ന്യൂഡൽഹി: ഗൾഫ് യുദ്ധ കാലത്തും ഇപ്പോൾ യമനിൽ യുദ്ധമുണ്ടായപ്പോഴും മറ്റു പല സാഹചര്യങ്ങളിലും പതിനായിരക്കണക്കിന് ഇന്ത്യക്കാരെ രക്ഷിച്ച് നാട്ടിലെത്തിക്കാൻ ഇന്ത്യൻ സർക്കാർ വൻ സന്നാഹങ്ങൾ ഒരുക്കി വാർത്തയായിരുന്നു. എന്തിനാണ് ഇത്രയും വിഭവങ്ങളും സന്നാഹങ്ങളും ഒരുക്കാൻ കേന്ദ്ര സർക്കാരിനെ പ്രേരിപ്പിക്കുന്നതെന്ന് ആരും ആശ്ചര്യപ്പെട്ടു പോകാം. പുതിയൊരു ലോക ബാങ്ക് റിപ്പോർട്ട് ഈ ചോദ്യത്തിന് ഭാഗികമായ ഉത്തരം നൽകും. അന്യരാജ്യങ്ങളിൽ ജോലി ചെയ്ത് സ്വന്തം നാട്ടിലേക്ക് ഏറ്റവു കൂടുതൽ പണയമക്കുന്ന പ്രവാസികളിൽ ലോകത്ത് ഒന്നാം സ്ഥാനം ഇന്ത്യക്കാരാണെന്ന് പുതിയ ലോക ബാങ്ക് റിപ്പോർട്ട് പറയുന്നു.

2014-ലെ കണക്കുകൾ പ്രകാരം 70.38 ശതകോടി യുഎസ് ഡോളർ (നാലു ലക്ഷം കോടി രൂപയിലേറെ) ആണ് പ്രവാസി ഇന്ത്യക്കാർ നാട്ടിലേക്കയച്ച തുക. ആഗോള കുടിയേറ്റ ജോലിക്കാരിൽ പണമയക്കുന്ന കാര്യത്തിൽ ഒന്നാം സ്ഥാനം ഇന്ത്യയ്ക്കാണ്. തൊട്ടു പിറകെ ചൈനയാണ്. ചൈനീസ് പ്രവാസികൾ നാട്ടിലേക്കയച്ചത് 64.14 ശതകോടി ഡോളർ. ഫിലിപ്പീൻസ്, മെക്‌സിക്കോ, നൈജീരിയ എന്നീ രാജ്യങ്ങൾ പിറകെ അൽപ്പം അകലെ ആയുണ്ട്. കുടിയേറ്റ രാജ്യങ്ങളിലെ കടുത്ത സാമ്പത്തിക സാഹചര്യങ്ങളെ തുടർന്ന് കുടിയേറ്റക്കാർ തങ്ങളുടെ നാടുകളിലേക്ക് അച്ചയ പണത്തിൽ 2013-14 വർഷത്തിൽ വലിയ മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ല. എന്നാൽ ഈ വർഷവും തുടർന്നുള്ള വർഷങ്ങളും ഇതുയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മുൻ വർഷം ഇന്ത്യൻ പ്രവാസികളുടെ ഇന്ത്യയിലെത്തിയ സമ്പാദ്യം 69.97 ശതകോടി ഡോളറായിരുന്നു. 2014-ൽ ഇത് നേരിയ തോതിൽ ഉയർന്ന് 70.38 ശതകോടിയിലെത്തി. ഇന്ത്യയുടെ ജിഡിപിയുടെ 3.7 ശതമാനം വരുമിത്. ഈ പണം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് താങ്ങായി വർത്തിക്കുന്നു.

ഈ നിക്ഷേപം വലിയ അടിസ്ഥാന സൗകര്യ വികസനത്തിനും സാമ്പത്തിക വികസനത്തിനും ഉപയോഗപ്പെടുത്താനാകുമെന്നാണ് ലോക ബാങ്ക് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. വിദേശ നിക്ഷേപങ്ങളടക്കമുള്ള മറ്റു മൂലധനങ്ങളുടെ ഒഴുക്കിനേക്കാൾ വലുതും സ്ഥിരതയും വർധനയുമുള്ള നിക്ഷേപമാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രവാസികളുടെ നിക്ഷേപം. രാജ്യത്തിന്റെ ക്രെഡിറ്റ് റേറ്റിങ് മെച്ചപ്പെടുത്താനും അതു വഴി കടംവാങ്ങൽ ചെലവുകൾ കുറക്കാനും ഡെബ്റ്റ് മെച്യൂരിറ്റി ദീർഘിപ്പിക്കാനും ഇതു സഹായകമാകുമെന്ന് ലോക ബാങ്ക് റിപ്പോർട്ട് വ്യക്തമാക്കുന്നു. രാജ്യങ്ങളുടെ കട ശേഷി റേറ്റിങ് നിർണയത്തിൽ അതതു രാജ്യങ്ങളുടെ പ്രവാസി നിക്ഷേപങ്ങളും ഈയിടെയായി വിവിധ അന്താരാഷ്ട്ര റേറ്റിങ് ഏജൻസികൾ പരിഗണിച്ചു തുടങ്ങിയിട്ടുണ്ട്.

ഇത്രയും നിക്ഷേപം പ്രവാസികൾ വിയർപ്പൊഴുക്കി നാട്ടിലെത്തിക്കുമ്പോൾ സർക്കാരിന് ഇവർക്കു വേണ്ടി എന്തെങ്കിലും ചെയ്യാതിരിക്കാൻ കഴിയുമോ? വല്ലപ്പോഴുമുള്ള സംഘർഷ സാഹചര്യങ്ങളിൽ അടിന്തര ഓപറേഷനുകളിലൂടെ പ്രവാസികളെ രക്ഷപ്പെടുത്തിയും നാട്ടിലെത്തിച്ചും കേന്ദ്ര സർക്കാർ താരമാകുമ്പോൾ ലക്ഷക്കണക്കിന് പ്രവാസികൾ, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ ഏറെ ദുരിതത്തിൽ തന്നെയാണിപ്പോഴും കഴിയുന്നത് എന്നതും വസ്തുതയാണ്. മറ്റു രാജ്യങ്ങൾ തങ്ങളുടെ പ്രവാസികളുടെ സുരക്ഷയും പുനരധിവാസവും ഉറപ്പാക്കാൻ കാര്യമായ ശ്രമങ്ങൾ നടത്തുമ്പോഴും ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ പലപ്പോഴും വേണ്ടത്ര ശുഷ്‌കാന്തി കാട്ടാറില്ലെന്ന് ആക്ഷേപവും ഗൾഫ് പ്രവാസികൾക്കിടയിൽ വ്യാപകമായുണ്ട്.

വിഷു പ്രമാണിച്ച് നാളെ (15.4.2015) ഓഫീസിന് അവധിയായതിനാൽ  മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. വായനക്കാർക്ക് വിഷു ആശംസകൾ- എഡിറ്റർ.