ന്യൂഡൽഹി: അതിർത്തിയിൽ ജനജീവിതം സ്തംഭിപ്പിക്കുന്ന തരത്തിൽ പാക്കിസ്ഥാൻ സൈന്യത്തിന്റെ വെടിവയ്പും ഭീകരരുടെ നുഴഞ്ഞുകയറ്റവും വർധിക്കുന്ന സാഹചര്യത്തിൽ അടുത്തൊരു മിന്നലാക്രമണം ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉടനുണ്ടായേക്കുമെന്ന സൂചന നൽകി കേന്ദ്രമന്ത്രി. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ്ങാണ് ഇത്തരമൊരു സൂചന നൽകിയത്.

അതിർത്തി കടന്നുള്ള ഭീകരാക്രമണത്തിനും പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുള്ള വെടിനിർത്തൽ കരാർ ലംഘനത്തിനും ശക്തവും ഉചിതവുമായ നടപടിയുണ്ടാകുമെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ഇന്ത്യാടുഡെ സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കവെ മന്ത്രിയുടെ വാക്കുകൾ ഇതോടെ ചർച്ചയായി. കാശ്മീർ പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉടൻ ഉണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്ത്ര മന്ത്രി രാജ്‌നാഥ് സിങും ഇന്ന് പറഞ്ഞിരുന്നു. ഇതോടെയാണ് ദേശീയ മാധ്യമങ്ങളിൽ ഉടൻ മിന്നലാക്രമണം ഇന്ത്യ പാക്കിസ്ഥാനെതിരെ നടത്തുമെന്ന നിലയിൽ ചർച്ച നടക്കുന്നത്.

പാക് പ്രകോപനത്തിന് മറുപടി നൽകുമോ എന്ന ചോദ്യത്തിന് ചില നടപടികളുണ്ടാകുമെന്നും എന്നാൽ അത് നടപ്പിലാക്കിയതിന് ശേഷം മാത്രമേ വെളിപ്പെടുത്തുകയുള്ളുവെന്നും മന്ത്രി പറഞ്ഞു. വിഷയത്തിൽ ഇനി എന്താണ് ചെയ്യാൻ പോകുന്നത് എന്ന് ഇപ്പോൾ പറയാൻ സാധിക്കില്ല. സുരക്ഷാ ഏജൻസികൾ വേണ്ടത് ചെയ്തുകൊള്ളുമെന്നും അതിന്റെ ഫലം നിങ്ങൾക്ക് തന്നെ കാണാമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെയാണ് മറ്റൊരു മിന്നലാക്രമണത്തിന് ഇന്ത്യ തയ്യാറായേക്കുമെന്ന അഭ്യൂഹങ്ങൾക്ക് കാരണമായത്.

കാശ്മിരിലെ യുവാക്കൾക്ക് മോദി സർക്കാരിന്റെ വികസന അജണ്ടക്കൊപ്പം നിൽക്കാനാണ് ആഗ്രഹം. എന്നാൽ ചിലർ നിരന്തരം പ്രശ്നങ്ങളുണ്ടാക്കുന്നു. ഇവർ 350 പേരിൽ കൂടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കശ്മീർ സംഘർഷങ്ങളുടെ അധ്യായം ഉടൻ തന്നെ അവസാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ സർക്കാർ പദ്ധതി നടപ്പിലാക്കുന്നതിനെ കുറിച്ച് എന്തെങ്കിലും കൂടുതൽ അദ്ദേഹം പറഞ്ഞിട്ടില്ല.

കാശ്മിർ പ്രശ്ന പരിഹാരത്തിന് ഹുറിയത്തിന് പങ്കില്ലെന്നും ഹുറിയത്തിന് മാത്രമല്ല കശ്മിരി പണ്ഡിറ്റുകൾ, ലഡാക്കികൾ, ബുദ്ധമതവിശ്വാസികൾ, സിഖ് മതവിശ്വാസികൾ, 65 ശതമാനം വരുന്ന യുവാക്കൾ ഇവർക്കെല്ലാം തുല്യ പ്രാധാന്യമുണ്ട്. ഇതിൽ ഹുറിയത്തിന് മാത്രമെന്തെങ്കിലും പ്രാധാന്യമുണ്ടെന്ന് തങ്ങൾ കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിഘടനവാദത്തെക്കുറിച്ചു സംസാരിക്കുന്ന, ഭീകരർക്ക് പിന്തുണ കൊടുക്കുന്ന ഹുറിയത്ത് നേതാക്കളുമായി സർക്കാർ ചർച്ചനടത്തില്ലെന്നും അദ്ദേഹം പറഞ്ഞു.