ഇസ്ലാമാബാദ്: ജെയ്‌ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസറിന്റെ അറസ്റ്റിനെക്കുറിച്ച് വിവരമൊന്നുമില്ലെന്നു പാക്കിസ്ഥാൻ. ഇക്കാര്യത്തിൽ അറിവില്ലെന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു.

അതിനിടെ, നാളെ നടത്താനിരുന്ന ഇന്ത്യ പാക്കിസ്ഥാൻ വിദേശകാര്യ സെക്രട്ടറിതല ചർച്ച മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു. ചർച്ച മാറ്റിയതു പരസ്പരധാരണയിലെന്നു ഇന്ത്യൻ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. പാക്കിസ്ഥാൻ നടത്തുന്ന അന്വേഷണം സ്വാഗതാർഹമാണ്. പ്രത്യേക അന്വേഷണ സംഘത്തെ ഇന്ത്യയിലേക്കു സ്വാഗതം ചെയ്യുന്നതായും വികാസ് സ്വരൂപ് പറഞ്ഞു.

പത്താൻകോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജെയ്‌ഷെ മുഹമ്മദ് നേതാവ് മൗലാന മസൂദ് അസറിനെ അറസ്റ്റ് ചെയ്തു എന്നായിരുന്നു കഴിഞ്ഞ ദിവസം പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. മസൂദ് രണ്ടു ദിവസം മുൻപ് കസ്റ്റഡിയിലായതായാണു പാക്കിസ്ഥാൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്.

എന്നാൽ, ഇതിനെക്കുറിച്ച് അറിയില്ലെന്നു പാക് വിദേശകാര്യ മന്ത്രാലയം വക്താവു പറഞ്ഞതോടെയാണ് ചർച്ചയും അനിശ്ചിതത്വത്തിലായത്. അറസ്റ്റ് സ്ഥിരീകരിച്ചാൽ ചർച്ചയുമായി മുന്നോട്ടു പോകാമെന്ന നിലപാടിലായിരുന്നു ഇന്ത്യ. എന്നാൽ, അറസ്റ്റ് സ്ഥിരീകരിക്കാൻ കഴിയാതിരുന്നതോടെ ചർച്ച മാറ്റിവയ്ക്കുകയായിരുന്നു. പാക്കിസ്ഥാനും ഇക്കാര്യം അനുകൂലിച്ചു.

നാളെയാണ് സെക്രട്ടറിതല ചർച്ച നടത്താനിരുന്നത്. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി എസ് ജയ്ശങ്കറും പാക്കിസ്ഥാൻ സെക്രട്ടറി എയ്‌സാസ് അഹമ്മദ് ചൗധരിയും തമ്മിലാണു കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. പത്താൻകോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജെയ്‌ഷെ ഭീകരർക്കെ ഉചിതമായ നടപടിയുണ്ടായില്ലെങ്കിൽ ചർച്ച മാറ്റിവച്ചേക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു.

അതിനിടെ, ജെയ്‌ഷെ മുഹമ്മദിനെതിരായ നടപടി പാക്കിസ്ഥാന് ആപത്തെന്ന് മസൂദ് അസറിന്റെ ഭീഷണി സന്ദേശവും എത്തി. ജെയ്‌ഷെയ്‌ക്കെതിരെ നടപടി സ്വീകരിക്കുന്നത് പാക്കിസ്ഥാന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ആപത്താണ്. പാക്കിസ്ഥാൻ വലിയ വില കൊടുക്കേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നു. ജെയ്‌ഷെയുടെ അൽക്വാലം ഓൺലൈനിലൂടെയാണ് സന്ദേശം പ്രചരിച്ചത്.

അറസ്റ്റിനെയോ മരണത്തെയോ താൻ ഭയക്കുന്നില്ല. കൊല്ലപ്പെടുകയാണെങ്കിൽ തന്റെ സ്‌നേഹിതർ തന്നെയോ ശത്രുക്കളെയോ മറന്നുകളയില്ല. മരണത്തെ ഇഷ്ടപ്പെടുന്ന ഒരു സേന തയ്യാറെടുത്തുകഴിഞ്ഞുവെന്നും മസൂദ് അസർ സന്ദേശത്തിൽ പറയുന്നൂ. പാക്കിസ്ഥാന്റെ നന്മയും സമാധാനവുമാണ് തങ്ങൾക്ക് പ്രധാനം. മുസ്ലിം രാഷ്ട്രത്തിന്റെയും ജിഹാദിന്റെയും താൽപര്യത്തിനായാണ് പോരാടുന്നത്. എന്നാൽ ഭരണാധികാരികൾ ഇത് മാനിച്ചില്ലെങ്കിൽ രാജ്യം അതിനു വില നൽകേണ്ടിവരുമെന്നും മസൂദ് അസർ പറയുന്നു.