ന്യൂഡൽഹി: അതിർത്തിയിൽ പാക്കിസ്ഥാന് എല്ലാ സാാങ്കേതിക സഹായവുമായി ചൈന നിലയുറപ്പിക്കുന്നു. അതിർത്തിയിലെ നിരന്തര പ്രകോപനത്തിന് പാക്കിസ്ഥാനെ സജ്ജമാക്കുന്നതും ചൈനയുടെ പിന്തുണയാണെന്നാണ് വിലയിരുത്തൽ. പാക് അധിനിവേശ കാശ്മീരിലും ചൈനീസ് ഇടപടലുകൾ നിർണ്ണായകമാണ്. വികസന പ്രക്രിയയിലും ചൈന പങ്കാളികൾ. ഈ നയതന്ത്ര ബന്ധം തിരിച്ചറിഞ്ഞ് തന്ത്രപരമായ നീക്കത്തിന് ഇന്ത്യയും തയ്യാറെടുക്കുകയാണ്. അതിർത്തി കടന്ന് പാക്കിസ്ഥാൻ നടത്തുന്ന വെടിനിർത്തൽ കരാർ ലംഘനങ്ങളും നുഴഞ്ഞുകയറ്റവും ഫലപ്രദമായി നേരിടാൻ ഇന്ത്യ ഇസ്രയേലുമായി കൈകോർക്കും.

2014ൽ ഇസ്രയേൽ സന്ദർശിച്ച ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഗസ്സയിലെ അതിർത്തി ഔട്ട്‌പോസ്റ്റ് സന്ദർശിച്ചിരുന്നു. അതിർത്തിസുരക്ഷയിലെ ഇസ്രയേലിന്റെ മികവ് അന്ന് ഇന്ത്യ തിരിച്ചറിഞ്ഞു. ഡ്രോണുകൾ വഴി വിവരങ്ങൾ ശേഖരിക്കാൻ ഇസ്രയേൽ ഇലക്ട്രോ ഒപ്ടിക്കൽ സെൻസറുകളാണ് ഉപയോഗിക്കുന്നത്. അതിർത്തിയിലെ ടവറുകളിൽനിന്നുള്ള വിവരങ്ങൾ ശേഖരിക്കാൻ ഇതുവഴി സാധിക്കും. അപ്പപ്പോൾ തന്നെ ഈ വിവരങ്ങൾ കൺട്രോൾ റൂമിൽ ലഭിക്കും. അതുകൊണ്ട് തന്നെ നുഴഞ്ഞു കയറ്റം തടയാനുമായി. ഈ സംവിധാനം ഇന്ത്യൻ അതിർത്തിയിലും സ്ഥാപിക്കാനാണ് ഇന്ത്യയുടെ ആലോചന. ഇതിന്റെ ഭാഗമാണ് ചർച്ചകൾ.

സൈനിക രംഗത്തെ അതികായരാണ് ഇസ്രയേൽ. ചാര പ്രവർത്തനത്തിലും ഇസ്രയേൽ മുമ്പിലാണ്. ഇത് മനസ്സിലാക്കിയാണ് ഇസ്രയേലുമായി കൈകോർക്കാൻ ഇന്ത്യ തയ്യാറെടുക്കുന്നത്. ഇതുസംബന്ധിച്ച ചർച്ചകൾ ഇന്ത്യ ഇസ്രയേൽ ജോയിന്റ് സ്റ്റിയറിങ് കമ്മിറ്റി ഓൺ ഹോംലാൻഡ് ആൻഡ് പബ്ലിക് സെക്യൂരിറ്റിയുടെ നേതൃത്വത്തിൽ ന്യൂഡൽഹിയിൽ നടന്നു. ഇതിലൂടെ, നവീന സാങ്കേതികവിദ്യ ഉപയോഗിച്ചു മികച്ച സുരക്ഷാ സഹകരണം ഉറപ്പാക്കാനാണ് നീക്കം. സമാധാനവും സുരക്ഷയും ഉറപ്പുവരുത്താൻ രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള ഭീകരത വരുത്തിവയ്ക്കുന്ന ഭീഷണി നേരിടാനാണ് ഇതിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്.

ആധുനിക ഗാഡ്ജറ്റുകളായ ഇലക്ട്രോ ഒപ്റ്റിക്കൽ സെൻസറുകൾ, ഡ്രോണുകൾ തുടങ്ങിയവ ഉപയോഗിച്ചു രാജ്യാന്തര അതിർത്തിയിൽ എങ്ങനെ സുരക്ഷ ഉറപ്പാക്കാമെന്ന് ഇരുരാജ്യങ്ങളും ചർച്ച ചെയ്‌തെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ അറിയിച്ചു. 2016 സെപ്റ്റംബറിൽ ഉറിയിലെ സൈനിക ക്യാംപിനു നേർക്കുണ്ടായ ആക്രമണത്തിനു പിന്നാലെയാണ് ഇസ്രയേൽ ഇന്ത്യയ്ക്കു സഹായം വാഗ്ദാനം ചെയ്തത്. അതിർത്തിയിൽ വേലി കെട്ടുന്നതു ശക്തിപ്പെടുത്തുന്നതിനും ഇസ്രയേൽ സഹായം കിട്ടും. അതിർത്തി സുരക്ഷയ്‌ക്കൊപ്പം പൊലീസ് സംവിധാനത്തെ ആധുനികവൽക്കരിക്കാനുള്ള സഹായവും ഇസ്രയേൽ നൽകും.

ഇസ്രയേലിന്റെ ഇന്ത്യയിലേക്കുള്ള അംബാസഡർ ഡാനിയേൽ കാർമൺ ആണ് ഇസ്രയേൽ പ്രതിനിധി സംഘത്തെ നയിച്ചത്. ഇന്ത്യൻ സംഘത്തെ നയിച്ചത് ആഭ്യന്തര മന്ത്രാലയം അഡീഷനൽ സെക്രട്ടറി ടി.വി എസ്.എൻ. പ്രസാദ് ആണ്. 2017ൽ ജമ്മു കശ്മീരിൽ 515 നുഴഞ്ഞുകയറ്റ ശ്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 75 ഭീകരരെ വധിച്ചു. 2016ൽ ഇത് 454 കേസുകളായിരുന്നു. ആകെ 45 ഭീകരരെയും വധിച്ചു. ഈ കണക്കുകളാണ് അതിർത്തിയിൽ ഇസ്രയേൽ സഹകരണത്തിലൂടെ തീവ്രവാദികളെ നേരിടാനുള്ള തന്ത്രങ്ങളിലേക്ക് കാര്യങ്ങളെത്തിക്കാൻ ഇന്ത്യയെ നിർബന്ധിതമാക്കുന്നത്.