ടെൽ അവീവ്: ഇസ്രയേലിലേക്ക് വിമാന സർവീസ് തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രയേലിലെ ടെൽ അവീവിലേക്ക് ഡൽഹിയിൽനിന്നും മുംബൈയിൽനിന്നും വിമാന സർവീസ് തുടങ്ങുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ടെൽ അവീവിലെ കൺവെൻഷൻ സെന്ററിൽ ഇസ്രയേലിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്.

മാത്രമല്ല ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡുകൾക്ക് വേണ്ടിയുള്ള നിയമാവലികൾ ലളിതമാക്കുമെന്നും ഇന്ത്യൻ കൾച്ചറൽ സെന്റർ ഇസ്രയേലിൽ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.ഇസ്രയേൽ സൈന്യത്തിൽ ജോലി ചെയ്തിട്ടുള്ള ഇന്ത്യൻ വംശജർക്കും ഈ ആനുകൂല്യം നൽകുമെന്ന് അദ്ദേഹം ഉറപ്പു നൽകി.

കാർഷിക-വാണിജ്യ മേഖലകളിലും സഹകരണം ശക്തമാക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ തീരുമാനമായി. ഇന്ത്യയും ഇസ്രയേലും തമ്മിൽ നയതന്ത്ര ബന്ധം തുടങ്ങിയിട്ട് 25 വർഷങ്ങൾ മാത്രമാണ് ആയത്. എന്നാൽ ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

നേരത്തെ എയർ ഇന്ത്യ ഇസ്രയേലിലേയ്ക്ക് നേരിട്ട് വിമാന സർവ്വീസ് അരംഭിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പാക്കിസ്ഥാനെയും അഫ്ഗാനിസ്ഥാനെയും ഒഴിവാക്കിക്കൊണ്ടുള്ള റൂട്ട് സംബന്ധിച്ച് തീരുമാനമാകാത്തിനാൽ തീരുമാനം നീണ്ടു പോകുകയായിരുന്നു.ആറര മണിക്കൂർ മാത്രം ദൈർഘ്യമുള്ള ന്യൂഡൽഹി-ടെൽ അവീവ് റൂട്ടാണ് എയർ ഇന്ത്യ മുന്നോട്ട് വെച്ചത്. എന്നാൽ പാക്ക്, അഫ്ഗാൻ ആകാശങ്ങൾ ഒഴിവാക്കിക്കൊണ്ടുള്ള റൂട്ടായിരുന്നു ഇസ്രയേലിന് താത്പര്യം.

എന്നാൽ ഇങ്ങനെ റൂട്ട് വന്നാൽ അത് സാമ്പത്തികമായി ലാഭകരമായിരിക്കില്ലായെന്നും യാത്ര ഒൻപത് മണിക്കൂറിലേറെ നീളുമെന്നും വിലയിരുത്തലുകളുണ്ടായിരുന്നു. 20 ലക്ഷം രൂപ കൂടുതലായി വേണ്ടി വരുമെന്നാണ് എയർ ഇന്ത്യ ചൂണ്ടിക്കാണിക്കുന്നത്. മെയ് 12ന് സർവ്വീസ് ആരംഭിക്കുവാനാണ് ആദ്യം പദ്ധതിയിട്ടത്. പ്രധാനമന്ത്രി നരേന്ദ മോദിയുടെ ഇസ്രയേൽ സന്ദർശനത്തിന് മുമ്പ് ഇത് വേണ്ടായെന്ന് പിന്നീട് തീരുമാനിക്കുകയായിരുന്നു.