ടോക്കിയോ: ആണവോർജ പദ്ധതിയിൽ സഹകരിക്കുന്നതു സംബന്ധിച്ച ഉടമ്പടിയിൽ ഇന്ത്യയും ജപ്പാനും ഒപ്പുവച്ചു. ജപ്പാൻ സന്ദർശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബേയും തമ്മിൽ നടന്ന ചർച്ചകൾക്ക് പിന്നാലെയാണ് ഇരുരാജ്യങ്ങളും ഉടമ്പടിയിൽ ഒപ്പുവച്ചത്. ഇരുരാജ്യങ്ങൾക്കുമിടയിലെ സാമ്പത്തിക, സുരക്ഷാ രംഗങ്ങളിലെ സഹകരണത്തിന് പുതിയ ഉടമ്പടി കുതിപ്പേകും. മാത്രമല്ല, യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആണവ കമ്പനികൾക്ക് ഇന്ത്യയിൽ ആണവ പ്ലാന്റുകൾ നിർമ്മിക്കുന്നതിനും പദ്ധതി അവസരമൊരുക്കും.

സിവിൽ ആണവ പദ്ധതിയിൽ സഹകരിക്കുന്നതു സംബന്ധിച്ച് ഇന്ത്യയും ജപ്പാനും തമ്മിൽ ചർച്ചകൾ ആരംഭിച്ചിട്ടു വർഷങ്ങളായി. എന്നാൽ, 2011ലെ ഫുക്കുഷിമ ആണവ റിയാക്ടർ ദുരന്തം ഉണ്ടായതോടെ ജപ്പാനിൽ ഇതിനെതിരായ രാഷ്ട്രീയ സമ്മർദം ശക്തമായി. ഇക്കഴിഞ്ഞ ഡിസംബറിൽ അബേ ഇന്ത്യ സന്ദർശിച്ചപ്പോൾ നടന്ന ചർച്ചകളിൽ മഞ്ഞുരുകുകയും ആലോചന പുനഃരാരംഭിക്കുകയും ചെയ്തു. ഇതിനെല്ലാം പിന്നാലെയാണ് ഉടമ്പടി ഇന്ന് യാഥാർഥ്യമായത്.

ഉടമ്പടി യാഥാർഥ്യമായതോടെ ഇനി മുതൽ ആണവ സാങ്കേതിക വിദ്യ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാൻ ജപ്പാന് സാധിക്കും. ജപ്പാനിൽനിന്ന് ആണവ സാങ്കേതിക വിദ്യ ഇറക്കുമതി ചെയ്യുന്ന ആണവ നിർവ്യാപന കരാറിൽ ഒപ്പിടാത്ത ആദ്യ രാജ്യമായും ഇന്ത്യ മാറും. ചൈനയ്‌ക്കെതിരെ യോജിച്ചുനിന്ന് പോരാടാനും കരാർ ഇരു രാജ്യങ്ങളേയും സഹായിക്കും.