- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്തെ 64 ലക്ഷം പേർക്ക് മെയ് മാസത്തിൽ മാത്രം കോവിഡ് വന്നു പോയിരിക്കാം; മെയ് പകുതിയോടെ വൈറസ് വ്യാപനം രൂക്ഷം; രോഗം വന്നുപോയത് 18നും 45നും ഇടയിൽ പ്രായമുള്ളവർക്ക്; ഇതുവരെ രോഗം സ്ഥിരീകരിച്ചവരിൽ 69.4 ശതമാനം പേരും ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവർ; ഐസിഎംആർ സീറോ സർവ്വെ ഫലം ഇങ്ങനെ; 24 മണിക്കൂറിനിടെ 96,551 കോവിഡ് കേസുകൾ കൂടി റിപ്പോർട്ടു ചെയ്തതോടെ ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 45 ലക്ഷം കടന്നു
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഇപ്പോൾ കണക്കാക്കിയതിലും എത്രയോ മടങ്ങ് ഇരട്ടി ആകാമെന്ന് സൂചിപ്പിച്ചു ഐസിഎംആറിന്റെ സർവേ ഫലം. രാജ്യത്ത് ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിക്കുന്നത് മുമ്പായി മെയ് മാസത്തിനുള്ളിൽത്തന്നെ 64 ലക്ഷത്തോളം ആളുകൾക്ക് കോവിഡ് വന്നിട്ടുണ്ടാവാം എന്നാണ് ഐസിഎം ആർ വ്യക്തമാക്കുന്നത്. രാജ്യവ്യാപകമായി നടത്തിയ സിറോ സർവ്വെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 40 ലക്ഷം കഴിഞ്ഞെന്ന വിവരം കേന്ദ്ര സർക്കാർ പുറത്തുവിട്ടത് നാല് ദിവസങ്ങൾക്ക് മുമ്പാണ്. ഇതോടെയാണ് ഇന്ത്യ കോവിഡ് രോഗികളുടെ എണ്ണത്തിൽ ലോകത്ത് രണ്ടാമതായത്.
ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസേർച്ചിൽ പ്രസിദ്ധീകരിച്ച സർവ്വെ ഫലം വ്യക്തമാത്തുന്നത് മെയ് പകുതിയോടെ തന്നെ വൈറസ് വ്യാപനം രൂക്ഷമായിരുന്നെന്നാണ്. 18നും 45നും ഇടയിൽ പ്രായമുള്ളവർക്കാണ് രോഗം വന്നുപോയത്. ആകെ ജനസംഖ്യയും 0.73 ശതമാനം ആളുകൾക്ക് രോഗം വന്നുപോയിരിക്കാമെന്നാണ് റിപ്പോർട്ട്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരിൽ 69.4% പേരും ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവരാണെന്നാണ് കണക്കുകൾ. ചേരിപ്രദേശങ്ങളിൽ 15.9 ശതമാനവും ചേരി ഇതര നഗരപ്രദേശങ്ങളിൽ ഇത് 14.6 ശതമാനവുമാണ്.
മെയ് മാസത്തെ ഈ കണക്കുകൾ സൂചിപ്പിക്കുന്നത് ഇന്ത്യ രോഗവ്യാപനത്തിന്റെ പ്രാരംഭ ഘട്ടത്തിലാണെന്നും ഭൂരിഭാഗം ജനങ്ങളെയും കോവിഡ് ബാധിച്ചേക്കാമെന്നും റിപ്പോർട്ട് പറയുന്നു. 21 സംസ്ഥാനങ്ങളിലായി 70 ജില്ലകളിലെ 700 വാർഡുകളിലോ വില്ലേജുകളിലോ ആയി നടത്തിയ സർവ്വെ ഫലമാണ് ഐസിഎംആർ പുറത്തുവിട്ടിരിക്കുന്നത്. 30,283 കുടുംബങ്ങളിലെ 28000 സാമ്പികളുകളാണ് സർവ്വെയ്ക്കായി ഉപയോഗിച്ചതെന്ന് ഐസിഎംആർ വ്യക്തമാക്കി.
കൺടെയ്ന്മെന്റ് മേഖലകളിലുൾപ്പെടുന്ന രോഗലക്ഷണമുള്ള എല്ലാവരിലും പരിശോധന നടത്തുക, സമ്പർക്കപ്പട്ടിക തിരിച്ചറിയുക, സമ്പർക്കവിലക്കേർപ്പെടുത്തുക തുടങ്ങിയ പ്രതിരോധമാർഗങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും സർവെ പറയുന്നുണ്ട്. 21 സംസ്ഥാനങ്ങളിൽ നിന്നായി 28,000 പേരുടെ രക്തസാമ്പിൾ എടുത്ത്, ഈ സാമ്പിളിൽ ഐജിജി ആന്റിബോഡികളുണ്ടായിരുന്നോ എന്നാണ് പരിശോധിച്ചത്. അതായത് രക്തത്തിലെ പ്ലാസ്മയുടെ ഫ്ളൂയിഡ് ഭാഗമായ സെറത്തിൽ, കോവിഡ് വന്ന് പോയവരാണെങ്കിൽ അതിന്റെ സൂചനകളുണ്ടാകും. രോഗത്തിന് കാരണമാകുന്ന ആന്റിജനുകളെ നേരിടാൻ ശരീരം ഉത്പാദിപ്പിക്കുന്ന ആന്റിബോഡികളുണ്ടോ എന്നാണ് സെറോ സർവൈലൻസിലൂടെ പരിശോധിച്ചത്.
അതായത് മെയ് മാസത്തിൽ ആർടിപിസിആർ വഴി സ്ഥിരീകരിച്ച ഓരോ കോവിഡ് പോസിറ്റീവ് കേസിനും ആനുപാതികമായി 82 മുതൽ 130 രോഗബാധിതർ വരെ ഉണ്ടാകാൻ സാധ്യതയുണ്ടായിരുന്നുവെന്നാണ് സെറോ സർവേ സൂചിപ്പിക്കുന്നത്. മുതിർന്നവരിലെ ആകെ രോഗബാധിതരുടെ എണ്ണം ഒരു ശതമാനത്തിൽത്താഴെ മാത്രമേ ഉള്ളൂ എന്നത് (0.73%) ആശ്വാസമാണെന്നും സർവേ ചൂണ്ടിക്കാട്ടുന്നു. പക്ഷേ, അപ്പോഴും നിലവിൽ കണ്ടെത്തിയ രോഗബാധിതരേക്കാൾ എത്രയോ കൂടുതലാകാം രാജ്യത്ത് നിലവിലുള്ള രോഗബാധിതർ എന്നതിന്റെ ചൂണ്ടുപലകയാവുക കൂടിയാണ് ഈ സെറോ സർവേ ഫലം.
മെയ് മാസത്തിൽത്തന്നെ രോഗം ഗ്രാമീണമേഖലകളിലേക്ക് പടർന്നിരിക്കാമെന്നും സെറോ സർവേ ഫലം ചൂണ്ടിക്കാട്ടുന്നുണ്ട്. ഗ്രാമീണമേഖലകളിൽ വേണ്ടത്ര ടെസ്റ്റിങ് ഇല്ലാത്തതിനാൽത്തന്നെ, രോഗബാധിതരെ കൃത്യമായി കണ്ടെത്താൻ കഴിയുന്നുണ്ടോ എന്നതും സംശയമാണ്. സെറോ സർവേ റിപ്പോർട്ട് അനുസരിച്ച്, വളരെ കുറച്ചുമാത്രം കോവിഡ് കേസുകൾ കണ്ടെത്തിയ ജില്ലകളിൽ നിന്ന് പോലും കൂടുതൽ പേർ സെറോ സർവേയിൽ പോസിറ്റീവായിട്ടുണ്ട്. ഗ്രാമീണമേഖലകളിൽ ഏറ്റവും കൂടുതൽ പേർ സെറോസർവേയിൽ പോസിറ്റീവായത് ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിൽ നിന്നാണ്.
അതേസമയം ഇന്ത്യയിലെ കോവിഡ് ബാധിതരുടെ കണക്കുകൾ മറ്റു രാജ്യങ്ങളിലേതിനേക്കാൾ ഉയരുന്നു എന്നും കണക്കുകളിൽ നിന്നും വ്യക്തമാണ്. ഒരു ലക്ഷത്തിനടുത്ത് കോവിഡ് കേസുകൾ വീണ്ടും റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിൽ ആകെ കോവിഡ് ബാധിതർ 45 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 96,551 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിച്ച കോവിഡ് കേസുകൾ 45,62,415 ആയി.
രാജ്യത്ത് 1,209 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 76,271 ആയി ഉയർന്നു. 1.67 ശതമാനമാണ് രാജ്യത്തെ കോവിഡ് മരണ നിരക്ക്. ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിച്ച 45,62,415 കേസുകളിൽ 9,43,480 പേരാണ് നിലവിൽ രോഗബാധിതരായി ഉള്ളത്. ഇതുവരെ 35,42,664 പേർ രോഗമുക്തരായി. 77.65 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 5.40 കോടി കോവിഡ് പരിശോധനകളാണ് വ്യാഴാഴ്ച വരെ രാജ്യത്ത് നടത്തിയതെന്ന് ഐസിഎംആർ അറിയിച്ചു. ഇന്നലെ മാത്രം 11, 63,542 പരിശോധനകളും നടത്തി.
മറുനാടന് മലയാളി ബ്യൂറോ