- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫൈസറിന്റെ കോവിഡ് വാക്സിൻ ഉടനൊന്നും ഇന്ത്യയിലേക്കെത്തില്ല; രാജ്യത്ത് ഫൈസറിന്റെ വാക്സിൻ പരീക്ഷണങ്ങൾ ഇതുവരെയും ആരംഭിച്ചില്ല; ക്ലിനിക്കൽ ട്രയൽ ആരംഭിക്കാനും കടമ്പകളേറെ; ബ്രിട്ടീഷുകാരിലേക്ക് ഫൈസർ എത്തുമ്പോൾ ഇന്ത്യ പ്രതീക്ഷ വെക്കുന്നത് രാജ്യത്ത് നടക്കുന്ന അഞ്ചു കമ്പനികളുടെ വാക്സിൻ പരീക്ഷണങ്ങളിൽ
ന്യൂഡൽഹി: യുകെയിൽ അടുത്താഴ്ച്ച മുതൽ ജനങ്ങളിലേക്കെത്തുന്ന ബഹുരാഷ്ട്ര മരുന്നു കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്സിൻ ഇന്ത്യക്ക് ഉടൻ ലഭ്യമാകില്ലെന്ന് റിപ്പോർട്ടുകൾ. ഇന്ത്യയിൽ ഫൈസറിന്റെ വാക്സിൻ പരീക്ഷണങ്ങൾ നിലവിൽ നടക്കുന്നില്ല എന്നതാണ് ഇതിന് കാരണം. രാജ്യത്തെ ജനങ്ങൾക്ക് വാക്സിൻ നൽകണമെങ്കിൽ ഇവിടെ ക്ലിനിക്കൽ പരീക്ഷണങ്ങളും പൂർത്തിയാക്കേണ്ടതുണ്ട്. ഇനിയും ഫൈസർ വാക്സിൻ പരീക്ഷണത്തിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയാലും പരീക്ഷണങ്ങൾ പൂർത്തിയാകാൻ നാളുകൾ എടുക്കും.
ഇന്ത്യയിൽ വാക്സീൻ പരീക്ഷണങ്ങൾക്ക് അനുമതി നൽകുന്നത് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയാണ്. ഇതുവരെ അനുമതി ലഭിച്ച വാക്സീനുകൾ മൂന്നാം ഘട്ട പരീക്ഷണങ്ങളിലാണ്. ഫൈസർ കമ്പനിയുമായി അധികൃതർ ഓഗസ്റ്റിൽ ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ പിന്നീടു തീരുമാനങ്ങളൊന്നുമുണ്ടായില്ല.
രാജ്യത്ത് വാക്സീൻ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നത് പ്രധാനമായും അഞ്ചു കമ്പനികളാണ്. ലോകരാജ്യങ്ങൾ ഏറ്റവുമധികം പ്രതീക്ഷ വയ്ക്കുന്ന ഓക്സ്ഫഡ് വാക്സീന്റെ ഇന്ത്യയിലെ ട്രയലും കോവിഷീൽഡ് എന്ന പേരിൽ ഉൽപാദനവും സീറം ഇൻസ്റ്റിറ്റ്യൂട്ടാണ് നിർവഹിക്കുന്നത്. അവസാനഘട്ട ട്രയലിലെ മുഴുവൻ പേർക്കും രണ്ട് വാക്സീൻ ഡോസ് വീതം നൽകി. ഇതിന്റെ ഫലം വിശദമാക്കുന്ന റിപ്പോർട്ട് ഡിസംബറിൽ എത്തിയേക്കും. അംഗീകാരം ലഭിച്ചാലുടൻ വിതരണം തുടങ്ങും. മൂന്നാഴ്ചയ്ക്കുള്ളിൽ വാക്സീന് അനുമതി നൽകണമെന്ന അഭ്യർഥനയുമായി കേന്ദ്രസർക്കാരിനെ സമീപിക്കുമെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പുനാവാല അറിയിച്ചു.
കോവിഡ് വാക്സീൻ ഉപയോഗത്തിന് അനുമതി നൽകുന്ന ആദ്യ പാശ്ചാത്യ രാജ്യമാണ് ബ്രിട്ടൻ. വാക്സിൻ വിതരണത്തിനായി ഒരുങ്ങാൻ ആശുപത്രികൾക്കു നിർദ്ദേശം നൽകിയിരുന്നു. പത്തുദിവസത്തിനുള്ളിൽ ഫൈസർ/ബയോടെക് വാക്സീൻ ബ്രിട്ടനിൽ വിതരണത്തിനു എത്തിക്കുമെന്നു എൻഎച്ച്എസിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു ബ്രിട്ടിഷ് മാധ്യമമായ ഗാർഡിയൻ റിപ്പോർട്ട് ചെയ്തിരുന്നു.
മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസി (എംഎച്ച്ആർഎ)യുടെ ശുപാർശയാണ് സർക്കാർ അംഗീകരിച്ചത്. മുൻഗണനാ പട്ടികയിലുള്ളവരിൽ ആർക്ക് ആദ്യം വാക്സീൻ നൽകണമെന്നത് സംബന്ധിച്ച് വാക്സീൻ കമ്മിറ്റി തീരുമാനമെടുക്കും. വാക്സീന്റെ അടിയന്തര ഉപയോഗത്തിനുള്ള ബ്രിട്ടന്റെ തീരുമാനം ചരിത്രനിമിഷമെന്ന് ഫൈസർ പ്രതികരിച്ചു. വാക്സീൻ 90 ശതമാനത്തിലേറെ ഫലപ്രദമാണെന്ന് ഫൈസർ കഴിഞ്ഞ മാസം ആദ്യം അറിയിച്ചിരുന്നു. ജർമൻ പങ്കാളിയായ ബയോടെക്കുമായി ചേർന്ന് നടത്തിയ ക്ലിനിക്കൽ ട്രയലിൽ വാക്സീന് ഗൗരവമേറിയ പാർശ്വഫലങ്ങൾ ഉള്ളതായി കണ്ടെത്തിയില്ലെന്നും അവർ വ്യക്തമാക്കി.
വാക്സിൻ യുകെയിൽ വിതരണം നടത്തുന്നതിന് എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി ഫൈസർ ചെയർമാൻ ആൽബേർട്ട് ബൗർല പറഞ്ഞു.അവസാനഘട്ട പരീക്ഷണങ്ങൾ പൂർത്തിയായപ്പോൾ കോവിഡ് വാക്സിൻ 95 ശതമാനം ഫലപ്രദമാണെന്ന് ഫൈസർ അറിയിച്ചിരുന്നു.പ്രായം, ലിംഗ, വർണ, വംശീയ വ്യത്യാസങ്ങളില്ലാതെയാണ് ഫലമെന്നും 65 വയസ്സിനുമുകളിൽ പ്രായമുള്ളവരിൽ 90 ശതമാനത്തിൽ കൂടുതൽ ഫലപ്രാപ്തിയുണ്ടെന്നും കമ്പനി അവകാശപ്പെട്ടിട്ടുണ്ട്.
അതിനിടെ, റഷ്യയിൽ വൻതോതിലുള്ള കോവിഡ് വാക്സിൻ വിതരണത്തിന് അടുത്തയാഴ്ച തുടക്കം കുറിക്കാൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ നിർദ്ദേശം നൽകി. സ്പുട്നിക് 5 വാക്സിന്റെ 20 ലക്ഷം ഡോസുകൾ റഷ്യ നിർമ്മിച്ചുകഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ റഷ്യൻ പൗരന്മാർക്കും സൗജന്യമായാണ് വാക്സിൻ നൽകുക.
ഡോക്ടർമാർക്കും അദ്ധ്യാപകർക്കുമാവും ആദ്യം വാക്സിൻ നൽകുക. വൻതോതിലുള്ള വാക്സിൻ വിതരണം അടുത്തയാഴ്ച തുടങ്ങാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കാനാണ് പുടിൻ നിർദ്ദേശിച്ചിട്ടുള്ളത്. സ്പുട്നിക് 5 വാക്സിൻ 95 ശതമാനം ഫലപ്രദമാണെന്ന് ഇടക്കാല പരീക്ഷണ ഫലങ്ങൾ തെളിയിക്കുന്നതായി റഷ്യ നേരത്തെ അവകാശപ്പെട്ടിരുന്നു.
മറുനാടന് ഡെസ്ക്