ന്യൂഡൽഹി: കോവിഡ് വ്യാപനം രാജ്യത്ത് പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെ ഇന്ത്യ 9000 മെട്രിക് ടൺ ഓക്‌സിജൻ കയറ്റി അയച്ചതായി റിപ്പോർട്ട്. സർക്കാർ രേഖകളിൽ തന്നെയാണ് ഇത് സംബന്ധിച്ച കണക്കുകൾ ഉള്ളത്. ഏപ്രിൽ 2020നും ജനുവരി 2021നുമിടയിൽ 9000 മെട്രിക് ടൺ ഓക്‌സിജൻ രാജ്യം വിദേശത്തേക്ക് അയച്ചതായാണ് റിപ്പോർട്ട്.

2020ലെ സാമ്പത്തിക വർഷത്തിൽ 4,500 മെട്രിക് ടൺ ഓക്‌സിജൻ മാത്രമാണ് രാജ്യം കയറ്റുമതി ചെയ്തിരുന്നത്. ഇത്തവണ അത് ഏതാണ്ട് ഇരട്ടിയോളമായാണ് വർധിച്ചിരിക്കുന്നത്.

2020 ജനുവരിയിൽ ഇന്ത്യ 352 മെട്രിക് ടൺ ഓക്‌സിജൻ കയറ്റുമതി ചെയ്തപ്പോൾ 2021 ജനുവരിയിൽ കയറ്റുമതിയിൽ 734 ശതമാനം വർധനവാണ് ഉണ്ടായിട്ടുള്ളത്.

2021 ഫെബ്രുവരിയിലെയും മാർച്ചിലെയും കയറ്റുമതിയുടെ കണക്കു ഇനിയും സർക്കാർ പുറത്തു വിട്ടിട്ടില്ല. കോവിഡ് പ്രതിസന്ധിയെ നേരിടാനുള്ള വാക്‌സിന്റെയും ഓക്‌സിജന്റെയും അഭാവം രാജ്യത്ത് രൂക്ഷമായിരിക്കെ ഈ കണക്കുകൾ വാൻ വിമർശനങ്ങൾക്കാണ് വഴി വെച്ചിട്ടുള്ളത്.

ശ്വാസകോശ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങൾ രണ്ടാം തരംഗത്തിൽ കൂടുതലായി കാണപ്പെടുന്നതിനാൽ പുറമെ നിന്നും ഓക്‌സിജൻ നൽകേണ്ടുന്ന സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്.

അതുകൊണ്ട് തന്നെ നിരവധി ആശുപത്രികൾ ഓക്‌സിജൻ വിതരണത്തിനായി കേന്ദ്രത്തെ സമീപിച്ചിരുന്നു. എന്നാൽ രോഗബാധിതർക്കാവശ്യമായ ഓക്‌സിജൻ ലഭിക്കുന്നില്ലെന്ന പരാതിയാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്.

രാജ്യത്തുടനീളം കോവിഡ് ചികിത്സയ്ക്കായുള്ള ഓക്സിജൻ ക്ഷാമം രൂക്ഷമായതിനാൽ പ്രാണവായു സുഗമമായി എത്തിക്കാൻ ഓക്സിജൻ എക്സ്പ്രസുകൾ ഓടിക്കുമെന്ന് റെയിൽവേ ഞായറാഴ്ച അറിയിച്ചിരുന്നു. വിശാഖപട്ടണം, ജംഷഡ്പുർ, റൂർക്കേല, ബൊക്കാറോ എന്നിവടങ്ങളിൽ നിന്ന് ഓക്സിജൻ ശേഖരിച്ച് എക്സ്പ്രസുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ പങ്കു ചേർന്ന് ആദ്യമായാണ് റെയിൽവേ ഓക്സിജൻ എക്സ്പ്രസ് ഓടിക്കുന്നതെന്നും ഹരിത ഇടനാഴി ഉപയോഗപ്പെടുത്തി ലിക്വിഡ് മെഡിക്കൽ ഓക്സിജനുമായി തീവണ്ടി മടങ്ങിയെത്തുമെന്നും കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയൽ ട്വീറ്റ് ചെയ്തു.

ടാങ്കറുകൾ സുഗമമായി വാഗണുകളിലേക്ക് കയറ്റുന്നതിനും ഇറക്കുന്നതിനുമായി കലംബൊലി ഗുഡ്സ് യാഡിൽ 24 മണിക്കൂർ സമയം മാത്രമെടുത്ത് ഒരു ഒരു റാംപ് റെയിൽവേ നിർമ്മിക്കുകയും ചെയ്തു.