- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ടി20 പരമ്പര തൂത്തുവാരാൻ ടീം ഇന്ത്യ; ആശ്വാസം തേടി ന്യൂസിലൻഡ്; മത്സരം ഇന്ന് കൊൽക്കത്തയിൽ
കൊൽക്കത്ത: ഇന്ത്യ-ന്യൂസിലൻഡ് ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന് കൊൽക്കത്തയിൽ നടക്കും. വൈകിട്ട് ഏഴിനാണ് കളി തുടങ്ങുക. ടി20 പരമ്പര തൂത്തുവാരാനാണ് ഈഡൻ ഗാർഡനിൽ ടീം ഇന്ത്യ ഇന്നിറങ്ങുന്നത്. ടെസ്റ്റ് പരമ്പരയ്ക്ക് മുൻപ് ആശ്വാസ ജയമാണ് ന്യൂസിലൻഡിന്റെ ലക്ഷ്യം.
ജയ്പൂരിലും റാഞ്ചിയിലും ജയിച്ച് ട്രോഫി സ്വന്തമാക്കിയതിനാൽ ഇന്ത്യൻ ടീമിൽ മാറ്റം ഉറപ്പ്. കെ എൽ രാഹുലിനോ സൂര്യകുമാർ യാദവിനോ പകരം റുതുരാജ് ഗെയ്ക്വാദ് ബാറ്റിങ് നിരയിലെത്തും. റിഷഭ് പന്തിന് വിശ്രമം നൽകിയാൽ ഇഷാൻ കിഷനായിരിക്കും വിക്കറ്റ് കീപ്പർ. ആർ അശ്വിന് പകരം യുസ്വേന്ദ്ര ചഹലും ഭുവനേശ്വർ കുമാറിന് പകരം ആവേശ് ഖാനും പരിഗണനയിലുണ്ട്
ന്യൂസിലൻഡ് ടീമിൽ കാര്യമായ മാറ്റത്തിന് സാധ്യതയില്ല. പേസും ബൗൺസുമുള്ള ഈഡൻ ഗാർഡനിലെ വിക്കറ്റിൽ കിവീസിന് പ്രതീക്ഷയുണ്ടെങ്കിലും ടോസ് നിർണായകമാവും. മഞ്ഞുവീഴ്ചയുള്ളതിനാൽ ടോസ് നേടുന്നവർ ബൗളിങ് തെരഞ്ഞെടുക്കും എന്നുറപ്പ്. ആദ്യ രണ്ട് കളിയിലും ടോസ് നേടിയ ഇന്ത്യ രണ്ടാമത് ബാറ്റ് ചെയ്താണ് ജയിച്ചത്.
റാഞ്ചിയിലെ കഴിഞ്ഞ മത്സരത്തിൽ ഏഴ് വിക്കറ്റിന് രോഹിത് ശർമ്മയും സംഘവും ജയിച്ചിരുന്നു. കിവീസിന്റെ 153 റൺസ് ഇന്ത്യ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ 16 പന്ത് ശേഷിക്കേ മറികടക്കുകയായിരുന്നു. ഓപ്പണിങ് വിക്കറ്റിൽ കെ എൽ രാഹുലിനൊപ്പം രോഹിത് ശർമ്മ 117 റൺസ് ചേർത്തത് ഇന്ത്യൻ ജയത്തിൽ നിർണായകമായി. കെ എൽ രാഹുൽ 49 പന്തിൽ ആറ് ഫോറും രണ്ട് സിക്സറും ഉൾപ്പടെ 65 റൺസെടുത്തു. കിവികളെ പൊരിച്ച രോഹിത് ശർമ്മ അഞ്ച് സിക്സറടക്കം 36 പന്തിൽ 55 ഉം നേടി.
ആദ്യം ബാറ്റ് ചെയ്ത കിവികൾ 20 ഓവറിൽ ആറ് വിക്കറ്റിനാണ് 153 റൺസെടുത്തത്. 34 റൺസെടുത്ത ഗ്ലെൻ ഫിലിപ്സാണ് ടോപ്സ്കോറർ. അരങ്ങേറ്റക്കാരൻ ഹർഷൽ പട്ടേൽ രണ്ട് വിക്കറ്റുമായി തിളങ്ങി. ഭുവനേശ്വർ കുമാറിനും ദീപക് ചഹറിനും അക്സർ പട്ടേലിനും രവിചന്ദ്ര അശ്വിനും ഓരോ വിക്കറ്റും ലഭിച്ചു. ഹർഷലാണ് കളിയിലെ താരം.
സ്പോർട്സ് ഡെസ്ക്