ദാവോസ്: സാമ്പത്തിക മേഖലയുടെ വളർച്ചാസൂചികയിൽ ഇന്ത്യയുടെ സ്ഥാനം ചൈനയ്ക്കും പാക്കിസ്ഥാനും ഏറെ പിന്നിൽ. സ്വിറ്റ്സർലൻഡിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറം പുറത്തുവിട്ട പട്ടികയിലാണ് ലോകരാജ്യങ്ങളിൽ ഇന്ത്യ 62ാം സ്ഥാനത്താണെന്ന് പറയുന്നത്.

സാമ്പത്തികമേഖലയുടെ വളർച്ച അടിസ്ഥാനപ്പെടുത്തി തയ്യാറാക്കുന്ന വാർഷികപട്ടികയിലാണ് ഏറെ പിന്നിലുള്ള ഈ സ്ഥാനം. 103 രാജ്യങ്ങൾ ഉൾപ്പെട്ട പട്ടികയിൽ ചൈന 26ാം സ്ഥാനത്താണുള്ളത്. പാക്കിസ്ഥാൻ 47ാം സ്ഥാനത്തുണ്ട്. ജീവിതനിലവാരം, പാരിസ്ഥിതിക സ്ഥിരത, ഭാവിയിൽ കടംവർധിക്കാനുള്ള സാധ്യത എന്നിവയെയൊക്കെ അടിസ്ഥാനപ്പെടുത്തിയാണ് രാജ്യങ്ങൾക്ക് റാങ്ക് നിശ്ചയിച്ചിരിക്കുന്നത്.

സാമ്പത്തികമായി വികസിച്ചുകൊണ്ടിരിക്കുന്ന 79 രാജ്യങ്ങളിൽ കഴിഞ്ഞവർഷം 60ാം സ്ഥാനത്തായിരുന്നു ഇന്ത്യ. അന്ന് ചൈന 15ാം സ്ഥാനത്തും പാക്കിസ്ഥാൻ 52ാം സ്ഥാനത്തുമായിരുന്നു.

പട്ടികയിൽ ഇക്കുറി മുന്നിലുള്ളത് നോർവേയാണ്. അയർലൻഡ്,ലക്സംബർഗ്,സ്വിറ്റ്സർലൻഡ്, ഡെന്മാർക്ക് എന്നീ രാജ്യങ്ങളാണ് തൊട്ടു പിന്നിലുള്ളത്. യൂറോപ്യൻ സാമ്പത്തികരംഗത്ത് മുൻപന്തിയിലുള്ള ഓസ്ട്രേലിയയാണ് പട്ടികയിൽ 9ാം സ്ഥാനത്തുള്ളത്. ജർമ്മനി 12ാമതാണ്. ലിത്വാനിയ, ഹംഗറി, അസർബൈജാൻ, പോളണ്ട് എന്നിവയാണ് ഒരുവർഷത്തിനിടെ വലിയതോതിൽ സാമ്പത്തികവളർച്ചയുണ്ടായ രാജ്യങ്ങളെന്നും കണക്കുകൾ പറയുന്നു.