ഭുവനേശ്വർ: പുരുഷ ലോകകപ്പ് ഹോക്കിയിൽ ആതിഥേയരായ ഇന്ത്യ പുറത്ത്, ക്വാർട്ടറിൽ മുൻ ലോക ചാമ്പ്യന്മാരായ നെതർലാൻഡ്‌സിനോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഇന്ത്യ പരാജയം സമ്മതിച്ചത്. കാണികളുടെ ആവേശ്വോജ്ജ്വലമായ പിന്തുണയുടെ ബലത്തിൽ കളത്തിലിറങ്ങിയ ഇന്ത്യയാണ് മത്സരത്തിൽ ലീഡ് നേടിയതെങ്കിലും ആദ്യ ക്വാർട്ടർ അവസാനിക്കുവാൻ സെക്കൻഡുകൾ മാത്രം അവശേഷിക്കെ നെതർലാൻഡ്‌സ് ഒപ്പമെത്തി. അടുത്ത രണ്ട് ക്വാർട്ടറിൽ ഗോൾ പിറക്കാതിരുന്നുവെങ്കിലും മത്സരം അവസാനത്തോടടുത്തപ്പോൾ നെതർലാണ്ട്‌സ് മുന്നിലെത്തി. 2-1 എന്ന സ്‌കോറിനായിരുന്നു മൂന്ന് വട്ടം ലോക ചാമ്ബ്യന്മാരായ നെതർലാണ്ട്‌സിനോട് ഇന്ത്യ തോറ്റ് മടങ്ങിയത്.

മത്സരത്തിന്റെ 12ാം മിനുട്ടിൽ ഇന്ത്യയ്ക്ക് ലഭിച്ച പെനാൾട്ടി കോർണറിൽ നിന്നാണ് ഗോൾ പിറന്നത്. ഹർമ്മൻപ്രീത് സിങ് തൊടുതത് ഷോട്ട് ഹോളണ്ട് പ്രതിരോധം തടഞ്ഞുവെങ്കിലും ആകാശ്ദീപ് സിങ് ഇന്ത്യയെ മുന്നിലെത്തിച്ചു. ആദ്യ ക്വാർട്ടർ അവസാനിക്കുവാൻ സെക്കൻഡുകൾ മാത്രം അവശേഷിക്കെയാണ് ഇന്ത്യയ്‌ക്കെതിരെ സമനില ഗോൾ നേടുവാൻ നെതർലാണ്ട്‌സിനു കഴിഞ്ഞത്. തിയറി ബ്രിങ്ക്മാൻ ആണ് ഗോൾ സ്‌കോറർ. 50ാം മിനുട്ടിൽ മിങ്ക് വാൻ ഡെർ വീർഡെൻ ആണ് ഇന്ത്യയുടെ ഹൃദയം തകർത്ത ഗോളിനുടമ.