വാഷിങ്ടൺ: ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്തു പാക്കിസ്ഥാനിലെ ആണവകേന്ദ്രങ്ങൾ ആക്രമിക്കാൻ ഇന്ത്യ പദ്ധതിയിട്ടിരുന്നതായി അമേരിക്കൻ ചാര സംഘടനയായ സിഐഎയുടെ റിപ്പോർട്ട്. പാക്കിസ്ഥാന്റെ ആണവപുരോഗതിയിൽ ഇന്ത്യക്ക് ആശങ്കയുണ്ടായിരുന്നെന്നും അതിനാലാണ് ഇന്ത്യ ഇത്തരമൊരു പദ്ധതി ആസൂത്രണം ചെയ്തതെന്നും സിഐഎ പറയുന്നു.

പാക്കിസ്ഥാൻ ആണവായുധങ്ങൾ നിർമ്മിക്കുന്നത് തടയാനായിരുന്നു ഇന്ത്യ സൈനിക ഓപ്പറേഷൻ നടത്താൻ പദ്ധതിയിട്ടത്. പാക്കിസ്ഥാന് എഫ് 16 എന്ന ശ്രേണിയിലെ യുദ്ധവിമാനങ്ങൾ യുഎസ് കൈമാറാൻ പദ്ധതിയിട്ടതിന് പിന്നാലെയാണ് ഇന്ത്യ ആക്രമണത്തിന് മുതിർന്നതെന്നും 1981 സെപ്റ്റംബർ എട്ടിനുള്ള സിഐഎ രേഖയിൽ വ്യക്തമാക്കുന്നുണ്ട്.

സിഐഎ രേഖ പാക്കിസ്ഥാനിലെ ആണവ പുരോഗതിയിൽ ഇന്ത്യയുടെ പ്രതികരണം എന്ന തലക്കെട്ടിലാണുള്ളത്. ഈ വർഷം ജൂണിലാണ് 12 പേജുള്ള രേഖ സിഐഎ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തത്.

ഇന്ദിരാഗാന്ധി പാക്കിസ്ഥാന്റെ ആണവപുരോഗതിയിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അത് തടയാനാണ് ആക്രമണത്തിന് പദ്ധതിയിട്ടത്. എന്നാൽ ഈ പദ്ധതിയുമായി ഇന്ദിര മുന്നോട്ട് പോയില്ല. അതേസമയം, ആക്രമണത്തിനായി വളരെ കൃത്യമായ പദ്ധതി ഇന്ദിര തയാറാക്കിയിരുന്നുവെന്നും രേഖയിൽ പറയുന്നു.

അണുവായുധങ്ങൾക്ക് ആവശ്യമുള്ള പ്ലൂട്ടോണിയവും യുറേനിയവും ഉൽപാദിപ്പിക്കുന്നതിൽ പാക്കിസ്ഥാൻ ഏറെ മുന്നിലായിരുന്നു. ഇത് ഇന്ത്യയുടെ ആണവ പരീക്ഷണങ്ങൾക്ക് വെല്ലുവിളിയാകുമെന്നായിരുന്നു ഇന്ദിരയുടെ വിലയിരുത്തൽ. 1981 ഫെബ്രുവരിയിൽ താർ മരുഭൂമിയിൽ വച്ച് 40 കിലോ ടണ്ണുള്ള ആണവ പരീക്ഷണത്തിന് ഇന്ത്യ ഒരുങ്ങിയെന്നും റിപ്പോർട്ടിൽ പറയുന്നു.