ഇസ്‌ലാമാബാദ്: ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയ്ക്കു സമീപം പാക്ക് ആക്രമണത്തിൽ സൈനികനും ഭാര്യയും കൊല്ലപ്പെട്ടതിനു പിന്നാലെ, ശക്തമായ തിരിച്ചടി നൽകി ഇന്ത്യ. ഇതോടെ ഇന്ത്യ വെടിനിർത്തൽ കരാർ ലംഘനം നടത്തുന്നുവെന്ന ആരോപണവുമായി പാക്കിസ്ഥാൻ രംഗത്തെത്തുകയും ചെയ്തു.

ബുർഹാൻ വാണി കൊല്ലപ്പെട്ടതിന്റെ വാർഷികവുമായി ബന്ധപ്പെട്ട് താഴ് വരയിൽ കനത്ത ബന്തവസ്സാണ് ഇന്ത്യൻ സേനാ വിഭാഗങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യ നടത്തിയ വെടിവയ്‌പ്പിൽ രണ്ടു സാധാരണക്കാർകൂടി മരിച്ചെന്നാണ് പാക്കിസ്ഥാൻ ആരോപിക്കുന്നത്. തുടർച്ചയായ രണ്ടാം ദിവസവും ഇസ്ലാമാബാദിലെ ഇന്ത്യൻ ഡപ്യൂട്ടി ഹൈക്കമ്മിഷണർ ജെ.പി. സിങ്ങിനെ വിളിച്ചുവരുത്തി പാക്ക് സർക്കാർ പ്രതിഷേധം അറിയിച്ചു.

ശനിയാഴ്ചയും പാക്ക് സർക്കാർ ഇന്ത്യൻ ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തിയിരുന്നു. ഇന്ത്യ നടത്തിയ തിരിച്ചടിയിൽ മൂന്നു സാധാരണക്കാർ കൊല്ലപ്പെട്ടുവെന്ന് ആരോപിച്ചായിരുന്നു ഇത്. ഇന്ത്യൻ വെടിവയ്‌പ്പിലും ഷെല്ലാക്രമണത്തിലും ഇതുവരെ ഒരു പുരുഷനും നാലു സ്ത്രീകളും മരിച്ചെന്നാണ് പാക്കിസ്ഥാന്റെ വാദം.

പാക്കിസ്ഥാൻ ആക്രമണത്തിൽ മരിച്ച ടെറിട്ടോറിയൽ ആർമി സൈനികൻ മുഹമ്മദ് ഷൗക്കത്തിന് സൈനികരും നാട്ടുകാരും ആദരാഞ്ജലി അർപ്പിക്കുന്നു. അതിനിടെ, തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിച്ച പാക്കിസ്ഥാന് ഇന്ത്യ നൽകിയ തിരിച്ചടിയിൽ രണ്ടു പാക്ക് സൈനികർ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആറു പേർക്ക് പരുക്കേറ്റതായും സൂചനയുണ്ട്. പാക്ക് അധിനിവേശ കശ്മീരിലെ ഹജൈര സെക്ടറിലെ ഗ്രാമങ്ങൾക്കും ഒരു പാക്ക് സൈനിക പോസ്റ്റിനും ഇന്ത്യൻ വെടിവയ്‌പ്പിൽ നാശനഷ്ടമുണ്ടായി.

ശനിയാഴ്ച, നിയന്ത്രണരേഖയിലെ സൈനിക പോസ്റ്റുകൾക്കു നേരെ പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ കരസേനാംഗവും ഭാര്യയും മരിച്ചിരുന്നു. അവരുടെ മൂന്നു പെൺമക്കൾക്കും പരുക്കേറ്റു. ഇതിനു പിന്നാലെയാണ് ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടി നൽകിയത്.

അതിനിടെ, ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ ബുർഹാൻ വാനിയെ മഹത്വവൽക്കരിക്കുന്ന പാക്കിസ്ഥാന്റെ നിലപാടിൽ ഇന്ത്യ പ്രതിഷേധം അറിയിച്ചു. പാക്കിസ്ഥാൻ ഭീകരവാദത്തെ പിന്തുണയ്ക്കുകയാണെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് ചൂണ്ടിക്കാട്ടി. ബുർഹാൻ വാനിയെ സൈന്യം വധിച്ചതിന്റെ ഒന്നാം വാർഷിക ദിനമായ ശനിയാഴ്ച ഇയാളെ പ്രകീർത്തിച്ച് പാക്ക് പ്രധാനമന്ത്രിയും സൈനിക മേധാവിയും പ്രതികരണം നടത്തിയിരുന്നു.

ഇതിനെതിരെയാണ് ഇന്ത്യ പ്രതിഷേധം ഉയർത്തിയിരിക്കുന്നത്. ഇതിനിടെ നിയന്ത്രണ രേഖയിൽ കനത്ത ഷെല്ലാക്രമണം ഇരു സൈന്യങ്ങളും തമ്മിൽ നടക്കുന്നതായാണ് റിപ്പോർട്ടുകൾ.