ന്യൂഡൽഹി: പാക്കിസ്ഥാനിലെ അരക്ഷിതാവസ്ഥയിൽ ജീവിതം ഹോമിക്കുന്ന അവിടുത്തെ ഹിന്ദുക്കൾക്ക് സന്തോഷ വാർത്ത. ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് ദീർഘകാലത്തേയ്ക്കുള്ള വിസ ഉൾപ്പെടെ ഒട്ടേറെ ആനുകൂല്യങ്ങൾ നൽകാൻ കേന്ദ്രം തീരുമാനിച്ചു. പാക്കിസ്ഥാനിൽനിന്ന് മടങ്ങിയെത്തുന്നവർക്ക് പൗരത്വം നൽകുന്നതിനും ഇളവുകളുണ്ടാകും.

പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലെത്തിയ ദീർഘകാലത്തെ വിസയിൽ താമസിക്കുന്നവർക്ക് ഇന്ത്യയിൽ ഭൂമി വാങ്ങുന്നതിനും ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിനും പാൻ, ആധാർ തുടങ്ങിയ രേഖകൾ സമ്പാദിക്കുന്നതിനും സാധിക്കും. പാക്കിസ്ഥാനിൽനിന്നെത്തിയവർ താമസിക്കുന്ന 18 ജില്ലകളിലെ കളക്ടർമാർക്ക് കുറഞ്ഞ ഫീസ് ഈടാക്കി പൗരത്വം നൽകുന്നതിനുള്ള അനുമതിയും രണ്ടുവർഷത്തേയ്ക്ക് ഏർപ്പെടുത്തും.

ഗുജറാത്തിലെ അഹമ്മദാബാദ്, ഗാന്ധിനഗർ, രാജ്‌കോട്ട്, കച്ച്, പഠാൻ, ഛത്തീസ്‌ഗഢിലെ റായ്പുർ, മഹാരാഷ്ട്രയിലെ നാഗ്പുർ, മുംബൈ, പുണെ, താനെ, ഡൽഹിയിലെ വെസ്റ്റ് ഡൽഹി, സൗത്ത് ഡൽഹി, രാജസ്ഥാനിലെ ജോധ്പുർ, ജയ്‌സാൽമീർ, ജയ്പുർ, ഉത്തർ പ്രദേശിലെ ലഖ്‌നൗ എന്നീ ജില്ലകളുടെ കളക്ടർമാർക്കാണ് പ്രത്യേക അധികാരം ലഭിക്കുക.

പാക്കിസ്ഥാനിൽ നിന്നെത്തി ഇന്ത്യയിൽ ദീർഘകാല വിസയിൽ ജീവിക്കുന്നവർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനാണ് കേന്ദ്രം പുതിയ നിർദ്ദേശങ്ങളുമായി രംഗത്ത് എത്തിയിരിക്കുന്നത്. തൽക്കാലം ഈ നിർദ്ദേശങ്ങൾ സർക്കാരിന്റെ പരിഗണനയിലാണുള്ളത്. ഹിന്ദുക്കൾക്ക് മാത്രമല്ല ഇതിന്റെ ആനുകൂല്യം ലഭിക്കുക. സിഖ്, ക്രിസ്ത്യൻ, ജൈനന്മാർ, പാഴ്‌സികൾ, ബുദ്ധ മതക്കാർ എന്നീ വിഭാഗങ്ങളിൽപ്പെട്ടവരും ഉണ്ട്.

ഔദ്യോഗിക യാത്രാരേഖകൾ ഇല്ലാതെയോ കാലാവധി കഴിഞ്ഞ യാത്രാ രേഖകളുമായോ ആണ് ഇവരിലേറെപ്പേരും ഇന്ത്യിലെത്തുന്നത്. ഇങ്ങനെ കുടിയേറിയവരിൽ 2014 ഡിസംബർ 31-ന് മുമ്പ് എത്തിയവർക്ക് ദീർഘകാല വിസ നൽകാൻ സർക്കാർ കഴിഞ്ഞവർഷം തീരുമാനിച്ചിരുന്നു. പാക്കിസ്ഥാനിൽനിന്നും ബംഗ്ലാദേശിൽനിന്നുമെത്തിയ ന്യൂനപക്ഷ വിഭാഗക്കാർക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്.