എഡിസൺ, ന്യൂജേഴ്സി: മതങ്ങളും സംഘടനകളുമായി വിഘടിച്ചു നിൽക്കുന്ന മലയാളി സമൂഹത്തെ പൊതുവായ കാര്യങ്ങളിലെങ്കിലും ഒരേ വേദിയിൽ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐ.പി.സി.എൻ.എ) തുടക്കംകുറിച്ച ഒത്തുകൂടൽ ദീപ്തമായ അനുഭവമായി. ഫൊക്കാന, ഫോമ, വേൾഡ് മലയാളി കൗൺസിൽ എന്നിവയുൾപ്പടെ വിവിധ സംഘടനാ പ്രതിനിധികളേയും, മുഖ്യധാരയിൽ ശ്രദ്ധേയരായ നിയുക്ത സെനറ്റർ കെവിൻ തോമസ്, ന്യൂജഴ്സി ഗവർണറുടെ ഇക്കണോമിക്സ് അഫയേഴ്സ് കമ്മിറ്റി വൈസ് പ്രസിഡന്റ് വെസ്ലി മാത്യൂസ്, റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ ഡോ. ആനി പോൾ, അഫ്ഗാനിലും മറ്റും യുദ്ധമുഖത്ത് സേവനം അനുഷ്ഠിച്ച മേജർ ജോഫിയൽ ഫിലിപ്പ്സ്, സി.എൻ.എൻ പ്രൊഡ്യൂസർ സോവി ആഴാത്ത്, സി.ബി.എസ് വനിതാ അവതാരക ഷീന സാമുവൽ തുടങ്ങിയവരും പങ്കെടുത്ത സമ്മേളനം ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിന്റെ ആവശ്യകത അടിവരയിട്ട് വ്യക്തമാക്കി.

പുത്രന്റെ ഘാതകന് ജൂറി തീരുമാനം മറികടന്ന് മോചനം നൽകിയ ജഡ്ജിയുടെ ഉത്തരവിനെതിരെ പോരാട്ടം തുടരുന്ന ലവ്ലി വർഗീസ് പകർന്നു നൽകിയ മെഴുകുതിരി ദീപം സദസ്യരെല്ലാം തെളിയിച്ചത് ഐക്യത്തിന്റെ പ്രകാശമായി. നിലവിളക്ക് കൊളുത്തി സമ്മേളനം തുടങ്ങുക എന്ന പതിവ് പരിപാടിക്ക് പകരം എല്ലാവരും ദീപം തെളിയിക്കുക എന്ന നവീന ആശയമാണ് പ്രസ് ക്ലബ് നാഷണൽ പ്രസിഡന്റ് മധു കൊട്ടാരക്കരയുടെ നേതൃത്വത്തിൽ ദീപ്തമായത്.

സംഘടനകളെ ഒന്നാക്കുകയൊന്നുമല്ല തങ്ങൾ ലക്ഷ്യമിടുന്നതെന്നു പ്രസ് ക്ലബ് ഭാരവാഹികൾ ചൂണ്ടിക്കാട്ടി. പകരം പൊതുവായ കാര്യത്തിൽ നാം ഒന്നിച്ചു പ്രവർത്തിക്കണമെന്ന് അഭ്യർത്ഥിക്കുക മാത്രമാണ്. ഇലക്ഷനു നിന്നപ്പോൾ കെവിൻ തോമസിനോ, കെ.പി. ജോർജിനോ അർഹമായ പിന്തുണ നൽകാൻ നമ്മുടെ സമൂഹം മുന്നോട്ടു വന്നില്ല. ഇനി അങ്ങനെ ഉണ്ടാവരുത്. നമ്മുടെ ആളുകൾ മത്സരിക്കുമ്പോൾ ജയസാധ്യത ഉണ്ടായാലും ഇല്ലെങ്കിലും നാം അവരുടെ പിന്നിൽ അണിനിരക്കണമെന്ന പാഠമാണ് നാം പഠിച്ചത്.

ആദ്യത്തെ ഒത്തുകൂടൽ കഴിഞ്ഞിട്ട് ഒരു വർഷത്തോളമായി. സംഘടനകൾ തമ്മിൽ പഴയ ശത്രുതാ മനോഭാവം ഇപ്പോഴില്ല. രാഷ്ട്രീയ തലഠിൽ നാം പല നേട്ടങ്ങൾ കൈ വരിച്ചു.കോൺഗ്രസ് അംഗം പ്രമീള ജയ്പാൽ അടക്കം പല മലയാളികളും ഇലക്ഷനിൽ വിജയം കണ്ടു. അതേസമയം പ്രവീൺ വർഗീസ് കേസിൽ ഉണ്ടായ തിരിച്ചടിയും ഹ്രുദയഭേദകമായി ഐക്യത്തിന്റെ ആവശ്യകതയാണ് ഇതൊക്കെ ചൂണ്ടിക്കാട്ടുന്നത്.

ഐക്യത്തിലൂടെയേ നമുക്ക് ശക്തിപ്പെടാനാകൂ എന്നു ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ട കെവിൻ തോമസും ചൂണ്ടിക്കാട്ടി. നാം കഠിനാധ്വാനികളാണ്. ഉന്നത വിദ്യാഭ്യാസവുമുണ്ട്. പക്ഷെ രാഷ്ട്രീയരംഗത്ത് നാം ആരുമല്ല. കുട്ടികളെ ഡോക്ടറും എൻജീനീയറുമാക്കാൻ നിർബന്ധിക്കുന്ന സ്ഥിതിയുണ്ടാകരുത്. തന്റേയും മാതാപിതാക്കൾ അതാണ് ആഗ്രഹിച്ചത്.

നമ്മുടെ സ്വാതന്ത്ര്യത്തിനു നാം അമേരിക്കയിലെ സിവിൽ റൈറ്റ്സ് പ്രസ്ഥാനത്തോട് കടപ്പെട്ടിരിക്കുന്നു. അതില്ലായിരുന്നെങ്കിൽ നമുക്ക് നല്ല വിദ്യാഭ്യാസം ലഭിക്കാനോ വീട് വാങ്ങാനോ ഒന്നും പറ്റില്ലായിരുന്നു. ഭിന്നിച്ച് നിന്നാൽ നമുക്ക് ഒന്നും ലഭിക്കില്ല. 2020ലെ തെരഞ്ഞെടുപ്പിൽ നാം നമ്മുടെ കരുത്ത് തെളിയിക്കണംസെനറ്റ്ര് കെവിൻ തോമസ് പറഞ്ഞു

പ്രസ് ക്ലബ്, ഫൊക്കാന, ഫോമ, വേൾഡ് മലയാളി കൗൺസിൽ എന്നിവയെല്ലാം ചേരുന്ന മലയാളി സഭയുടെ പേരിൽ സെനറ്റർ കെവിൻ തോമസിനു പ്രസ് ക്ലബ് നാഷണൽ ട്രഷറർ സണ്ണി പൗലോസ്, ഫിലാഡൽഫിയ ചാപ്റ്റർ പ്രസിഡന്റ് ജീമോൻ ജോർജ് എന്നിവർ ഫലകം നൽകി ആദരിച്ചു. ഒന്നിച്ചു നിൽക്കേണ്ടതിന്റെ പ്രധാന്യം റോക്ക്ലാൻഡ് ലെജിസ്ലേറ്റർ ഡോ. ആനി പോളും ചൂണ്ടിക്കാട്ടി. വേൾഡ് മലയാളി കൗൺസിൽ നേതാവ് പിന്റോ കണ്ണമ്പള്ളി അവർക്ക് ഫലകം നൽകി. ന്യൂജഴ്സിയിലുള്ള നിക്ഷേപ സാധ്യതകൾ വെസ്ലി മാത്യൂസ് വിവരിച്ചു. മലയാള സഭയുടെ ഉപഹാരം ഫോമാ ട്രഷറർ ഷിനു ജോസഫ് സമ്മാനിച്ചു.

അഫ്ഗാനിസ്ഥാനിൽ സേവനം അനുഷ്ഠിക്കുമ്പോൾ താൻ ഇന്ത്യയിൽ നിന്നാണെന്നും, ഇന്ത്യയിൽ എവിടെനിന്ന് എന്നുചോദിക്കുമ്പോൾ കേരളത്തിൽ നിന്ന് എന്നും അഭിമാനപൂർവ്വം പറയുമായിരുന്നുവെന്നു മേജർ ഫിലിപ്പ്സ് ചൂണ്ടിക്കാട്ടി. കേരളം കാട്ടുപ്രദേശമാണോ എന്നായിരിക്കും അടുത്ത ചോദ്യം. അപ്പോൾ ഗൂഗിളിൽ താൻ കേരളത്തെപ്പറ്റി കാണിക്കും. ഏറ്റവും സാക്ഷരതയുള്ള പുരോഗമന നിലപാടുകളുള്ള സ്ഥലമാണ് കേരളമെന്നു ചൂണ്ടിക്കാട്ടുന്നതിൽ താൻ അഭിമാനം കൊള്ളും. ലവ്ലി വർഗീസിനോടുള്ള ആദരവും മേജർ ഫിലിപ്പ്സ് പ്രകടിപ്പിച്ചു. മലയാള സഭയുടെ ആദരം പോൾ കറുകപ്പള്ളിൽ മേജർ ഫിലിപ്പ്സിനു സമ്മാനിച്ചു. സി.ബി.എസ് അവതാരക ഷീനാ സാമുവേലിനു ഫൊക്കാന ട്രഷറർ സുജ ജോസും, സി.എൻ.എൻ പ്രൊഡ്യൂസർ സോവി ആഴാത്തിനു ഡോ. കൃഷ്ണ കിഷോറും ഫലകങ്ങൾ സമ്മാനിച്ചു.

നീതി നിഷേധിക്കപ്പെട്ട ഒരമ്മയുടെ വേദന മുഴുവൻലവ്ലി വർഗീസ് പങ്കു വച്ചു . ഇന്ത്യയിൽ മാത്രമല്ല അഴിമതി ഇവിടെയുമുണ്ടെന്നു വ്യക്തമായി. പ്രവീണിന്റെ മരണം ശ്രദ്ധിക്കപ്പെടാതെ പോകുമായിരുന്നു. അതുണ്ടാകാതിരുന്നത് മലയാളി സമൂഹം പ്രത്യേകിച്ച് ഷിക്കാഗോ മലയാളികൾ തനിക്ക് നൽകിയ പിന്തുണ കൊണ്ടാണ്. പ്രതിക്ക് ശിക്ഷ കിട്ടുമെന്നു കരുതി കോടതിയിലെത്തിയ തങ്ങൾ കണ്ടത് അവിശ്വസനീയ കാഴ്ചകളാണ്. ജയിൽ ഡ്രസിൽ ചങ്ങലയ്ക്കിട്ട് കൊണ്ടുവരേണ്ട പ്രതി വന്നത് സാധാരണ വേഷത്തിൽ.

'അറിഞ്ഞുകൊണ്ട്' (നോവിങ്ലി) എന്നൊരു വാക്ക് കഴിഞ്ഞാണ് കോമ എന്നും, അത് ജൂറിയെ തെറ്റിധരിപ്പിച്ചിരിക്കാം എന്നും പറഞ്ഞ് ജഡ്ജി ജൂറിയുടെ തീരുമാനം റദ്ദാക്കി. പുതിയ വിചാരണ പ്രഖ്യാപിച്ചു. പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചു. അതിനെതിരേ പ്രോസിക്യൂഷൻ അപ്പീലിനു പോയി. എന്നാൽ അത് സ്റ്റേറ്റ് അറ്റോർണി ജനറൽ അംഗീകരിച്ചില്ല. അതിനാൽ കോടതി അപ്പീൽ പരിഗണിച്ചില്ല.

എന്തായാലും പ്രോസിക്യൂട്ടർ പുതിയ വിചാരണയ്ക്കായി നടപടി തുടരുന്നു. ജനുവരി 9നാണു അടുത്ത കോടതി നടപടി. ഭാഗ്യവശാൽ മീഡിയയുടെ പിന്തുണ ലഭിക്കുന്നുണ്ട്. പ്രവീണിനു ക്രിമിനൽ ജസ്റ്റീസ് പഠിക്കാനാണ് താത്പര്യമെന്നു പറഞ്ഞപ്പോൾ തനിക്ക് അതു ഷോക്കായിരുന്നു. എല്ലാവരേയും പോലെ ഡോക്ടറും, എൻജിനീയറും എന്നതായിരുന്നു തന്റേയും ലക്ഷ്യം.

ഇന്നിപ്പോൾ മനസിലാകുന്നത് നമ്മുടെ സമൂഹത്തിൽ വ്യത്യസ്ത ജോലികൾ ചെയ്യുന്നവർ വേണമെന്നാണ്. ഞാൻ ഒരു കുമിളയ്ക്കുള്ളിലാണ് കഴിഞ്ഞതെന്നു വ്യക്തമായി. പ്രവീണിന്റെ മരണം തന്നെ തട്ടിയുണർത്തി. താനൊരു പൊതുപ്രവർത്തകയൊന്നും അല്ല. പുത്രന്റെ മരണത്തോടെ തന്റെ ഭീതിയെല്ലാം ഇല്ലാതായി. തനിക്കെതിരേ ആരോപണങ്ങൾ ഉന്നയിക്കുന്നത് കാണാറുണ്ട്. ഓവർസെലസ് മദർ, വട്ടുകേസ് എന്നൊക്കെ വരെ. മക്കളുടെ കാര്യത്തിൽ താൻ ഓവർസെലസ് തന്നെ അവർ പറഞ്ഞു. മലയാള സഭയുടെ ആദരം മുൻ ഫോമ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ അവർക്ക് സമ്മാനിച്ചു.

ഫൊക്കാന പ്രസിഡന്റ് ബി. മാധവൻ നായർ, ഫോമ ജനറൽ സെക്രട്ടറി ജോസ് ഏബ്രഹാം, വേൾഡ് മലയാളി കൗൺസിൽ നേതാവ് സുധീർ നമ്പ്യാർ, പ്രസ് ക്ലബ് മുൻ പ്രസിഡന്റുമാരായ ജോർജ് ജോസഫ്,ടാജ് മാത്യു, പ്രളയ സമയത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച വിശാഖ് ചെറിയാൻ തുടങ്ങിയവർ സംസാരിച്ചു. പ്രസ്‌ക്ലബ് രൂപംകൊടുത്ത വാട്സ്ആപ് ഗ്രൂപ്പ് വഴി ആലുവ തുരുത്തിൽ കുടുങ്ങികിടന്ന 1500ൽപ്പരം പേരെ രക്ഷിച്ചത് വിശാഖ് ചെറിയാനാനെപ്പോലുള്ളവരുടെ പ്രവർത്തനം കൊണ്ടാണെന്നു മധു കൊട്ടാരക്കര ചൂണ്ടിക്കാട്ടി.

തുമ്പി അൻസൂദ്, ബോബി കുര്യാക്കോസ് എന്നിവരായിരുന്നു എംസിമാർ. ശബരീനാഥ് ഗാനങ്ങൾ ആലപിച്ചു. ഡൽസി നൈനാൻ ടീമിന്റെ ഗാനമേളയോടെ പരിപാടി സമാപിച്ചു. ഷാജി എഡ്വേർഡ്, പോൾ കറുകപ്പള്ളി, സുധീർ നമ്പ്യാർ എന്നിവരാണു മധു കൊട്ടാരക്കരക്കൊപ്പം സമ്മേളനത്തിനു ചുക്കാൻ പിടിച്ചത്.

ഫോട്ടോ: ഷിജോ പൗലോസ്