽ അത് സഹിക്കാനാകാത്ത പ്രത്യാഘാതമുണ്ടാക്കുമെന്നുമായിരുന്നു റഹീൽ ഷരീഫിന്റെ മുന്നറിയിപ്പ്. നിരപരാധികളാണ് അനീതിക്കും അക്രമത്തിനും കശ്മീരിൽ ഇരയാകുന്നത്. കശ്മീരിനെക്കുറിച്ച് ഒരു പ്രമേയം കൊണ്ടുവന്നാൽ സമാധാനമുണ്ടാകില്ല. വിഷയം മാറ്റിവയ്ക്കാനാകില്ലെന്നും പറഞ്ഞു.

ഐക്യരാഷ്ട്ര സംഘടനയുടെ പ്രമേയങ്ങളനുസരിച്ചു കശ്മീർ വിഷയം പരിഹരിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നുവെന്നുമാണ് പാക്കിസ്ഥാൻ സൈനിക മേധാവി പറഞ്ഞത്. ഏത് ആക്രമണം നേരിടാനും പാക്കിസ്ഥാന്റെ സൈന്യം സജ്ജമെന്നും സൈനിക മേധാവി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് തക്കതായ മറുപടിയുമായി ഇന്ത്യയും രംഗത്ത് വന്നത്. മുൻ യുദ്ധങ്ങളിൽ ഇന്ത്യ ജയിക്കുമ്പോഴും അന്താരാഷ്ട്ര സമൂഹത്തിന്റെ നിർദ്ദേശം അനുസരിച്ച് ലൈൻ ഓഫ് കൺട്രോൾ ഇന്ത്യ അംഗീകരിച്ചിരുന്നു. എന്നാൽ ഇനി അതുണ്ടാകില്ലെന്നാണ് ഇന്ത്യ ഫലത്തിൽ വിശദീകരിക്കുന്നത്.