ശ്രീനഗർ : നിയന്ത്രണരേഖയ്ക്കപ്പുറം പാക്ക് അധീന കശ്മീരിൽ തമ്പടിച്ചിരുന്ന ഭീകരക്യാംപിനു നേരെ ഇന്നു പുലർച്ചെ ഇന്ത്യൻ സേന മിന്നൽ ആക്രമണം നടത്തിയിരുന്നു. 38 ഭീകരരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഉറയിൽ ഇന്ത്യൻ സൈനിക കേന്ദ്രം ആക്രമിച്ച് 18 പേരെ കൊന്നവർക്കുള്ള ഇന്ത്യയുടെ മധുര പ്രതികാരമായാണ് ഇതിനെ വിലയിരുത്തുന്നത്. എന്നാൽ ഇങ്ങനൊരു ആക്രമണം നടന്നിട്ടില്ലെന്ന് പാക് അവകാശ വാദം. സാറ്റൈലൈറ്റ് ചിത്രങ്ങളും വിഡിയോയുമായി ഈ പ്രചരണത്തെ തോൽപ്പിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. നിയന്ത്രണ രേഖ വിട്ട് ഇന്ത്യ ആക്രമണം നടത്തില്ലെന്ന പാക് ധാരണയാണ് ഇന്നലത്തെ ആക്രമണത്തോടെ പൊളിഞ്ഞത്.

ഇന്ത്യയിൽ തീവ്രവാദം നടത്തിയാൽ തിരിച്ചടിയുറപ്പാണെന്ന് സൈന്യം വ്യക്തമാക്കുകയായിരുന്നു ഇന്നലെ. അതിർത്തി കടന്നുള്ള അക്രമണത്തിന് ശേഷം ഇന്ത്യ തിരിച്ചടി പ്രതീക്ഷിച്ചിരുന്നു. എന്നാൽ അതിർത്തിയിൽ ഒരിടത്തും പ്രകോപനത്തിന് പാക്കിസ്ഥാൻ മുതിർന്നില്ലെന്നതാണ് വസ്തുത. അതിർത്തിയിൽ യുദ്ധ സമാനമായ സാഹചര്യമുള്ളതിനാൽ ഇന്ത്യയും പാക്കിസ്ഥാനും കരുതലോടെയാണ്. അതിർത്തി ഗ്രാമങ്ങളിൽ നിന്ന് ഇരു രാജ്യങ്ങളും ആളുകളെ ഒഴിപ്പിച്ചു. അവധി റദ്ദാക്കി മുഴുവൻ സൈനികരോടും ക്യാമ്പിലെത്താൻ ഇന്ത്യൻ കരസേന എല്ലാ അംഗങ്ങൾക്കും നിർദ്ദേശം നൽകുകയും ചെയ്തു.

ഗുജറാത്ത് മുതൽ ജമ്മു വരെയുള്ള ഇന്ത്യപാക് അതിർത്തിയിൽ എല്ലായിടത്തും അതീവജാഗ്രത പാലിക്കുവാൻ സൈനികർക്ക് നിർദ്ദേശം ലഭിച്ചിട്ടുണ്ട്. അവധിയിൽ പോയ ജവാന്മാരോട് എത്രയും പെട്ടെന്ന് ജോലിയിൽ തിരികെ പ്രവേശിക്കുവാൻ ബിഎസ്എഫ് ആവശ്യപ്പെട്ടു. അടിയന്തരസാഹചര്യം മുന്നിൽ കണ്ട് അതിർത്തി പ്രദേശങ്ങളിൽ ജനങ്ങളെ അതിവേഗം ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. സൈനികരും അർധസൈനികരും പൊലീസും ഒഴിപ്പിക്കൽ പ്രവർത്തനങ്ങൾ നേതൃത്വം നൽകുന്നുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലുമായി സംസാരിച്ച കേന്ദ്ര അഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് എത്രയും പെട്ടെന്ന് അതിർത്തിപ്രദേശത്തെ ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ അഭ്യർത്ഥിച്ചു.

പാക് അതിർത്തിക്ക് പത്ത് കിമീ പരിധിയിലുള്ള സ്‌കൂളുകളും, വിദ്യാഭ്യാസസ്ഥാപനങ്ങളും അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. അതിർത്തി ജില്ലകളിലെ എല്ലാ ആശുപത്രികളിലും എമർജൻസി വാർഡുകൾ ഒരുക്കിയിട്ടുണ്ട്. ഇനിയൊരറിയിപ്പുണ്ടാക്കുന്നത് വരെ വാഗാ അതിർത്തിയിൽ നടക്കുന്ന ബീറ്റിങ് റീട്രീറ്റ് നിർത്തിവച്ചിരിക്കുകയാണ്.

ഇന്ത്യൻ സൈനികനെ പിടികൂടിയെന്ന് പാക്കിസ്ഥാൻ

അതിനിടെ അശ്രദ്ധമായി നിയന്ത്രണരേഖയിലെ അതിർത്തി കടന്ന ഇന്ത്യൻ സൈനികനെ പിടികൂടിയതായി പാക്കിസ്ഥാന്റെ അവകാശവാദം. 37 രാഷ്ട്രീയ റൈഫിൾ ജവാനും മഹാരാഷ്ട്ര സ്വദേശിയുമായ ചന്തു ബാബുലാൽ ചൗഹാൻ എന്ന സൈനികനെ പിടികൂടിയെന്നാണ് പാക്കിസ്ഥാന്റെ അവകാശവാദം. എന്നാൽ, ഇത്തരത്തിൽ സൈനികരും പ്രദേശവാസികളും അബദ്ധത്തിൽ അതിർത്തി കടക്കുന്നത് അസാധാരണമല്ലെന്നു കരസേന അധികൃതർ പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് ഇരുരാജ്യങ്ങളിൽ നിന്നും ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. അതിനിടെ, നിയന്ത്രണരേഖയിലുണ്ടായ ഏറ്റുമുട്ടലിൽ എട്ട് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടുവെന്ന പാക്ക് മാദ്ധ്യമങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. പാക്ക് മാദ്ധ്യമമായ ദ ഡോൺ ആണ് എട്ടു ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടുവെന്ന വാർത്ത പ്രസിദ്ധീകരിച്ചത്. രണ്ടിടങ്ങളിലുണ്ടായ ഏറ്റുമുട്ടലിൽ 14 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടുവെന്നും ഡോൺ പ്രസിദ്ധീകരിച്ച വാർത്തയിൽ പറഞ്ഞിരുന്നു. പിന്നീട്, ഈ വാർത്ത അവർ പിൻവലിക്കുകയായിരുന്നു.

യഥാർഥ കമാൻഡോ ഓപ്പറേഷനാണ് ഇന്നലെ ഇന്ത്യ നടത്തിയത്. പ്രത്യേക പരിശീലനം നേടിയ സ്‌പെഷൽ ഫോഴ്‌സസിലെ പാരാ കമാൻഡോകളെ ചെറിയ സംഘമായി അയച്ച് ഒന്നിലധികം ചെറിയ താവളങ്ങൾ തകർക്കുക.. പ്രഖ്യാപിത യുദ്ധമല്ലാതെ സൈനികമായി മറ്റൊരു രീതിയിലും ഇപ്പോൾ ആക്രമണം നടത്താമായിരുന്നു. പാക്ക് അധീന കശ്മീരിലെ ഭീകര പരിശീലന ക്യാംപുകളിലോ അവരുടെ ചെറിയ സൈനിക ഡിപ്പോകളിലേക്കോ ദ്രുതഗതിയിലുള്ള വ്യോമാക്രമണം നടത്തുകയെന്നതിന് സൈന്യം എപ്പോഴും പരിഗണിച്ചിരുന്ന തന്ത്രമായിരുന്നു. അതിന്റെ ചെറുപതിപ്പാണ് ഇന്നലെ നടപ്പാക്കിയത്. ഇന്ത്യൻ സൈന്യം 1971ലെ യുദ്ധത്തിനുശേഷം കശ്മീരിലെ നിയന്ത്രണരേഖ കടന്ന് ആക്രമണം നടത്തുന്നത് ഇതാദ്യമെന്നാണ് ഇന്ത്യ ഔദ്യോഗികമായി അവകാശപ്പെടുന്നത്. കാർഗിലിൽ യുദ്ധസമയത്ത് പോലും ഇതുണ്ടായിട്ടില്ല. 1993 ൽ ശ്രീനഗറിലെ ഹസ്രത്ത്ബാൽ പള്ളി ഭീകരർ പിടിച്ചെടുത്ത സമയത്തും 1995 ൽ ചരാരെ ഷരീഫ് പള്ളി ഭീകരർ കത്തിച്ചസമയത്തും 1999 ൽ കാർഗിലിൽ നുഴഞ്ഞുകയറ്റം നടത്തിയപ്പോഴും, 2001ൽ പാർലമെന്റ് ആക്രമിക്കപ്പെട്ടപ്പോഴും 2008 ൽ മുംബൈ ഭീകരാക്രമണം നടന്നപ്പോഴും നിയന്ത്രണരേഖ കടന്നുള്ള തിരിച്ചടി അന്നത്തെ ഭരണകൂടങ്ങൾ ആലോചിച്ചിരുന്നു. പക്ഷേ അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു ഇന്ത്യ.

ഇന്ത്യൻ കമാണ്ടോ നീക്കം പാക്കിസ്ഥാന് തിരിച്ചറിയാനായില്ല

ഉറി ആക്രമണത്തെ തുടർന്നു തങ്ങൾ തിരഞ്ഞെടുക്കുന്ന സമയത്തും ശൈലിയിലും തിരിച്ചടിക്കുമെന്ന് ഇന്ത്യൻ മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ മുന്നറിയിപ്പു നൽകിയപ്പോൾ മുതൽ പാക്ക് സൈന്യം കരുതൽ ശക്തമാക്കിയിരുന്നു. പാക്ക് അധീന കശ്മീരിലേക്കുള്ള യാത്രാവിമാനങ്ങൾ റദ്ദാക്കി, അവിടത്തെ വ്യോമയാന മേഖല മുഴുവൻ സൈനിക നിയന്ത്രണത്തിലുമാക്കി. എന്നാൽ പാക്ക് അധിനിവേശ കശ്മീരിലെ വ്യോമ മേഖല കടക്കാതെയാണ് ഈ കമാൻഡോ നടപടിയെന്നാണ് അറിയുന്നത്. റഷ്യൻ നിർമ്മിത ഹെലികോപ്റ്ററുകളും സ്‌പെഷൽ ഫോഴ്‌സസ് കമാൻഡോകളെയുമാണ് ഉപയോഗിച്ചതെന്നാണു സൈനിക ഉദ്യോഗസ്ഥന്മാർ പറയുന്നത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വ്യോമമേഖല ധാരണ അനുസരിച്ചു സൈനിക ഹെലികോപ്റ്ററുകൾ നിയന്ത്രണരേഖയുടെ ഒരു കിലോമീറ്റർ അകലെവരെയെ പറക്കാവൂ. (പോർവിമാനങ്ങൾ അഞ്ചു കിലോമീറ്റർ അടുത്തുവരെയും. രാജ്യാന്തര അതിർത്തിയിൽ ഇവ രണ്ടും യഥാക്രമം അഞ്ചും പത്തും കിലോമീറ്ററാണ്.) അതും കടന്നുവരുന്ന ഇന്ത്യൻ ഹെലികോപ്റ്റർ തീർച്ചയായും അപ്പോൾത്തന്നെ പാക്ക് സൈന്യത്തിന്റെ നിരീക്ഷണത്തിലാവും. അത് ഒഴിവാക്കി, നിയന്ത്രണരേഖയ്ക്ക് ഒരു കിലോമീറ്റർ ഇപ്പുറത്തെവിടെയോ കമാൻഡോകളെ ഇറക്കുകയാകും ഉണ്ടായത്. നിയന്ത്രണരേഖയിലെ കാവൽ സൈന്യത്തിനു സാമഗ്രികൾ എത്തിച്ചുകൊടുക്കുന്ന പതിവു നടപടി മാത്രമേ പാക്ക് സൈന്യത്തിനു തോന്നുകയുള്ളു. ഈ തന്ത്രമാണ് വിജയിച്ചത്.

നിയന്ത്രണരേഖയിൽനിന്നു പലപ്പോഴും ഒരു കിലോമീറ്ററോളും പിന്നിലാണു കമ്പിവേലി കെട്ടിയിരിക്കുന്നത്. കമ്പിവേലിക്കും നിയന്ത്രണരേഖയ്ക്കും ഇടയിലുള്ള ഭൂമിയിലാണു മിക്കവാറും ഇന്ത്യൻ സൈന്യത്തിന്റെ പിക്കറ്റുകളും പോസ്റ്റുകളും. ഇവിടെയാണവർ റോന്തു ചുറ്റൽ നടത്തുന്നതും. അങ്ങനെ കമ്പിവേലിക്കടുത്തിറങ്ങിയ കമാൻഡോകൾ കമ്പിവേലി മുറിച്ചുകടന്ന് ഇന്ത്യൻ പട്രോളിങ് മേഖലയിലൂടെ കടന്നു നിയന്ത്രണരേഖയ്ക്കപ്പുറത്തേക്ക് ഇരുളിന്റെ മറവിൽ നടന്നും ഇഴഞ്ഞും കയറുകയാണുണ്ടായത്. നിയന്ത്രണരേഖയോടു തൊട്ടുചേർന്നുള്ള പാക്ക് സൈനിക പോസ്റ്റുകളിൽനിന്ന് അൽപം പിന്നിലാണ് ഈ ലോഞ്ച് പാഡുകൾ. പൊതുവേ നിയന്ത്രണരേഖയിൽ മോർട്ടാർ-മെഷീൻ ഗൺ ആക്രമണം നടത്തി ഇന്ത്യൻ സൈനികരുടെ ശ്രദ്ധ തിരിച്ചുവിടുമ്പോൾ ലോഞ്ച് പാഡിൽനിന്നു ഭീകരരെ തള്ളിവിടുകയാണു പാക്കിസ്ഥാൻ ചെയ്യുന്നത്. ഈ ലോഞ്ച് പാഡുകൾ എവിടെയെന്ന് കൃത്യമായി ഇന്റലിജൻസ് ലഭിച്ചിരുന്നതാണ് ഓപ്പറേഷൻ വിജയിക്കാൻ മറ്റൊരു കാരണം.

 നാല് അതിർത്തി സംസ്ഥാനങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം

പാക്ക് അധീന കശ്മീരിലെ ഭീകരതാവളങ്ങൾക്കുനേരെ ഇന്ത്യയുടെ കമാൻഡോ നടപടിയുടെ പശ്ചാത്തലത്തിൽ നാല് അതിർത്തി സംസ്ഥാനങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം. ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മു-കശ്മീർ എന്നീ സംസ്ഥാന സർക്കാരുകളാണ് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയത്. വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഫോണിൽ സംസാരിച്ചിരുന്നു. പഞ്ചാബിൽ, പാക്ക് അതിർത്തിയിൽനിന്നു 10 കിലോമീറ്റർ പരിധിയിലെ ഗ്രാമവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പഞ്ചാബ് അതിർത്തി ജില്ലകളിലെ സ്‌കൂളുകൾക്കും അനിശ്ചിതകാലത്തേക്ക് അവധി നൽകി. ഗ്രാമീണരെ ഒഴിപ്പിക്കാൻ ബിഎസ്എഫിനു പഞ്ചാബ് പൊലീസിന്റെ സഹായം ലഭിക്കും. എന്നാൽ, അതിർത്തി ഗ്രാമങ്ങളിൽനിന്നു ജനങ്ങളുടെ പലായനം രാവിലെ തുടങ്ങിയെന്നാണു റിപ്പോർട്ട്. പഞ്ചാബ് രാജ്യാന്തര അതിർത്തിയിലെ ഗുരുദ്വാരകൾ, പൊലീസ് കൺട്രോൾ റൂം (പിസിആർ) വാഹനങ്ങൾ എന്നിവ ബന്ധുക്കളുടെ വീടുകളിലേക്കു മാറി താമസിക്കാൻ ഉച്ചഭാഷിണി അറിയിപ്പു നൽകുന്നുണ്ട്. ഗുജറാത്തിൽ ആഴക്കടൽ മൽസ്യബന്ധനവും വിലക്കി.

അതേസമയം ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കർ അമേരിക്ക, ബ്രിട്ടൻ, ചൈന, ഫ്രാൻസ്, റഷ്യ തുടങ്ങി 22ഓളം രാജ്യങ്ങളുമായി നിലവിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു. പാക്കിസ്ഥാന് മേലുള്ള അന്താരാഷ്ട്ര സമ്മർദ്ദം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നവംബറിൽ ഇസ്ലാമാബാദിൽ നടക്കുന്ന സാർക്ക് ഉച്ചകോടിയിൽ നിന്ന് ഇന്ത്യ നേരത്തെ പിന്മാറിയിരുന്നു. ഇതിനിടെ പാക്അധിനിവേശ കശ്മീരിലെ ഇന്ത്യൻ സൈനികനടപടിയെ പിന്തുണച്ച് ബംഗ്ലാദേശ് രംഗത്തെത്തി. ഇന്ത്യയുടെ പരമാധികാരത്തിനും സുരക്ഷയ്ക്കും നേരെ ഉയരുന്ന ഏത് ആക്രമണത്തിനും തിരിച്ചടി നൽകുവാൻ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്ന് ബംഗ്ലാദേശ് പ്രതികരിച്ചു.കശ്മീർ ഇരുരാജ്യങ്ങൾക്ക് ഇടയിലുള്ള പ്രശ്‌നമാണെന്നും എന്നാൽ ഒരു രാജ്യം തുടർച്ചയായി മറ്റേ രാജ്യത്തെ ലക്ഷ്യമിട്ട് പ്രവർത്തിക്കുമ്പോൾ സ്വന്തം പരമാധികാരവും സുരക്ഷയും ഉറപ്പ് വരുത്തുവാനായി പ്രത്യോക്രമണം നടത്തുവാൻ ഏതൊരു രാജ്യത്തിനും അവകാശമുണ്ടെന്നാണ് ബംഗ്ലാദേശ് വക്താവ് പറഞ്ഞു.