ന്യൂഡൽഹി: മിസൈൽ സാങ്കേതികവിദ്യയിൽ ഇന്ത്യ പൂർണമായും സ്വയംപര്യാപ്തമായിക്കഴിഞ്ഞെന്ന് ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ ചെയർമാൻ ജി. സതീഷ് റെഡ്ഡി. മിസൈൽ നിർമ്മാണ മേഖലയിൽ ഇനി ഒറ്റയ്ക്ക് മുന്നേറാൻ ഇന്ത്യയ്ക്ക് സാധിക്കും. മേഖലയിൽ അത്യാധുനിക സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനാണ് ഇപ്പോൾ ഇന്ത്യ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡിആർഡിഒയുടെ ഈ നേട്ടത്തിലേക്കുള്ള വളർച്ചയിൽ മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാമിന്റെയും മറ്റു ശാസ്ത്രജ്ഞരുടെയും പങ്ക് സുപ്രധാനമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ജവഹർലാൽ നെഹ്റു സർവകലാശാല സംഘടിപ്പിച്ച ഓൺലൈൻ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസ്സൈൽ ഡവലപ്മെന്റ് പ്രോഗ്രാമിന്റെ (ഐജിഎംഡിപി) ഭാഗമായി പൃഥ്വി, ആകാശ്, ത്രിശൂൽ, നാഗ് എന്നീ മിസ്സൈലുകൾ നാം വികസിപ്പിച്ചിട്ടുണ്ട്. രാജ്യം കൈവരിച്ച സാങ്കേതിക നേട്ടത്തിന്റെ ഉദാഹരണമായിരുന്നു അഗ്‌നി മിസൈൽ. ഇതോടെ ശത്രുമിസൈലിനെ തടയാനും നശിപ്പിക്കാനും ശേഷിയുള്ള മിസൈലുകൾ കൈവശമുള്ള ഏതാനും രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടംപിടിച്ചു, സതീഷ് റെഡ്ഡി പറഞ്ഞു.

ഇന്ത്യയുടെ എ-സാറ്റ് (ആന്റി സാറ്റലൈറ്റ്) മിസൈൽ 2019 മാർച്ചിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചതോടെ ഈ സാങ്കേതികത കൈവശമുള്ള യുഎസ്, റഷ്യ, ചൈന തുടങ്ങിയ മുൻനിര രാജ്യങ്ങൾക്കൊപ്പം ഇന്ത്യയുമെത്തിയെന്നും അദ്ദേഹം പറഞ്ഞു.

പ്രതിരോധ മേഖലയിൽ ഡ്രോൺ അധിഷ്ഠിത ആയുധങ്ങൾക്ക് പുതിയ കാലത്ത് സുപ്രധാന പങ്കാണുള്ളതെന്നും സതീഷ് റെഡ്ഡി ചൂണ്ടിക്കാട്ടി. ഈ മേഖലയിലും ഇന്ത്യ കാര്യമായ ഗവേഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾത്തന്നെ നമ്മുടെ യുവാക്കളായ ഗവേഷകർ നിരവധി സങ്കേതങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.