ലണ്ടൻ: ഇന്റർനെറ്റ് സാങ്കേതിക രംഗത്ത് ഇന്ത്യ ലോകരാജ്യങ്ങൾക്കിടയിൽ ശ്രദ്ധേയമായ കുതിപ്പ് കാഴ്ച വയ്ക്കുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം ഇന്ത്യയിലെ ഇന്റർനെറ്റ് കണക്ഷനുകളുടെ എണ്ണം 56 കോടിയായിത്തീർന്നിരിക്കുകയാണ്. ഇക്കാര്യത്തിൽ രണ്ട് വർഷം കൊണ്ട് 65 ശതമാനം വർധനവാണ് രാജ്യത്തുണ്ടായിരിക്കുന്നത്. ഇത്തരത്തിൽ ടെക്നോളജിയുടെ കാര്യത്തിലെ കുതിപ്പ് ഇന്ത്യയ്ക്ക് മുതൽക്കൂട്ടാവുമെന്നാണ് പ്രവചനം. സാങ്കേതിക രംഗത്ത് അമേരിക്കയെയും ബ്രിട്ടനെയും ഒക്കെ കടത്തി വെട്ടി ഇന്ത്യ കുതിക്കുന്നത് ഇങ്ങനെയാണ്.

2016 മാർച്ച് മുതൽ 2018 വരെയുള്ള രണ്ട് വർഷത്തിനിടെയാണ് ഈ വർധനവുണ്ടായിരിക്കുന്നത്. ഇക്കാര്യത്തിൽ മൂന്ന് വർഷങ്ങൾക്ക് മുമ്പ് മോദി ഗവൺമെന്റിട്ട ലക്ഷ്യം പ്രാവർത്തികമായിരിക്കുകയാണ്. 2018 സെപ്റ്റംബർ അവസാനം ടെലികോം റെഗുലേറ്ററി അഥോറിറ്റ് ഓഫ് ഇന്ത്യ (ട്രായ്) പുറത്ത് വിട്ട കണക്ക് പ്രകാരമാണ് രാജ്യത്ത് 56 കോടി നാരോ ബാൻഡ്, ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്ഷനുകളുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ 2016 മാർച്ച് 31ന് ഇവിടെ 34 കോടി ഇന്റർനെറ്റ് കണക്ഷനുകളേ ഉണ്ടായിരുന്നുവെന്നറിയുമ്പോഴാണ് ഇതിന്റെ വളർച്ചയുടെ വ്യാപ്തി വ്യക്തമാകുന്നത്. 2017 മാർച്ച് 31ന് കണക്ഷനുകളുടെ എണ്ണം 42 കോടിയായി വർധിച്ചിരുന്നു.

തുടർന്ന് 2018 മാർച്ച് 31ന് അത് 49 കോടിയായാണ് വർധിച്ചിരുന്നത്. ഈ വർഷം ജൂൺ അവസാനത്തോടെ അത് 51 കോടിയായി വർധിക്കുകയും സെപ്റ്റംബർ 30 ഓടെ 56 കോടിയിലെത്തുകയുമാണ് ചെയ്തിരിക്കുന്നത്. 2018 ആകുമ്പോഴേക്കും രാജ്യത്ത് 50 കോടി ഇന്റർനെറ്റ് കണക്ഷനുകളുണ്ടാക്കുകയാണ് തന്റെ പദ്ധതിയെന്ന് 2015 ഡിസംബറിൽ യൂണിയൻ ടെലികോം മിനിസ്റ്ററായ രവി ശങ്കൽ പ്രസാദ് പ്രഖ്യാപിച്ചിരുന്നു. ആ ലക്ഷ്യമാണിപ്പോൾ പ്രാവർത്തികമായിരിക്കുന്നത്. നിലവിലുള്ള 56 കോടി കണക്ഷനുകളിൽ 36 കോടിയും നഗരപ്രദേശങ്ങളിലാണ്. 19.4 കോടി ഗ്രാമ പ്രദേശങ്ങളിലാണ്. നിലവിൽ കൂടുതൽ സർവീസ് പ്രൊവൈഡർമാർ ഗ്രാമപ്രദേശങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അർബൻ മേഖലകളിൽ ഇന്റർനെറ്റ് കണക്ഷൻ വർധിക്കാൻ പ്രധാന പങ്ക് വഹിച്ചത് റിലയൻസ് ജിയോയാണ്.

ഇത്തരമൊരു നേട്ടത്തിന് മുഖ്യ പങ്ക് വഹിച്ചത് ബിഎസ്എൻഎല്ലും കേന്ദ്രഗവൺമെന്റിന്റെ ഭാരത് നെറ്റ് പ്രൊജക്ടുമാണെന്നാണ് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ബാംഗ്ലൂരിലെ പ്രഫ. ഡെബാബ്രത ദാസ് പറയുന്നത്. ബിഎസ്എൻഎല്ലും ഭാരത് നെറ്റ് പ്രൊജക്ടും ചേർന്ന് രാജ്യത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകളെയും ഒരു ഒപ്റ്റിക്കൽ ഫൈബർ നെറ്റ് വർക്കിനാൽ ബന്ധിപ്പിച്ചുവെന്നും ഇത് ഗ്രാമങ്ങളിലെ ഇന്റർനെറ്റ് കണക്ഷനുകൾക്ക് നിർണായകമായി വർത്തിച്ചുവെന്നും ദാസ് എടുത്ത് കാട്ടുന്നു. കർണാടക, തമിൾനാട്, ആന്ധ്രപ്രദേശ് (തെലങ്കാന അടങ്ങിയത്), ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ 20 കോടി ഇന്റർനെറ്റ് കണക്ഷനുകളുണ്ട്. രാജ്യത്തെ മൊത്തം കണക്ഷനുകളുടെ 36 ശതമാനമാണിത്.

2016മായി താരതമ്യപ്പെടുത്തുമ്പോൾ കർണാടകയിൽ ഇന്റർനെറ്റ് കണക്ഷനുകളുടെ എണ്ണത്തിൽ 58 ശതമാനം വളർച്ചയുണ്ടായിരിക്കുന്നു. തമിൾനാട്ടിൽ 45 ശതമാനവും ആന്ധ്രയിൽ 76 ശതമാനവും മഹാരാഷ്ട്രയിൽ 56 ശതമാനവും ഗുജറാത്തിൽ 70 ശതമാനവുമാണ് ഇക്കാര്യത്തിൽ വളർച്ചയുണ്ടായിരിക്കുന്നത്. പ്രധാനമായും ജിയോ കണക്ഷനിലാണ് വർധനവുണ്ടായിരിക്കുന്നത്.