- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈവരിച്ചത് ശബ്ദത്തേക്കാൾ ആറു മടങ്ങു വേഗത്തിൽ മിസൈൽ തൊടുക്കാനുള്ള ശേഷി; ഡിആർഡിഒ വികസിപ്പിച്ച ഹൈപ്പർ സോണിക് ടെസ്റ്റ് ഡെമോൺസ്ട്രേറ്റർ വെഹിക്കിൾ പരീക്ഷണം വിജയകരം; അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്കൊപ്പം അതിവേഗ മിസൈൽ ശക്തിയായി ഇന്ത്യയും മാറുന്നു; ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്
ന്യൂഡൽഹി: ഹൈപ്പർസോണിക് മിസൈൽ ക്ലബിലേക്ക് ഇന്ത്യയും. ശബ്ദത്തേക്കാൾ ആറു മടങ്ങു വേഗത്തിൽ മിസൈൽ തൊടുക്കാനുള്ള സാങ്കേതിക വിദ്യ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ വീലർ ഐലന്റിലുള്ള എപിജെ അബ്ദുൾ കലാം വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഹൈപ്പർ സോണിക് മിസൈൽ പരീക്ഷച്ചത്. ഇതോടെ ഹൈപ്പർ സോണിക് മിസൈൽ സാങ്കേതിക വിദ്യ കൈവശമുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. അമേരിക്ക, റഷ്യ, ചൈന എന്നിവയാണ് ഹൈപ്പർ സോണിക് മിസൈൽ സാങ്കേതിക വിദ്യ കൈവശമുള്ള മറ്റു രാജ്യങ്ങൾ.
ഡിആർഡിഒ വികസിപ്പിച്ച ഹൈപ്പർ സോണിക് ടെസ്റ്റ് ഡെമോൺസ്ട്രേറ്റർ വെഹിക്കിൾ രാവിലെ 11.03നാണ് പരീക്ഷിച്ചത്. ഹൈപ്പർസോണിക് മിസൈലുകൾ രൂപകൽപ്പന ചെയ്യാൻ ഡിആർഡിഒയ്ക്ക് ആത്മവിശ്വാസം നൽകുന്നതാണ് ഇന്നത്തെ പരീക്ഷണം. നിലവിലുള്ള മിസൈലുകളേക്കാൾ സെക്കൻഡിൽ രണ്ടു കിലോമീറ്റർ അധികം സഞ്ചരിക്കാൻ പുതിയ സാങ്കേതിക വിദ്യയിൽ രൂപകൽപ്പന ചെയ്യുന്ന മിസൈലുകൾക്ക് ആവും.
അഗ്നി മിസൈൽ ബൂസ്റ്റർ ഉപയോഗിച്ച് രാവിലെ 11.30നാണ് പരീക്ഷണം നടത്തിയത്. ഡിഫൻസ് റിമസർച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ വികസിപ്പിച്ചെടുത്തതാണ് ഹൈപ്പർസോണിക് ടെസ്റ്റ് ഡെമോൻസ്ട്രേറ്റർ വെഹിക്കിൾ (എച്ച്എസ്ടിഡിവി). അശബ്ദത്തിന്റെ ആറ് മടങ്ങ് വേഗതയിൽ കുതിക്കാൻ കഴിയുന്ന ഹൈപ്പർസോണിക് മിസൈൽ നിർമ്മിക്കുന്നതിനുള്ള മുന്നൊരുക്കമാണിതെന്ന് ഡി.ആർഡിഒ പറഞ്ഞു. സെക്കന്റിൽ രണ്ടു കിലോമീറ്റർ അധികം സഞ്ചരിക്കാൻ കഴിയുന്ന മിസൈലുകൾ അഞ്ചു വർഷത്തിനുള്ളിൽ വികസിപ്പിച്ചെടുക്കും. ജ്വലനമുള്ള ചേംബർ പ്രഷർ, എയർ ഇൻടേക്ക്, കൺട്രോൾ ഗൈഡൻസ് അടക്കം എല്ലാ പരിധികളും പാലിച്ചുള്ളതാണ് പരീക്ഷണമെന്നും ഡിആർഡിഒ അറിയിച്ചു.
കംബസ്റ്റിൻ ചേംബർ പ്രഷർ, എയർ ഇൻടേക്ക്, കൺട്രോൾ ഗൈഡൻസ് തുടങ്ങി എല്ലാ തലത്തിലും പരീക്ഷണം പ്രതീക്ഷിച്ച ഫലം കൈവരിച്ചതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ടുകളിൽ പറയുന്നു. ഡിആർഡിഒ മേധാവി സതീഷ് റെഡ്ഡിയുടെ നേതൃത്വത്തിലായിരുന്നു പരീക്ഷണം. പരീക്ഷണത്തിന് നേതൃത്വം നൽകിയ ശാസ്ത്രജ്ഞരെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അഭിനന്ദിച്ചു. 'ആത്മനിർഭർ ഭാരത്' വിഷനിലെ ഏറ്റവും നാഴികകല്ലായ നേട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.
ശബ്ദത്തേക്കാൾ ആറ് മടങ്ങ് വേഗത്തിൽമിസൈൽ വിക്ഷേപിക്കാനുള്ള സാങ്കേതിത വിദ്യ ആദ്യം വികസിപ്പിച്ചത് ചൈനയായിരുന്നു. തൊട്ട് പിന്നാലെ അമേരിക്കയും റഷ്യയും ഇത് സ്വായത്തമാക്കി. എന്നാൽ, ഇതിലും വേഗതയേറിയ മിസൈൽ ഈ വർഷം അമേരിക്ക പരീക്ഷിച്ചിരുന്നു. ശബ്ദത്തേക്കാൾ 17 മടങ്ങ് വേഗതയിൽ സഞ്ചരിക്കുമെന്നതാണ് മിസൈലിന്റെ പ്രത്യേകത. അമേരിക്ക അതീവ രഹസ്യമായാണ് ഇക്കഴിഞ്ഞ മാർച്ചിൽ മിസൈലിന്റെ പരീക്ഷണം നടത്തിയത്. പസഫിക് സമുദ്രത്തിൽ വെച്ച് നടത്തിയ പരീക്ഷണത്തിന്റെ വിവരങ്ങൾ മൂന്ന് മാസങ്ങൾക്ക് ശേഷമാണ് പെന്റഗൺ വെളിപ്പെടുത്തിയത്.
സാധാരണയായി ശബ്ദത്തേക്കാൾ അഞ്ച് മടങ്ങ് വേഗതയിൽ സഞ്ചരിക്കുന്നവയാണ് ഹൈപ്പർ സോണിക് മിസൈലുകൾ. മണിക്കൂറിൽ 3,800 മൈൽ വേഗതയിലാണ് ഇവ സഞ്ചരിക്കുക. എന്നാൽ, മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായി നിർമ്മിച്ച പുതിയ ഹൈപ്പർ സോണിക് മിസൈലിനെ ‘സൂപ്പർ ഡ്യൂപ്പർ മിസൈൽ' എന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിശേഷിപ്പിച്ചത്.
First video of #HSTDV (Hypersonic Technology Demonstration Vehicle) being successfully flight tested by @DRDO_India from a defence facility off #Odisha coast. #India #AtmaNirbharBharat @XpressOdisha @NewIndianXpress pic.twitter.com/hdG6y2opx4
- Hemant Kumar Rout (@TheHemantRout) September 7, 2020
മറുനാടന് ഡെസ്ക്