ന്യൂഡൽഹി: മ്യാന്മറിൽ ഇന്ത്യ നടപ്പിലാക്കുന്ന വികസന പദ്ധതികൾ വേഗത്തിലാക്കാനുള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാർ ഉൗർജിതമാക്കി.മ്യാന്മറിൽ ചൈന സ്വാധീനം ശക്തമാക്കുന്നത് മുൻകൂട്ടിക്കണ്ടാണ് ഇന്ത്യയുടെ നീക്കം.മ്യാന്മറിന് നേരത്തെ 175 കോടി ഡോളറിന്റെ ധനസഹായം ഇന്ത്യ നൽകിയിരുന്നുവെങ്കിലും നിർമ്മാണ പ്രവർത്തനങ്ങളിൽ തുടർന്നുപോരുന്ന മെല്ലെപ്പോക്ക് മ്യാന്മറിനെ ചൈനയോട് അടുക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്.

നിലവിൽ സിറ്റവെയിൽ വൈദ്യുത പദ്ധതിയുടെയും പാലത്വയിലെ ഉൾനാടൻ ജലഗതാഗത പദ്ധതിയുടെ ടെർമിനൽ നിർമ്മാണവും പൂർത്തിയായതായി മ്യാന്മറിലെ ഇന്ത്യൻ സ്ഥാനപതി വിക്രം മിസ്രി അറിയിച്ചു.പാലത്വയിൽ നിന്ന് ഇന്ത്യയിലെ മിസോറാമിലെ സോറിൻപുയിയിലേക്കുള്ള റോഡ് നിർമ്മിക്കാനുള്ള കരാർ അതിന്റെ അന്തിമ ഘട്ടത്തിലാണ്.ഈ വർഷം തന്നെ നിർമ്മാണം ആരംഭിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും 1,600 കോടിയുടെ 109കിലോമിറ്റർ റോഡ് നിർമ്മാണത്തിനുള്ള കരാറിന് അനുമതി നൽകിയതായും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ- മ്യാന്മർ-തായ്ലൻഡ് ഹൈവേ നിർമ്മാണം പുരോഗമിക്കുകയാണെന്നും 2020 ൽ അത് പൂർത്തിയാക്കാൻ കഴിയുമെന്നും അദ്ദേഹം അറിയിച്ചു. ഇതിന്റെ ഭാഗമായി പാലങ്ങളും റോഡുകളും നിർമ്മിച്ച് വരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി.ഇന്ത്യയുടെ ആക്ട് ഈസ്റ്റ് പോളിസിയിൽ പ്രമുഖ സ്ഥാനമാണ് മ്യാന്മറിനുള്ളത്.മ്യാന്മറിൽ വർദ്ധിച്ചു വരുന്ന ചൈനീസ് സാന്നിദ്ധ്യം ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുമെന്നതിനാൽ മ്യാന്മറുമായുള്ള ബന്ധത്തിന് വളരെയധികം പ്രാധാന്യമാണ് കേന്ദ്ര സർക്കാർ നൽകുന്നത്.ചൈനയുടെ വൺ ബെൽറ്റ് വൺ റോഡ് പദ്ധതിയുടെ ഭാഗമായി ക്യാക്ക്ഫിയു തുറമുഖം വികസിപ്പിക്കാൻ 1000 കോടി ഡോളറിന്റെ നിക്ഷേപമാണ് മ്യാന്മറിൽ ചൈന നടത്തുന്നത്.