- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെഹുൽ ചോക്‌സി ഇന്ത്യൻ പൗരൻ; 13,500 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തിയ പ്രതിക്ക് ജാമ്യം നൽകരുത്; നാടുകടത്തണം; ഡൊമിനിക്ക ഹൈക്കോടതിയിൽ ജാമ്യാപേക്ഷയെ എതിർത്ത് ഇന്ത്യ
ന്യൂഡൽഹി: വിവാദ വ്യവസായി മെഹുൽ ചോക്‌സിയുടെ ജാമ്യാപേക്ഷയെ ഡൊമിനിക്കയിലെ ഹൈക്കോടതിയിൽ ഇന്ത്യ എതിർത്തതിന്റെ രേഖകൾ പുറത്തുവന്നു. ചോക്‌സി ഇന്ത്യൻ പൗരനാണെന്ന് രേഖകളിൽ വ്യക്തമാക്കിയിട്ടുണ്ട്. മെഹുൽ ചോക്‌സി പറഞ്ഞിരിക്കുന്ന തീയതിയിൽ ഇന്ത്യൻ പൗരത്വം റദ്ദാക്കപ്പെട്ടിട്ടില്ല.
പൗരത്വം ഉപേക്ഷിച്ചുവെന്ന അദ്ദേഹത്തിന്റെ വാദം തെറ്റും ഇന്ത്യൻ നിയമവ്യവസ്ഥയ്ക്ക് എതിരുമാണെന്ന് ഇന്ത്യ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. പഞ്ചാബ് നാഷണൽ ബാങ്കിനെ കബളിപ്പിച്ച് 13,500 കോടി രൂപ തട്ടിയെടുത്ത പ്രതിക്ക് ജാമ്യം നൽകരുതെന്നും ഇന്ത്യയിലേക്കു നാടുകടത്തണമെന്നുമാണ് രേഖകളിൽ പറഞ്ഞിരിക്കുന്നത്.
യുഎസിലെ ജോർജ്ടൗണിലുള്ള ഇന്ത്യൻ ഹൈക്കമ്മിഷനിൽ ഇന്ത്യൻ പാസ്‌പോർട്ട് തിരിച്ചുനൽകിയിരുന്നെങ്കിലും അനുബന്ധമായി നൽകിയ രേഖകളിലെ വൈരുദ്ധ്യം ആഭ്യന്തരമന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതും ചോക്‌സിയൊരു സാമ്പത്തിക തട്ടിപ്പുകാരനാണെന്നതും വിലയിരുത്തിയുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടുകൂടി വന്നതോടെ ഹൈക്കമ്മിഷൻ 2019ൽതന്നെ പൗരത്വം ഉപേക്ഷിക്കാനുള്ള അപേക്ഷ തള്ളിയിരുന്നു.
അനന്തരവനായ നീരവ് മോദിക്കൊപ്പമാണ് ചോക്‌സിയും പണം തട്ടിയെടുത്തത്. ഗീതാഞ്ജലി ജൂവലറി ഗ്രൂപ്പിന്റെ ഉടമയായ ചോക്‌സി, ഇന്ത്യയുമായി കുറ്റവാളി കൈമാറ്റ കരാർ നിലവിലില്ലാത്ത ആന്റിഗ്വ ആൻഡ് ബാർബുഡയുടെ പൗരത്വം നേടി 2018 ജനുവരിയിൽ രാജ്യം വിട്ടത്. 2018 ഓഗസ്റ്റിൽ ഇന്ത്യ ചോക്‌സിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടു. 2019 ഒക്ടോബർ 14നാണ് ചോക്‌സി ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കാൻ അപേക്ഷ നൽകിയത്.
ബാങ്ക് തട്ടിപ്പിലെ പ്രധാന ഉപഭോക്താവാണ് മെഹുൽ ചോക്സിയെന്നും തട്ടിപ്പ്, വഞ്ചന, അഴിമതി തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടുന്ന 11 കേസുകൾ ഇയാൾക്കെതിരെ നിലനിൽക്കുന്നുണ്ടെന്നും ഇന്ത്യ സമർപ്പിച്ച രേഖകളിൽ വ്യക്തമാക്കുന്നു. ചോക്സിക്കെതിരെ ജാമ്യമില്ലാ വാറണ്ടും ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടീസും നിലനിൽക്കുന്നുണ്ടെന്നും ഡൊമിനിക്ക ഹൈക്കോടതിയിൽ സിബിഐ ഡിഐജി ശാരദാറൗട്ടിന്റെ നേതൃത്വത്തിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
ആന്റിഗ്വയിൽ വച്ച് പെൺസുഹൃത്തിനൊപ്പം 'ഡിന്നർ' കഴിക്കാൻ പോയ ചോക്‌സിയെ മെയ് 23ന് കാണാതാവുകയായിരുന്നു. 4 ദിവസങ്ങൾക്കു പിന്നാലെ രാജ്യത്ത് അനധികൃതമായി പ്രവേശിച്ചതിന് അറസ്റ്റിലാകുമ്പോഴാണ് ചോക്‌സി ഡൊമിനിക്കയിൽ ഉണ്ടെന്നു വ്യക്തമാകുന്നത്. പിന്നാലെ ചോക്‌സിയെ തിരികെ കൊണ്ടുപോകാൻ ആന്റിഗ്വ പ്രധാനമന്ത്രി വിസമ്മതിക്കുകയും ഇന്ത്യയിലേക്ക് നാടുകടത്താൻ ഡൊമിനിക്കയോട് ആവശ്യപ്പെടുകയും ചെയ്തു.
ഡൊമിനിക്കയിലെ കോടതി ജാമ്യാപേക്ഷ റദ്ദാക്കിയതിനെത്തുടർന്ന് പൊലീസ് കസ്റ്റഡിയിലാണ് ചോക്‌സിയിപ്പോൾ. ഡൊമിനിക്ക ചൈന ഫ്രണ്ട്ഷിപ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ന്യൂസ് ഡെസ്ക്