ഭുവനേശ്വർ: ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് രണ്ട് സ്വർണം. വനിതാ ഷോട്പുട്ടിലും പുരുഷന്മാരുടെ അയ്യായിരം മീറ്ററിലുമാണ് സുവർണ നേട്ടം. നാലു മെഡലുകളുമായി ഇന്ത്യ ആദ്യദിനംമുതൽ മികച്ച പ്രകടനം തുടങ്ങി.

ഡിസ്‌കസ് ത്രോയിൽ വെങ്കലം നേടി വികാസ് ഗൗഡയാണ് ആദ്യ മെഡൽ നേടിയത്. പിന്നാലെ വനിതാ ഷോട്ട്പുട്ടിൽ മൻപ്രീത് കൗർ ഇന്ത്യക്കായി ആദ്യ സ്വർണ്ണവും സമ്മാനിച്ചു. 18.28 മീറ്റർ എറിഞ്ഞാണ് മൺപ്രീത് സ്വർണം കൊയ്തത്. പുരുഷ വിഭാഗം അയ്യായിരം മീറ്ററിൽ ഒന്നാമതെത്തി ജി ലക്ഷ്മണൻ ആണ് രണ്ടാം സ്വർണത്തിന് ഉടമയായത്.

വനിതാ ലോങ്ജംപിൽ മലയാളി താരം വി.നീന വെള്ളിയും നയന ജയിംസ് വെങ്കലവും കരസ്ഥാമാക്കി മലയാളികളുടെ അഭിമാന താരങ്ങളായി ആദ്യദിനത്തിൽ. പുരുഷ ഡിസ്‌കസ് ത്രോയിൽ ഇറാന്റെ ഹദാദി ഇഹ്സാനാണ് സ്വർണം. മലേഷ്യയുടെ ഇർഫാൻ മുഹമ്മദിന് വെള്ളിയും. ഇന്ത്യ പ്രതീക്ഷിച്ചിരുന്ന മെഡലാണ് മൻപ്രീതിലൂടെ നേടിയത്.

ഇന്ത്യയ്ക്ക് ആദ്യ സ്വർണം സമ്മാനിച്ച മൻപ്രീത് കൗർ, അടുത്ത മാസത്തെ ലണ്ടൻ ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ മൽസരിക്കാനും യോഗ്യത നേടി. മീറ്റിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ സമ്മാനിച്ചാണ് വികാസ് ഗൗഡ വെങ്കലം സ്വന്തമാക്കിയത്.

60.81 മീറ്റർ എറിഞ്ഞാണു വികാസിന്റെ വെങ്കല മെഡൽ പ്രകടനം. ഈ ഇനത്തിൽ ഇറാന്റെ എഹ്‌സാൻ ഹദാദി സ്വർണം (64.54 മീ) നേടി. 66.28 മീറ്ററിന്റെ ദേശീയ റെക്കോർഡ് സ്വന്തം പേരിലുള്ള താരത്തിന്റെ ഈ സീസണിലെ ഏറ്റവും മികച്ച പ്രകടനം 61.61 മീറ്ററായിരുന്നു.