ന്യൂയോർക്ക്‌: സൗഹൃദ സമർപ്പണമായി ഇന്ത്യ പ്രസ്‌ക്ലബ്‌ ഓഫ്‌ നോർത്ത്‌ അമേരിക്കയുടെ മാദ്ധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. കെ.എം ഈപ്പൻ (കേരളാ എക്‌സ്‌പ്രസ്‌, ഷിക്കാഗോ), ഡോ. കൃഷ്‌ണ കിഷോർ (ഏഷ്യാനെറ്റ്‌, ന്യൂജേഴ്‌സി), മീനു എലിസബത്ത്‌ (കോളമിസ്‌റ്റ്‌, ഡാളസ്‌), സുധാ ജോസഫ്‌ (കൈരളി ടിവി, ഡാളസ്‌), ജോർജ്‌ തുമ്പയിൽ (ന്യൂജേഴ്‌സി), സുനിൽ ട്രൈസ്‌റ്റാർ (പ്രവാസി ചാനൽ, ന്യൂജേഴ്‌സി), പി.പി. ചെറിയാൻ (ഡാളസ്‌), ഏബ്രഹാം തോമസ്‌ (ഡാളസ്‌) എന്നിവരെയാണ്‌ ഷിക്കാഗോയിൽ ഈമാസം 19, 20, 21 തീയതികളിൽ നടക്കുന്ന കൺവൻഷനിൽ ആദരിക്കുകയെന്ന്‌ പ്രസിഡന്റ്‌ ടാജ്‌ മാത്യു, സെ ക്രട്ടറി വിൻസെന്റ്‌ ഇമ്മാനുവേൽ, കൺവൻഷൻ ചെയർ ജോസ്‌ കണിയാലി എന്നിവർ അറിയിച്ചു. പ്രസ്‌ക്ലബിന്റെ മാദ്ധ്യമരത്‌ന പുരസ്‌കാരം കൈരളി ടിവിയുടെ ജോൺ ബ്രിട്ടാസും കൺവൻഷനിൽ ഏറ്റുവാങ്ങും.

മാദ്ധ്യമരംഗവും ജീവകാരുണ്യ പ്രവർത്തനങ്ങളും ഒന്നിച്ചു കൊണ്ടുപോകുന്ന അപൂർവ വ്യക്തിത്വമായ കേരളാ എക്‌സ്‌പ്രസ്‌ മുഖ്യ പത്രാധിപരായ കെ.എം. ഈപ്പനെ ലൈഫ്‌ ടൈം അച്ചീവ്‌മെന്റ്‌അവാർഡ്‌ നൽകിയാണ്‌ ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ ആദരിക്കുന്നത്‌. 1984 ൽ അ മേരിക്കയിലെത്തിയ അദ്ദേഹം സ്വന്തമായി പ്രസ്‌ ആരംഭിക്കുകയായിരുന്നു. തുടർന്ന്‌ 1992 ൽ കേരളാ എക്‌സ്‌പ്രസിന്‌ തുടക്കമിട്ടു. സാമൂഹിക മാദ്ധ്യമങ്ങളില്ലായിരുന്ന അക്കാലത്ത്‌ ജനങ്ങൾക്ക്‌ പരസ്‌പരം ബന്ധപ്പെടാനും നാട്ടിലെ വിവരങ്ങൾ അറിയാനും പത്രം അനിവാര്യമാണെന്നദ്ദേഹം കരുതി. അതിനു പുറമെ നാട്ടിൽ സഹായങ്ങൾ ആവശ്യമുള്ളവരുടെ വിവരങ്ങൾ ഇവിടെ സഹായിക്കാൻ കഴിയുന്നവരിലെത്തിക്കാനും അദ്ദേഹം പത്രം ഉപയോഗപ്പെടുത്തി. ബ്ലാക്‌ ആൻഡ്‌ വൈറ്റിൽ തുടങ്ങിയ കേരള എക്‌സ്‌പ്രസ്‌ ഏറെ വൈകാതെ കളറിലേക്ക്‌ മാറുകയും കേരളത്തിലെ പ്രസിദ്ധീകരണങ്ങളോട്‌ കിടപിടിക്കാവുന്ന മികവ്‌ നേടുകയും ചെയ്‌തു.

മൂല്യവത്തും ജനസേവനത്തിനുതകുന്നതുമായ പത്രപ്രവർത്തനം ലക്ഷ്യമിടുന്ന ഈപ്പൻ അമേരിക്കൻ മലയാളി മാദ്ധ്യമരംഗത്തെ കാരണവരായി എക്കാലവും ആദരിക്കപ്പെടും.

വിവിധ കർമ്മരംഗങ്ങളിൽ ഒരേ സമയം വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിയുന്ന അപൂർവം ചിലരിലൊരാളാണ്‌ ഏഷ്യാനെറ്റ്‌ ന്യൂസിന്റെ അമേരിക്ക ബ്യൂറോ ചീഫും ഏക സ്‌പെഷൽ കറസ്‌പോണ്ടന്റുമായ ഡോ. കൃഷ്‌ണ കിഷോർ. 27 വർഷത്തെ മാദ്ധ്യമ പ്രവർത്തന പരിച യമുള്ള അദ്ദേഹം ആകാശവാണിയിൽ വാർത്താ അവതാരകനായാണ്‌ തുടക്കമിട്ടത്‌. ഡോ. കൃഷ്‌ണ ഏഷ്യാനെറ്റിൽ അവതരിപ്പിക്കുന്ന യു.എസ്‌ വീക്ക്‌ലി റൗണ്ട്‌അപ്പ്‌ 625 എപ്പിസോഡുകൾ പിന്നിട്ടു. ഒബാമയുടെ സ്ഥാനാരോഹണം മുതൽ പ്രധാനമന്ത്രി മോദിയുടെ സന്ദ ർശനം വരെയുള്ള റിപ്പോർട്ടുകളും അപഗ്രഥനങ്ങളും തത്സമയം അദ്ദേഹം പ്രേക്ഷകരിലെത്തിക്കുന്നു.

മാതൃഭൂമി പത്രത്തിന്റെ കോളമിസ്റ്റ്‌ കൂടിയാണ്‌. ഇല്ലിനോയി യൂണിവേഴ്‌സിറ്റിയിൽ നിന്ന്‌ കമ്മ്യൂണിക്കേഷനിൽ മാസ്‌റ്റേഴ്‌സും, പെൻ സ്‌റ്റേറ്റ്‌ യൂണിവേഴ്‌സിറ്റിയിൽ നിന്ന്‌ പി.എച്ച്‌. ഡിയും നേടിയ ഡോ. കിഷോർ അമേരിക്കൻ സർക്കാരിന്റെ ഔട്ട്‌ സ്റ്റാൻഡിങ്‌ റിസർച്ചർ ബഹുമതിയും നേടി.

ലോകത്തിലെ ഏറ്റവും വലിയ കൺസൾട്ടിങ്‌ സ്ഥാപനം ഡിലോയിറ്റ്‌ ആൻഡ്‌ ടൂഷിന്റെ ടെലികമ്മ്യൂണിക്കേഷൻ മീഡിയ ആൻഡ്‌ ടെക്‌നോളജി റിസർച്ച്‌ ആൻഡ്‌ നോളജ്‌ മാനേജ്‌മെന്റ്‌ വിഭാഗം മേധാവിയായിരിക്കെയാണ്‌ ഡോ. കൃഷ്‌ണ കിഷോർ മാദ്ധ്യമ രംഗത്ത്‌ വലിയ സംഭാവനകളർപ്പിക്കുന്നത്‌്‌ എന്നതും ശ്രദ്ധേയമാണ്‌.

മൂന്നു പതിറ്റാണ്ടായി അമേരിക്കയിലാണെങ്കെിലും ശുദ്ധ മലയാളത്തിൽ വർഷങ്ങളായി മലയാളം പത്രത്തിൽ കോളങ്ങൾ എഴുതുന്ന മീനു എലിസബത്ത്‌ കഥാകാരിയും കവയിത്രിയും കൂടിയാണ്‌. അമേരിക്കയിലെ ഏറെ വായിക്കപ്പെടുന്ന കോളങ്ങൾ അമേരിക്കൻ ജീവി തത്തെയും ഇന്ത്യയിലെ ഓർമ്മകളെയും കൂട്ടിച്ചേർത്ത്‌ വായനക്കാരെ പുതിയ കാഴ്‌ചപ്പാടുകളിലേക്ക്‌ നയിക്കുന്നവയാണ്‌. സാഹിത്യ, മാദ്ധ്യമ രംഗങ്ങളിൽ വലിയ പ്രതീക്ഷകളുണർത്തുന്ന മീനു എലിസബത്ത്‌ ഡാളസിൽ താമസിക്കുന്നു.

കൈരളി ടിവിയിൽ 550 ൽപ്പരം എപ്പിസോഡുകൾ പൂർത്തിയാക്കിയ യു.എസ്‌.എ വീക്ക്‌ലി പ്രോഗ്രാമിൽ വാർത്ത വായിക്കുന്നത്‌ സുധാ ജോസഫാണ്‌. അവതരണ മേന്മ കൊണ്ടും ഭാഷാ മികവു കൊണ്ടും അവർ വാർത്തകൾ വായിക്കുന്നത്‌ ശ്രോതാക്കളെ ഹഠാദാകർഷിക്കുന്നു.

ഡാളസിൽ സൺഡാൻസ്‌്‌ റിഹാബിന്റെ മുൻ ഡയറക്‌ടറും ഇപ്പോൾ റിഹാബ്‌ രംഗത്തെ അഡ്‌മിനിസ്‌ട്രേറ്ററുമായ സുധാ ജോസഫ്‌ മാദ്ധ്യമ രംഗത്ത്‌ പ്രത്യേക പരിശീലനമൊന്നും നേടാതെ തന്നെയാണ്‌ ഈ നേട്ടങ്ങൾ കൈവരിക്കുന്നതെന്നും ശ്രദ്ധേയമാണ്‌.

ഗ്രന്ഥകാരനും പത്രപ്രവർത്തകനുമായ ജോർജ്‌ തുമ്പയിൽ ദൃശ്യമാദ്ധ്യമ രംഗത്തും പ്രിന്റ,്‌ഓൺലൈൻ മീഡിയയിലും വ്യക്തിമുദ്ര പതിപ്പിച്ചു. എഴുത്തിനെയും മാദ്ധ്യമ പ്രവർത്തനത്തെയും ഇത്രയും സ്‌നേഹത്തോടെയും നിസ്വാർത്ഥമായും അഭിമുഖീകരിക്കുന്ന മറ്റൊരു വ്യക്തി അമേരിക്കൻ മലയാളികൾക്കിടിയിലില്ലെന്ന്‌ അദ്ദേഹത്തെ അടുത്തയിടക്ക്‌ ആദരിച്ച നാമം, മഞ്ച്‌ എന്നീ സംഘടനകൾ ബഹുമതിപത്രത്തിൽ ചൂണ്ടിക്കാട്ടിയത്‌ അക്ഷരംപ്രതി ശരിയാണ്‌.

അരഡസൻ പുസ്‌തകങ്ങൾ രചിച്ച അദ്ദേഹം മലയാളം പത്രത്തിൽ എഴുതിയിരുന്ന ?കൊച്ചാപ്പി' അമേരിക്കൻ ജീവിതത്തെ യഥാതഥമായും അതുപോലെ പരിഹസിച്ചും ചിത്രീകരിച്ച്‌ വായനക്കാരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‌തു. മീഡിയ കൺസൾട്ടന്റ്‌, മലയാള പത്രം കറസ്‌പോണ്ടന്റ്‌, ഇമലയാളി ഡോട്ട്‌കോം സീനിയർ എഡിറ്റർ തുടങ്ങിയ നിലകളിലും പ്രവർത്തിക്കുന്നു.

കലാരംഗത്തും ദൃശ്യമാദ്ധ്യമ രംഗത്തും വലിയ സംഭാവനകളർപ്പിച്ച സുനിൽ ട്രൈസ്റ്റാർ (സാമുവൽ ഈശോ) അമേരിക്കയിൽ ഏഷ്യാനെറ്റ്‌ വേരുറപ്പിച്ചതിനു പിന്നിൽ പ്രവർത്തിച്ച പ്രധാന വ്യക്തികളിലൊരാളാണ്‌. അമേരിക്കൻ മലയാളിയുടെ ജീവിതം ഏഷ്യാനെറ്റിലൂടെ ലോകമെങ്ങുമുള്ള മലയാളികൾക്ക്‌ തുറന്നു കാട്ടിയ പരിപാടികൾക്ക്‌ ചുക്കാൻ പിടിച്ച സുനിൽ ഒരു ദശാബ്ദത്തിനുശേഷം പ്രവാസി ചാനലിനു തുടക്കം കുറിച്ചു. ഇന്ത്യക്കു പുറത്തുനിന്ന്‌ മലയാളികൾ പ്രക്ഷേപണം ചെയ്യുന്ന ആദ്യത്തെ 24 മണിക്കൂർ ചാനലാണിത്‌. മീഡിയ കൺസൾട്ടന്റായും സാങ്കേതിക വിദഗ്‌ധനായും വ്യത്യസ്‌ത മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച സുനിൽ ട്രൈസ്റ്റാർ ഇമലയാളി ഡോട്ട്‌കോമിന്റെ സാരഥികളിലൊരാളുമാണ്‌.

അമേരിക്കയിലെ മാദ്ധ്യമ പ്രവർത്തനം വാർത്തകളിലും അസോസിയേഷൻ വാർത്തകളിലും ഒതുങ്ങി നിന്നപ്പോൾ മുഖ്യധാരാ അമേരിക്കൻ ജീവിതത്തെ മലയാളികൾക്കായി റിപ്പോർട്ട്‌ ചെയ്‌താണ്‌ പി.പി. ചെറിയാൻ ശ്രദ്ധേയനായത്‌. മലയാളി സമൂഹം ഒറ്റപ്പെട്ട തുരുത്തായി മാറുന്ന സാഹചര്യമാണ്‌ ചെറിയാന്റെ തൂലികയിലൂടെ ഇല്ലാതായത്‌. ഇന്നിപ്പോൾ അമേരിക്കൻ രാഷ്ട്രീയ സാമൂഹിക രംഗത്ത്‌ നടക്കുന്ന മാറ്റങ്ങളും മറ്റ്‌ ഇന്ത്യൻ സമൂഹങ്ങളിൽ നടക്കുന്ന കാര്യങ്ങളുമൊക്കെ എളുപ്പത്തിൽ വായിച്ചു പോകാവുന്ന റിപ്പോർട്ടുകളായി ചെറിയാൻ അവതരിപ്പിക്കുന്നു. വ്യത്യസ്‌ത വിഷയങ്ങളെപ്പറ്റിയുള്ള കോളങ്ങളും അദ്ദേഹംഎഴുതുന്നു.

മൂന്നു പതിറ്റാണ്ടിലേറെയായി മാദ്ധ്യമ, സാഹിത്യ രംഗത്ത്‌ പ്രവർത്തിക്കുന്ന ഏബ്രഹാം തോമസ്‌ വ്യത്യസ്‌ത വിഷയങ്ങളിൽ ആഴത്തിലുള്ള റിപ്പോർട്ടുകളും ലേഖനങ്ങളും സംഭാ വന ചെയ്യുന്നു. ഹോളിവുഡ്‌, ബോളിവുഡ്‌ സിനിമാ രംഗത്തെപ്പറ്റി ആധികാരികമായി എ ഴുതുന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയ, ധനകാര്യ റിപ്പോർട്ടുകളും കോളങ്ങളും സ്ഥിരമായി മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നു.

ഷിക്കാഗോ വിൻഡം ഹോട്ടലിൽ വച്ച്‌ നടക്കുന്ന ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ ആറാമത്‌ സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. കേരളത്തിലെ മാ ധ്യമ രംഗത്തെ പ്രമുഖർ ആഴത്തിലുള്ള ചർച്ചകൾക്കും സെമിനാറുകൾക്കും നേതൃത്വം ന ൽകും.